അഫ്ഗാനില്‍ ഹെയ്ബത്തുള്ള അഖുന്‍സാദ തലവനായി പുതിയ സര്‍ക്കാര്‍; പ്രഖ്യാപനം ഉടന്‍ 

 
Taliban Govt

പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ ആകും രാജ്യം ഭരിക്കുക

അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് തീരുമാനമായതായി റിപ്പോര്‍ട്ട്. താലിബാന്‍ പരമാധികാരി മുല്ല ഹെയ്ബത്തുള്ള അഖുന്‍സാദ സര്‍ക്കാരിന്റെ തലവനാകും. അതിന്റെ കീഴില്‍ പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ ആകും രാജ്യം ഭരിക്കുക. ജനങ്ങള്‍ക്കു മുന്നില്‍ ഒരു മാതൃകയായിരിക്കും പുതിയ ഇസ്ലാമിക സര്‍ക്കാരെന്നും താലിബാന്‍ സാംസ്‌കാരിക കമ്മീഷന്‍ അംഗം അനമുല്ല സമാംഗാനിയെ ഉദ്ധരിച്ചുകൊണ്ട് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാണ് പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകളില്ല. ഭരണ സംവിധാനത്തിന്റെ പേര്, ദേശീയ പതാക, ദേശീയ ഗാനം എന്നിങ്ങനെ കാര്യങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആകുന്നതനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടാവുക. അതേസമയം, സെപ്റ്റംബര്‍ മൂന്നിന് താലിബാന്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
അതേസമയം, യുഎസ് സേനാപിന്മാറ്റം പൂര്‍ത്തിയായതിനു പിന്നാലെ, അഫ്ഗാന്‍ ജനത രാജ്യം വിടുന്നതിനുവേണ്ടി അതിര്‍ത്തികളിലേക്ക് പലായനം തുടങ്ങി. ഇറാന്‍, പാക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കാണ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ പ്രവഹിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാരും നാടുവിടാനുള്ള ശ്രമങ്ങളിലാണ്.