സര്‍ക്കാര്‍ ജോലിക്ക് സ്ത്രീകളില്ല; മാധ്യമപ്രവര്‍ത്തകര്‍ ജോലി ഉപേക്ഷിക്കുന്നു, അഫ്ഗാനില്‍ പ്രതിഷേധം

 
afghan

അഫ്ഗാനില്‍ മുന്‍ഭരണത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതായിരിക്കും പുതിയ  ഭരണകൂടമെന്നായിരുന്നു താലിബാന്‍ ഭരണം പിടിച്ചെടുത്ത ശേഷം പറഞ്ഞത്. എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഉള്‍പ്പെടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നാണ് നിരന്തരം പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ പറയുന്നത്. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കുന്നത് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആ റിക്രൂട്ട്മെന്റുകളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കിയതായാണ് താലിബാന്‍ അറിയിച്ചത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ അഡ്മിനിസ്‌ട്രേറ്റീവ് റിഫോം കമ്മീഷന്‍ സിവില്‍ സര്‍വീസ് റിക്രൂട്ട്മെന്റ് പ്രക്രിയ പുനരാരംഭിക്കുന്നതിന് ഒരു പുതിയ നയത്തില്‍ പ്രവര്‍ത്തിക്കുന്നതായി പ്രഖ്യാപിച്ചതായി ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read : 200 കോടി ജനങ്ങള്‍ക്ക് ഭീഷണി, തീരമുള്ള മഹാനഗരങ്ങള്‍ മുങ്ങും; 2050 ല്‍ ജീവിതം ദുസ്സഹമാകും

തിങ്കളാഴ്ച കാബൂളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കമ്മീഷന്‍ ഉദ്യോഗസ്ഥര്‍, ഭരണ പരിഷ്‌കാരങ്ങളുടെ ശൃംഖല വീണ്ടും സജീവമാക്കുമെന്നും തുറന്ന മത്സരത്തിലൂടെ സിവില്‍ സര്‍വീസുകാരെ റിക്രൂട്ട് ചെയ്യുമെന്നും പറഞ്ഞു. 'സര്‍ക്കാര്‍ ഭരണത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ഭരണസംവിധാനങ്ങളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക,' കമ്മീഷന്‍ മേധാവി കിരാമത്തുള്ള അഖുന്ദ്‌സാദ പറഞ്ഞു. അതേസമയം  വനിതാ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അതിന് സമയമെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

രാജ്യത്ത് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ  വിദ്യാഭ്യാസം, ജോലി, ദീര്‍ഘദൂര യാത്ര നിരോധിക്കുന്നത് ഉള്‍പ്പെടെ നിരവധി അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിക്കുന്നതായും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ സാധാരണമായിരിക്കുകയാണ്. നേരത്തെ, ചെറിയ ദൂരപരിധിക്കപ്പുറം യാത്ര ചെയ്യുന്ന സ്ത്രീകളെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത പക്ഷം യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും താലിബാന്‍ സര്‍ക്കാരിലെ 'മിനിസ്ട്രി ഫോര്‍ ദ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്' ഉത്തരവിട്ടിരുന്നു. വാഹനങ്ങളില്‍ സംഗീതം കേള്‍ക്കുന്നത് വിലക്കുന്നതും, ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ കയറി യാത്ര ചെയ്യാന്‍ അനുവദിച്ചാല്‍ മതിയെന്നും വാഹന ഉടമകളോട് താലിബാന്‍ ഉത്തരവിട്ടിട്ടുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ടി.വിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സ്ത്രീകള്‍ അഭിനയിക്കുന്ന സീരിസുകളും മറ്റ് പരിപാടികളും അഫ്ഗാനിലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്നും താലിബാന്‍ പറഞ്ഞിരുന്നു.

സ്ത്രീകളോടും മനുഷ്യാവകാശങ്ങളോടും ഉള്ള ബഹുമാനം, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സ്ഥാപിക്കുക, അഫ്ഗാനിസ്ഥാനെ ഭീകരതയുടെ സുരക്ഷിത താവളമാക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവയാണ് അന്താരാഷ്ട്ര സമൂഹം താലിബാന് അംഗീകാരം നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍.

Also Read :വിശ്വാസ്യത നഷ്ടപ്പെട്ട 'രക്ത പരിശോധന'; എലിസബത്ത് ഹോംസ് എന്ന ശതകോടീശ്വരിയുടെ പതനം

അതേസമയം തലസ്ഥാനമായ കാബൂളില്‍  താലിബാന്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്.  സ്ത്രീകളും ആക്ടിവിസ്റ്റുകളും പ്രതിഷേധവുമായി നേരത്തെ രംഗത്തുവന്നിരുന്നു. ഇപ്പോള്‍, രാത്രി സമയങ്ങളില്‍ നഗരത്തിലെ ചുവരുകളില്‍ തങ്ങളുടെ പ്രതിഷേധ മുദ്രാവാക്യങ്ങളും ആവശ്യങ്ങളും എഴുതിക്കൊണ്ടാണ് തലസ്ഥാനത്തെ വനിതകള്‍ ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അഫ്ഗാനിസ്ഥാനിലെ ജേണലിസ്റ്റ് ഫൗണ്ടേഷനെ ഉദ്ധരിച്ച്  ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമസമൂഹത്തില്‍ 79 ശതമാനം പേരും ജോലി നഷ്ടപ്പെട്ട് മറ്റ് തൊഴിലുകളിലേക്ക് മാറാന്‍ ശ്രമിക്കുന്നതായാണ് റിപോര്‍ട്ട്. കഴിഞ്ഞ ഒന്നര മാസത്തെ അഫ്ഗാന്‍ പത്രപ്രവര്‍ത്തകരുടെ ജീവിതം വിലയിരുത്തിയ ഫൗണ്ടേഷന്‍ ദുര്‍ബലമായ സാമ്പത്തിക സാഹചര്യം കാരണം അവര്‍ ഏറ്റവും മോശമായ ജീവിതമാണ് നയിക്കുന്നതെന്നാണ് കണ്ടെത്തിയത്.  അഫ്ഗാനിസ്ഥാനിലെ 75 ശതമാനം മാധ്യമങ്ങളും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം അടച്ചുപൂട്ടിയതായി സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

ഫൗണ്ടേഷന്റെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് 91 ശതമാനം അഫ്ഗാന്‍ പത്രപ്രവര്‍ത്തകരും പുതിയ തൊഴില്‍ തിരഞ്ഞെടുത്തതില്‍ തൃപ്തരാണെന്നും 8 ശതമാനം മാത്രം സന്തുഷ്ടരല്ലെന്നും കണ്ടെത്തി. അഫ്ഗാനിസ്ഥാനിലുടനീളം മൊത്തം 462 അഫ്ഗാന്‍ പത്രപ്രവര്‍ത്തകര്‍ സര്‍വേയില്‍ പങ്കെടുത്തു, അവരില്‍ 390 പുരുഷന്മാരും 72 സ്ത്രീകളും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സാമ്പത്തിക സ്ഥിതി പരിഹരിക്കാന്‍ ഫൗണ്ടേഷന്‍ അന്താരാഷ്ട്ര സമൂഹത്തോടും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

Also Read :ബെന്നറ്റിന്റെ 'അവസാന ഊഴം', വൈദ്യശാസ്ത്രത്തിന് പുതുചരിത്രം