യുദ്ധം അവസാനിപ്പിക്കണം; താലിബാനുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരായി അഫ്ഗാന്‍ പ്രതിരോധ സേന

 
Taliban

താലിബാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല

പഞ്ച്ശീര്‍ താഴ്‌വരയില്‍ തുടരുന്ന പോരാട്ടം അവസാനിപ്പിക്കണമെന്ന മതനേതാക്കളുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് അഫ്ഗാന്‍ പ്രതിരോധ സേന. യുദ്ധം അവസാനിപ്പിക്കാന്‍ താലിബാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് ഓഫ് അഫ്ഗാനിസ്ഥാന്‍ തലവന്‍ അഹ്‌മദ് മസൂദ് ഫേസ്ബുക്ക് പേജില്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, താലിബാന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സമീപ ജില്ലകള്‍ കീഴടക്കിയെന്നും പഞ്ച്ശീറിന്റെ പ്രവിശ്യ തലസ്ഥാനത്തേക്കുള്ള മുന്നേറ്റത്തിലാണെന്നുമാണ് താലിബാന്‍ അറിയിച്ചിരിക്കുന്നത്. 

പഞ്ച്ശീറില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പോരാട്ടം എത്രയും വേഗം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ തുടരാനും സന്നദ്ധരാണ്. ശാശ്വതമായ സമാധാനത്തിലേക്ക് എത്തുവാന്‍, പോരാട്ടം നിര്‍ത്തിവെക്കാന്‍ പ്രതിരോധ സേന തയ്യാറാണ്. താലിബാനും തങ്ങളുടെ ആക്രമണം നിര്‍ത്തി, സൈനിക മുന്നേറ്റം അവസാനിപ്പിക്കുകയും വേണം -അഹ്‌മദ് മസൂദ് ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി. 

പഞ്ച്ശീറില്‍ തുടരുന്ന പോരാട്ടം അവസാനിപ്പിക്കണമെന്ന് മതനേതാക്കള്‍ ആവശ്യപ്പെട്ടതായാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാന്‍ പ്രതിരോധ സേനയും താലിബാന്‍ നേതൃത്വവും ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരം തേടണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം അംഗീകരിച്ചാണ് പ്രതിരോധ സേന സന്നദ്ധത അറിയിച്ചിരിക്കുന്നത്. 

അതേസമയം, താലിബാന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. പഞ്ച്ശീര്‍ പ്രവിശ്യയിലെ എല്ലാ ജില്ലകളും തങ്ങളുടെ നിയന്ത്രണത്തിന് കീഴിലായെന്നാണ് താലിബാന്റെ അവകാശവാദം. പ്രതിരോധ സേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്റെ സാംസ്‌കാരിക കമ്മീഷന്‍ ഡെപ്യൂട്ടി തലവന്‍ അഹമദുള്ള വാസിഖിനെ ഉദ്ദരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ സേനയുടെ ആയുധങ്ങള്‍ തകര്‍ത്തുവെന്ന അവകാശവാദവും താലിബാന്‍ ഉന്നയിച്ചു. എന്നാല്‍, താലിബാന്റെ അവകാശവാദങ്ങളെ തള്ളി പ്രതിരോധ സേന രംഗത്തെത്തി. താലിബാന്‍ നേരത്തെ പിടിച്ചെടുത്ത പഞ്ച്ശീറിലെ പരിയാന്‍ ജില്ല പ്രതിരോധ സേന ഞായറാഴ്ച പിടിച്ചെടുത്തുവെന്നും നിരവധി താലിബാന്‍ ഭീകരരെ വധിച്ചുവെന്നും പ്രതിരോധ പ്രതിരോധ സേന ട്വീറ്റ് ചെയ്തു. എക്സിറ്റ് റൂട്ട് ഉപരോധിച്ചതിനാല്‍ ആയിരത്തോളം താലിബാന്‍ ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ടെന്നുമാണ് പ്രതിരോധ സേന വക്താവ് ഫഹീം ദഷ്ടി അറിയിച്ചത്.