കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി വിദേശ രാജ്യങ്ങള്‍

 
Kabul

അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു

അഫ്ഗാനിസ്താനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുന്നതിനിടെ, കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പുമായി വിദേശരാജ്യങ്ങള്‍. യുഎസ്, യുകെ, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എത്രയും വേഗം കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിയൊഴിപ്പിക്കലിനായി താലിബാന്‍ നിശ്ചയിച്ചിരിക്കുന്ന ആഗസ്റ്റ് 31ന് മുമ്പ് മുഴുവന്‍ പൗരന്മാരെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്.  

ആബ്ബി ഗേറ്റ്, ഈസ്റ്റ് ഗേറ്റ് അല്ലെങ്കില്‍ നോര്‍ത്ത് ഗേറ്റ് എന്നിവിടങ്ങളിലുള്ളവര്‍ എത്രയുംവേഗം അവിടംവിട്ട് പോകണമെന്നാണ് യുഎസ് വിദേശ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് മുന്നറിയിപ്പെന്നും യുഎസ് വ്യക്തമാക്കുന്നു. ഭീകരാക്രമണത്തിന് ഉയര്‍ന്ന സാധ്യതയുള്ളതിനാല്‍, കാബൂള്‍ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്നാണ് പൗരന്മാര്‍ക്ക് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് തന്നെയാണ് യുകെ ഭരണകൂടവും നല്‍കിയിരിക്കുന്നത്. മറ്റു മാര്‍ഗങ്ങളിലൂടെ സുരക്ഷിതമായി അഫ്ഗാന്‍ വിടാന്‍ കഴിയുമെങ്കില്‍, എത്രയും വേഗം അത് ചെയ്യണം എന്നാണ് പൗരന്മാരോട് അറിയിച്ചിരിക്കുന്നത്. അതേസമയം, ഇത്തരമൊരു മുന്നറിയിപ്പിനുള്ള കാരണം രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. 

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തശേഷം പതിനായിരക്കണക്കിനാളുകളാണ് അഫ്ഗാന്‍ വിട്ടത്. ഇവരില്‍ അഫ്ഗാന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ഏതുവിധേനയും രാജ്യം വിടാനായി ആയിരങ്ങളാണ് കാബൂള്‍ വിമാനത്താവളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിമാനത്താവളത്തിലേക്കെത്തുന്നവരെ താലിബാന്‍ ആയുധധാരികള്‍ കര്‍ശന പരിശോധനയ്ക്കും വിധേയരാക്കുന്നുണ്ട്. വിദേശ പൗരന്മാര്‍ക്ക് അഫ്ഗാന്‍ വിടാം. എന്നാല്‍ അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഈമാസം 31നകം ഒഴിപ്പിക്കല്‍ ദൗത്യം അവസാനിപ്പിക്കണമെന്നാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്.