അഫ്ഗാനില്‍ മുന്‍കൂട്ടി അനുമതിയില്ലാത്ത പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും നിരോധിച്ച് താലിബാന്‍ 

 
taliban

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ താലിബാന്‍ ബുധനാഴ്ച വ്യവസ്ഥകള്‍ അവതരിപ്പിച്ചു. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുമ്പ് നീതിന്യായ മന്ത്രാലയത്തില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ടെന്നും താലിബാന്‍ വ്യക്തമാക്കി.

തീവ്രവാദ ആരോപണങ്ങളെ തുടര്‍ന്ന് അമേരിക്ക പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച സിറാജുദ്ദീന്‍ ഹഖാനിയുടെ നേതൃത്വത്തിലുള്ള പുതിയ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ആദ്യത്തെ ഉത്തരവില്‍ താലിബാന്‍, എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. രാജ്യത്ത്  എന്തെങ്കിലും പ്രതിഷേധങ്ങള്‍ നടത്തുന്നതിന് മുമ്പ് മുന്‍കൂട്ടി അനുമതി നേടണമെന്നും അല്ലെങ്കില്‍ കടുത്ത നിയമ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് പ്രതിഷേധങ്ങള്‍ നടത്തുന്നതിന് മുമ്പ് പ്രതിഷേധത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ 24 മണിക്കൂര്‍ മുമ്പ് സുരക്ഷാ ഏജന്‍സികളുമായി പങ്കിടണമെന്നും നിര്‍ദ്ദേശമുണ്ട്. അഫഗാനില്‍ താലിബാനെതിരായ പ്രതിഷേധം വര്‍ദ്ധിക്കുന്നതിനിടയിലാണ് പുയിത നീക്കം. തങ്ങളുടെ ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ സഹിക്കില്ലെന്ന് താലബാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

അഫ്ഗാനിസ്ഥാനില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പതനത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ആരോപിച്ച് നൂറുകണക്കിന് അഫ്ഗാനികള്‍ ചൊവ്വാഴ്ച തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധത്തില്‍ പാകിസ്താന്റെ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) യ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ബുധനാഴ്ച, ഫൈസാബാദ് നിവാസികള്‍ തെരുവിലിറങ്ങി താലിബാനെതിരായ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ നേട്ടങ്ങള്‍ സംരക്ഷിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ ഭാവി സര്‍ക്കാരില്‍ വനിതാ പ്രാതിനിധ്യം വേണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച വനിതകള്‍ ബല്‍ഖ് പ്രവിശ്യയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കാബൂള്‍, പര്‍വാന്‍, ബഡാക്ഷന്‍ പ്രവിശ്യകളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു