പഞ്ച്ശീര്‍ പിടിച്ചടക്കിയതായി താലിബാന്‍; ഏറ്റുമുട്ടലില്‍ പ്രതിരോധ സേനാ വക്താവ് കൊല്ലപ്പെട്ടു  

 
Taliban Panjshir

ഞായറാഴ്ച നടന്ന വെടിവെപ്പിലാണ് ഫഹിം ദഷ്ടി കൊല്ലപ്പെട്ടത്

അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പഞ്ച്ശീര്‍ താഴ്‌വര പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. ഈ വിജയത്തോടെ, രാജ്യം യുദ്ധക്കെടുതിയില്‍നിന്ന് പൂര്‍ണമായും മോചിതമായതായി മുഖ്യ വക്താവ് സബിഹുല്ല മുജാഹിദിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിനു മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

താലിബാന്റെ അവകാശവാദങ്ങളോട് പ്രതിരോധ സേന പ്രതികരിച്ചിട്ടില്ല. അതേസമയം, ഞായറാഴ്ച നടന്ന വെടിവെപ്പില്‍ വക്താവ് ഫഹിം ദഷ്ടി കൊല്ലപ്പെട്ടതായി പ്രതിരോധ സേനാ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രിയോടെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാന്‍ ആക്രമണം ശക്തമാക്കിയിരുന്നു. 

പഞ്ച്ശീറില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പോരാട്ടം എത്രയും വേഗം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ തുടരാനും സന്നദ്ധരാണെന്ന് പ്രതിരോധ സേന അറിയിച്ചിരുന്നു. ശാശ്വതമായ സമാധാനത്തിലേക്ക് എത്തുവാന്‍, പോരാട്ടം നിര്‍ത്തിവെക്കാന്‍ പ്രതിരോധ സേന തയ്യാറാണ്. താലിബാനും തങ്ങളുടെ ആക്രമണം നിര്‍ത്തി, സൈനിക മുന്നേറ്റം അവസാനിപ്പിക്കുകയും വേണം എന്നായിരുന്നു അഹ്‌മദ് മസൂദ് ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയത്. പഞ്ച്ശീറില്‍ തുടരുന്ന പോരാട്ടം അവസാനിപ്പിക്കണമെന്ന് മതനേതാക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു സേനയുടെ പ്രതികരണം. എന്നാല്‍, താലിബാന്‍ ആവശ്യത്തോട് പ്രതികരിച്ചിരുന്നില്ല.