കാലാവസ്ഥ വ്യതിയാനത്തിരെയുള്ള പോരാട്ടം; യുഎന്‍ കാലാവസ്ഥ ഉച്ചകോടി ഏറെ നിര്‍ണായകമെന്ന് ബോറിസ് ജോണ്‍സണ്‍ 

 
boris

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് കൂടുതല്‍ അഭിലഷണീയമായ നടപടികള്‍ അംഗീകരിക്കാന്‍ ആഗോള നേതാക്കളോട്
ആവശ്യപ്പെട്ട് ബ്രിട്ടീഷ്  പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടി കോപ്26  'മാനവികതയ്ക്ക് ഒരു വഴിത്തിരിവായിരിക്കണം' എന്നും അദ്ദേഹം പറഞ്ഞു. 

മനുഷ്യവര്‍ഗം ഈ ഗ്രഹത്തില്‍ വരുത്തുന്ന നാശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയമാണിത്. ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകള്‍ കേള്‍ക്കാനുള്ള സമയമാണിത് . മാനവരാശിയെ പിടികൂടിയ കോവിഡ് ഉദാഹരണമായി എടുക്കൂ, നമ്മള്‍ ആരാണെന്നും എന്താണ് ചെയ്യുന്നതെന്നും മനസ്സിലാക്കാനുള്ള സമയമാണിത് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലോകം - ഈ അമൂല്യമായ നീല ഗോളം അതിന്റെ മുട്ടയുടെ പുറംതോടു അന്തരീക്ഷത്തിന്റെ ആവരണവുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോപ്26 ന് ഒരു മാസം മുമ്പ്, താപനില വര്‍ദ്ധനവ് പരിമിതപ്പെടുത്തുന്നതിനും ആഗോളതാപനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള ശക്തമായ പ്രതിബദ്ധതകള്‍ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ സര്‍ക്കാരുകളോടും ജോണ്‍സണ്‍ ഓര്‍മ്മപ്പെടുത്തി.

അമേരിക്ക, ചൈന തുടങ്ങിയ ശക്തികള്‍ ഈ ആഴ്ച നടത്തിയ കാലാവസ്ഥാ പ്രഖ്യാപനങ്ങളുടെ പ്രാധാന്യം ജോണ്‍സണ്‍ എടുത്തുകാണിച്ചു, എന്നാല്‍ ഇതൊന്നും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കുള്ള തടയുന്നതിന് പര്യാപ്തമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി, 2030 ഓടെ മലീനീകരത്തിന്റെ
ഭാഗമായുണ്ടാകുന്ന അന്തരീക്ഷ താപനില  കുറയ്ക്കാന്‍ എല്ലാ രാജ്യങ്ങളോടും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ശാസ്ത്രത്തിന്റെയും കണ്ടുപിടുത്തങ്ങളിലൂടെയും വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് കോവിഡ് നമ്മെ കാണിച്ച് തന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തില്‍, സാങ്കേതികവിദ്യകള്‍ ഇതിനകം തന്നെ ലഭ്യമാണെന്നും ഹരിത വ്യാവസായിക വിപ്ലവത്തിന് ലോകത്തിന്
എല്ലാ മാര്‍ഗങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ അടിയന്തരമായി നടപടിയെടുത്തില്ലെങ്കില്‍, ഈ മനോഹരമായ ഗ്രഹത്തെ ഞങ്ങള്‍ ഫലപ്രദമായി വാസയോഗ്യമല്ലാത്തതാക്കും നമുക്ക് മാത്രമല്ല, മറ്റ് പല ജീവജാലങ്ങള്‍ക്കും അദ്ദേഹം പറഞ്ഞു. കോപ്പ്-26 ഉച്ചകോടിക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെ, ഒരു ദശകത്തിലേറെ മുമ്പ് നിശ്ചയിച്ചിരുന്ന 100 ബില്യണ്‍ ഡോളര്‍ ലക്ഷ്യം നേടാന്‍ സഹായിക്കുന്നതിന് കാലാവസ്ഥാ ധനസഹായവുമായി മുന്നോട്ട് വരാന്‍ യുകെ കൂടുതല്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനം എല്ലാ രാജ്യങ്ങളിലും വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ടുകളുണ്ട്. കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തില്‍ കാര്‍ഷികോത്പാദനത്തെ ബാധിച്ചെന്ന് പഠനങ്ങള്‍ പറയുന്നു. യൂറോപ്പിനെയും വടക്കെ അമേരിക്കയെയുമാണ് ഏറ്റവും രൂക്ഷമായി ഇതു ബാധിച്ചത്. ഭക്ഷ്യ സുരക്ഷയ്‌ക്കോ മറ്റു സാമ്പത്തിക ഇടപാടുകള്‍ക്കോ ആയി ഇറക്കുമതി നടത്തുന്നവര്‍ക്ക് ഇതു വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നും പഠനത്തില്‍ പറയുന്നു.

