അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തി താലിബാന്‍; കാറുകള്‍ തട്ടിയെടുത്തു 

 
Taliban

വീടുകളിലും പരിശോധന

അഫ്ഗാനിസ്താനിലെ അടച്ചിട്ട ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ പരിശോധന നടത്തി താലിബാന്‍. പേപ്പറുകള്‍ പരതുകയും പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ തട്ടിയെടുക്കുകയും ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കാണ്ഡഹാറിലും ഹെരാതിലുമുള്ള കോണ്‍സുലേറ്റുകളിലാണ് താലിബാന്‍ അംഗങ്ങള്‍ ബുധനാഴ്ച പരിശോധന നടത്തിയത്. കാണ്ഡഹാറിലെ കോണ്‍സുലേറ്റിലെ കപ്പ്‌ബോര്‍ഡുകളില്‍ ഉള്‍പ്പെടെ പേപ്പറുകള്‍ക്കായി തിരച്ചില്‍ നടത്തി. രണ്ട് കോണ്‍സുലേറ്റുകളിലും പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ തട്ടിയെടുത്തു. അതേസമയം, ജലാലാബാദിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും കാബൂള്‍ എംബസിയിലും സമാന സംഭവങ്ങള്‍ ഉണ്ടായോ എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. 

നേരത്തെ, താലിബാന്‍ ആയുധധാരികള്‍ വീടുകള്‍ കയറിയിറങ്ങി പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാര്‍ ഇന്റലിജന്‍സ് ഏജന്‍സിയായ എന്‍ഡിഎസിനായി പ്രവര്‍ത്തിച്ചവരെയും അഫ്ഗാന്‍, നാറ്റോ, യുഎസ് സൈന്യങ്ങള്‍ക്കായി വിവരങ്ങള്‍ നല്‍കിയവരെയും കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു താലിബാന്റെ തിരച്ചില്‍.