താലിബാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു; മുഹമ്മദ് ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും

 
d

അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ച് താലിബാന്‍. മുല്ല മുഹമ്മദ് ഹസൻ അഖുൻദ്  പ്രധാനമന്ത്രിയാകും.  അധികാര തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പൊതുസമ്മതനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് മുല്ല മുഹമ്മദ് ഹസ്സന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് താലിബാന്‍ പരിഗണിച്ചത്. മുല്ല ബറാദര്‍ ഒന്നാം ഉപപ്രധാനമന്ത്രിയും മൗലവി ഹനാഫി രണ്ടാം ഉപപ്രധാനമന്ത്രിയുമാകും. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു..

യുഎന്‍ ഭീകര പട്ടികയിലുള്ള താലിബാന്‍ നേതാവാണ്  പ്രധാനമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ട ഹസൻ. ഇരുപത് വര്‍ഷമായി താലിബാന്‍ ഉന്നതാധികാര സഭയായ റെഹ്ബാരി ശുരയുടെ തലവനാണ്. അമേരിക്കന്‍ അധിനിവേശത്തിന് മുന്‍പത്തെ താലിബാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 

സൈനിക നേതാവ് എന്നതിലുപരി മത നേതാവ് എന്ന നിലയിലാണ് ഹസൻ അറിയപ്പെടുന്നത്. താലിബാന്റെ മതനേതാവ് ഷെയ്ഖ് ഹിബാതുള്ള അഖുന്‍സാദയുമായി അടുത്ത ബന്ധമുള്ള നേതാവുകൂടിയാണ് എന്നത് ഹസന്റെ പേരിലേക്ക് എത്താന്‍ കാരണമായി എന്നാണ് റിപ്പോര്‍ട്ട്.  

സർക്കാരില്‍ സിറാജുദ്ദീൻ ഹഖാനി ആക്ടിങ് ആഭ്യന്തര മന്ത്രിയാകും, മുല്ല യാക്കൂബാണ് ആക്ടിങ് പ്രതിരോധ മന്ത്രി.  അമീര്‍ മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്. സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാനില്‍ ഉള്‍പ്പോര് രൂക്ഷമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഫ്ഗാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തില്‍ അവശേഷിച്ചിരുന്ന ഒരെയൊരു മേഖലയായ പഞ്ച്ശീര്‍ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുത്തതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.