ക്വാഡ് സമ്മേളനത്തിന്റെ ഭാഗമായി പസഫിക് മേഖലയിലെ ആരോഗ്യ, കാലാവസ്ഥ വ്യതിയാന വിഷയങ്ങളിലെ സംയുക്ത തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. അമേരിക്ക നേതൃത്വം നല്‍കുന്ന ക്വാഡ് സഖ്യത്തില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണുള്ളത്.

ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെയുള്ള കോപ്പ് -26 കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയ്ക്ക് മുമ്പ് രാജ്യം കൂടുതല്‍ കാലാവസ്ഥാ ധന സഹായം നല്‍കുമെന്ന് യുഎസ് കാലാവസ്ഥാ പ്രതിനിധി ജോണ്‍ കെറിറിയും വ്യക്തമാക്കിയിട്ടുണ്ട്‌. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് സ്ഥിതിഗതികളുടെ ഭയാനകമായ ചിത്രമാണ് പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ഏറ്റവും ദുര്‍ബലരായ രാജ്യങ്ങളെ സഹായിക്കാന്‍ ഓരോ വര്‍ഷവും 100 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ദീര്‍ഘകാല പ്രതിജ്ഞ നിറവേറ്റുന്നതില്‍ സമ്പന്ന രാഷ്ട്രങ്ങള്‍ 75 ബില്യണ്‍ ഡോളര്‍ വരെ മാത്രമേ എത്തിയിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 


വിദേശരാജ്യങ്ങളില്‍ കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഫണ്ട് നല്‍കില്ലെന്ന് ചൈന

കാലാവസ്ഥ വ്യതിയാനം തടയുന്നതിന്റെ ഭാഗമായി കാര്‍ബണ്‍ വാതകങ്ങളുടെ തോത് കുറക്കാനായി വിദേശരാജ്യങ്ങളില്‍ ഇനി കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഫണ്ട് നല്‍കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നയം വ്യക്തമാക്കിയിരുന്നു.

ഇന്തോനേഷ്യ, ബംഗ്ലാദേശ് പോലുള്ള വികസ്വരരാജ്യങ്ങളില്‍ കല്‍ക്കരി വൈദ്യുതി പദ്ധതികളുടെ നിര്‍മാണത്തെ പ്രോത്സാഹിപ്പിച്ചിരുന്ന രാജ്യമാണ് ചൈന. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്ന പരിസ്ഥിതിപ്രവര്‍ത്തകര്‍ വിദേശരാജ്യങ്ങളില്‍ കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കല്‍ക്കരിനിലയങ്ങള്‍ നിര്‍മിക്കുന്നത് അവസാനിപ്പിക്കുമെന്ന് ദക്ഷിണ കൊറിയ, ജപ്പാന്‍ രാജ്യങ്ങള്‍ ഈവര്‍ഷാദ്യം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ചൈനയുടെ തീരുമാനവുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം

സാമ്പത്തിക വന്‍ശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചെപ്പെടുത്തേണ്ടത് ഈ വിഷയങ്ങളില്‍ 
നിര്‍ണായകമാണ്. കോവിഡ്, കാലാവസ്ഥാ വ്യതിയാനം, വാണിജ്യം, സാങ്കേതിക വിദ്യ, മനുഷ്യാവകാശം, സാമ്പത്തികാവസ്ഥ, ഓണ്‍ലൈന്‍ സുരക്ഷ തുടങ്ങിയ അനേകം കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതുണ്ട്. 

ഇരുരാജ്യങ്ങളും തമ്മില്‍ പ്രായോഗികവും പ്രാവര്‍ത്തികവുമായ ബന്ധം പുനസ്ഥാപിക്കേണ്ടതുണ്ടെന്നാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗറ്റെറസ് അഭിപ്രായപ്പെട്ടത്. കോവിഡ് വാക്സിനേഷന്‍, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള ആഗോള വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ഒന്നിച്ചുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. രാജ്യാന്തര സമൂഹത്തിനകത്തും-പ്രത്യേകിച്ച് വന്‍ശക്തികള്‍ക്കിടയിലും-പോസ്റ്റിവായ ബന്ധം ഇല്ലാതെ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.