താലിബാന്‍ സര്‍ക്കാര്‍; യുഎന്‍ ഭീകരപ്പട്ടികയിലുള്ള മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദ് പ്രധാനമന്ത്രിയാകും

 
Taliban Govt

ഷെയ്ഖ് ഹിബാതുല്ല അഖുന്‍ദസാദ ആയിരിക്കും പരമോന്നത നേതാവ്


താലിബാന്‍ രണ്ടാംനിര നേതാവായ മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദ് അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിന്റെ തലപ്പത്തേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് താലിബാനില്‍ ഉള്‍പ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അത്രയധികം അറിയപ്പെടാത്ത മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 

20 വര്‍ഷമായി താലിബാന്റെ നേതൃത്വ കൗണ്‍സിലായ റെഹ്ബാരി ശൂരയുടെ അധ്യക്ഷനാണ് ഹസന്‍ അഖുന്‍ദ്. 2001ല്‍ യുഎസുമായുള്ള യുദ്ധം ആരംഭിക്കുന്നതിനു മുമ്പുള്ള, താലിബാന്‍ സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. താലിബാന്‍ ആത്മീയ നേതാവ് ഷെയ്ഖ് ഹിബാതുല്ല അഖുന്‍ദസാദയുമായി അടുത്തബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഹസന്‍ അഖുന്‍ദ്, സൈനിക നനേതാവ് എന്നതിനേക്കാള്‍ ആത്മീയ നേതാവ് എന്ന നിലയിലാണ് കൂടുതല്‍ അറിയപ്പെടുന്നത്. താലിബാന്‍ ഉത്ഭവിച്ച കാണ്ഡഹാറില്‍ നിന്നുള്ളയാളാണ് ഹസന്‍ അഖുന്‍ദ്. താലിബാന്റെ സായുധ സേനയുടെയും മുന്നേറ്റത്തിന്റെ സ്ഥാപകരില്‍ ഒരാളായും കരുതപ്പെടുന്നു. യുഎഎന്നിന്റെ ഭീകരരുടെ പട്ടികയിലും ഹസന്‍ അഖുന്‍ദയുടെ പേരുണ്ട്. 

വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള പോരാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്. മുല്ല അബ്ദുല്‍ ഗനി ബറാദറുടെ താലിബാന്‍ ദോഹ യൂണിറ്റ്, ഹഖാനി നെറ്റ്വര്‍ക്ക്, കാണ്ഡഹാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു താലിബാന്‍ യൂണിറ്റ് എന്നിവര്‍ തമ്മിലാണ് അധികാരത്തിനായുള്ള തര്‍ക്കം. ഭരണത്തലവനെ നിശ്ചയിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധിക്കിടെ, ഷെയ്ഖ് ഹിബാതുല്ല അഖുന്‍ദസാദയുമായുള്ള അടുപ്പം ഹസന്‍ അഖുന്‍ദയ്ക്ക് നേട്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷെയ്ഖ് ഹിബാതുല്ല അഖുന്‍ദസാദയായിരിക്കും പരമോന്നത നേതാവ്. മുല്ല ബറാദര്‍, മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബ് എന്നിവര്‍ ഉപപ്രധാനമന്ത്രിമാരായേക്കും. ഹഖാനി നെറ്റ്വര്‍ക്ക് തലവന്‍ സിറാജ് ഹഖാനിക്ക് ആഭ്യന്തര മന്ത്രാലയം ചുമതല ലഭിക്കും. കാബൂളില്‍, പാക് ചാരസംഘടനായ ഐഎസ്‌ഐയുടെ മേധാവി ഫായിസ് ഹമീദിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ ഫോര്‍മുല തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.