'അഫ്‌ഗാനെ ഒറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം'; ലോകരാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി താലിബാന്‍ 

 
taliban

യുഎസ്, യൂറോപ്യന്‍ യൂണിയന്‍, യുകെ, കാനഡ എന്നി രാജ്യങ്ങളിലെ അംബാസഡര്‍മാരുമായും നയതന്ത്ര ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയതായി താലിബാന്‍.  ദോഹയില്‍ മറ്റ് ചില രാജ്യങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ ആ രാജ്യത്ത് വികസന പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതിന്റെ ആവശ്യകത അറിയിച്ചതായും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

'ഇന്ന് ഞാന്‍ യൂറോപ്യന്‍ യൂണിയന്‍, നോര്‍വേ, സ്വീഡന്‍, നെതര്‍ലാന്റ്‌സ്, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, യുകെ, യുഎസ്എ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. അഫ്ഗാന്‍ പ്രസിഡന്റ് മൗലവി മതിയുല്‍ ഹഖ് പ്രതിസംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു ''ഷഹീന്‍ ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തിയത് തെറ്റായ നയമാണെന്ന്  തെളിഞ്ഞതായും ആരും ഇത് ആവശ്യപ്പെടുന്നില്ലെന്നും സുഹൈല്‍ ഷഹീന്‍ ട്വീറ്റില്‍ പറഞ്ഞു. രാജ്യത്ത് വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയാണ്,  അപൂര്‍ണ്ണമായ എല്ലാ പുനരധിവാസ പദ്ധതികളും അഫ്ഗാനിസ്ഥാനില്‍ ആരംഭിക്കണം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ നടന്ന കൂടിക്കാഴ്ചയുടെ ഫോട്ടോഗ്രാഫുകളും ഷഹീന്‍ പങ്കുവെക്കുകയും അഫ്ഗാനിസ്ഥാനായി മാനുഷിക സഹായങ്ങള്‍ തുടരാനുള്ള തങ്ങളുടെ പ്രതിബദ്ധതയും രാജ്യങ്ങള്‍ അറിയിച്ചയായും ഷഹീന്‍ വ്യക്തമാക്കി

ശൈത്യകാലം ആരംഭിക്കുന്നതിന് മുമ്പ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന് (ഐഇഎ) അടിയന്തിരമായി മാനുഷിക സഹായം ആവശ്യമാണെന്ന് വക്താവ് അറിയിച്ചതായി സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്ര സമൂഹവുമായി ഇടപഴകാന്‍ താലിബാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുമ്പോഴും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന് അംഗീകാരം നല്‍കുന്നതില്‍ നിന്ന് ലോകരാജ്യങ്ങള്‍ മുന്നിട്ടിറങ്ങിയിട്ടില്ല. ആഗസ്ത് 15 ന് അധികാരത്തില്‍ വന്ന രാജ്യത്ത് താലിബാനെ അവരുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമെന്നാണ് ആഗോള ശക്തികള്‍ വ്യക്തമാക്കിയത്. താലിബാന്‍ മുന്നേറ്റത്തിനെതിരെ പോരാടിയ അവസാന പ്രവിശ്യയായ പഞ്ച്ഷിര്‍ സെപ്റ്റംബര്‍ 6 നാണ് കീഴടങ്ങിയത്. 2001 മുതല്‍ യുഎന്‍ ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഹസന്‍ അഖുന്ദിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് താലിബാന്‍ പ്രഖ്യാപിച്ചത്.

മോസ്‌കോയില്‍ നടക്കുന്ന അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്ക് താലിബാനെ ക്ഷണിക്കാന്‍ റഷ്യ

അതേസമയം ഒക്ടോബര്‍ 20 ന് മോസ്‌കോയില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്ക് റഷ്യ താലിബാനെ ക്ഷണിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ ക്രെംലിന്‍ പ്രതിനിധി സമീര്‍ കബുലോവ് അറിയിച്ചു. ചൈന, ഇന്ത്യ, ഇറാന്‍, പാക്കിസ്ഥാന്‍ എന്നിവരുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് താലിബാന്‍ പ്രതിനിധികളെ ക്ഷണിക്കുമോ എന്ന റഷ്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് കബുലോവ് പ്രതികരിച്ചത്. 

ഒക്ടോബര്‍ 12 ന് അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കുശേഷം ചര്‍ച്ചകള്‍ തുടരും, ഇത് അഫ്ഗാനിസ്ഥാന്‍ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് ശേഷമുള്ള മനുഷ്യവകാശ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ സഹായിച്ചേക്കുമെന്നും താലിബാന് പിന്തുണ നല്‍കി അഫ്ഗാന് കൂടുതല്‍ സഹായം എത്തിക്കുന്ന കാര്യത്തില്‍ റഷ്യ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.