പഞ്ച്ശീര്‍ കീഴടക്കിയെന്ന് താലിബാന്റെ അവകാശവാദം;  സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് റിപോര്‍ട്ട്

 
taliban

അഫ്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയായ പഞ്ച്ശീര്‍ താഴ്വരയും കീഴടക്കിയതോടെ താലിബാന്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന് റിപോര്‍ട്ട്. പഞ്ച്ശീര്‍ കീഴടക്കിയെന്നും അഫ്ഗാന്‍ മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിലായെന്നും താലിബാന്‍ അറിയിച്ചു. താലിബാന്‍ സ്ഥാപകനേതാവായ മുല്ലാ ബറാദറിന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപോര്‍ട്ട്. 

മുതിര്‍ന്ന താലിബാന്‍ സഹസ്ഥാപകന്‍ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ്, ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് എന്നിവര്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുമെന്നും താലിബാന്റെ പരമോന്നത മതനേതാവായ ഹൈബത്തുല്ല അഖുന്‍സാദ മതപരമായ കാര്യങ്ങളിലും ഇസ്ലാമിന്റെ ചട്ടക്കൂടിനുള്ളില്‍ ഭരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെമന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു. 

സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഏറ്റവും പ്രധാന സഖ്യകക്ഷി ചൈനയായിരിക്കുമെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് വ്യക്തമാക്കി. അഫ്ഗാനില്‍ വന്‍ നിക്ഷേപത്തിനും പുനര്‍നിര്‍മാണ പദ്ധതികള്‍ക്കും ചൈന സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയും പ്രധാന സഖ്യകക്ഷിയാണെന്ന് താലിബാന്‍ പറഞ്ഞു. അഫ്ഗാന്‍ ജനതയ്ക്കു സഹായമെത്തിക്കുന്നതിനായി താലിബാനുമായി സഹകരിക്കുമെന്നും എന്നാല്‍ സര്‍ക്കാരിന് അംഗീകാരം നല്‍കി എന്നല്ല ഇതിനര്‍ഥമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ജോസഫ് ബോറല്‍ അറിയിച്ചു. സമാനമായ സഹകരണം ബ്രിട്ടനും വാഗ്ദാനം ചെയ്തു.

അതേസമയം, പഞ്ച്ശീര്‍ പിടിച്ചെടുത്തെന്ന താലിബാന്റെ അവകാശവാദം അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലെ തള്ളി. പ്രവിശ്യയിലേക്കുള്ള അവശ്യവസ്തുക്കള്‍ തടയുകയാണെന്നും ഇക്കാര്യത്തില്‍ യു.എന്‍ ഇടപെടണമെന്നും സാലെ ട്വീറ്റ് ചെയ്തു. അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണചര്‍ച്ചകള്‍ തുടരുന്നതിനിടെ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും വടക്കന്‍ സഖ്യവുമായുള്ള പോരാട്ടം തുടരുകയാണെന്നും റിപോര്‍ട്ടുണ്ട്. പ്രവിശ്യയിലേക്കുള്ള വഴികളെല്ലാം താലിബാന്‍ നിയന്ത്രണത്തിലാണ്. നിരവധിപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.