യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു

 
khaleefa

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. 73 വയസായിരുന്നു.
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ് ഖലീഫ ബിന്‍ സായിദ്. പ്രസിഡന്റിന്റെ മരണത്തിന് പിന്നാലെ യുഎഇയില്‍ 40 ദിവസം ദുഖാചരണം പ്രഖ്യാപിച്ചു.

2004മുതല്‍ യു.എ.ഇ പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ മരണം വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് പ്രസിഡന്‍ഷ്യല്‍ അഫേഴ്‌സ് മന്ത്രാലയം അറിയിച്ചത്. രാഷ്ട്ര പിതാവും പ്രഥമ യു.എ.ഇ പ്രസിഡന്റുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്റെ മരണത്തെ തുടര്‍ന്നാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ രണ്ടാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും സൂപ്രീം പെട്രോളിയം കൗണ്‍സിലിന്റെ ചെയര്‍മാനുമായിരുന്നു.

1948ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ 16-ാമത് ഭരണാധികാരിയുമായിരുന്നു. ഷെയ്ഖ് സായിദിന്റെ മൂത്ത മകനായിരുന്നു അദ്ദേഹം. യുഎഇയുടെ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷം , അബുദാബിയിലെ ഫെഡറല്‍ ഗവണ്‍മെന്റിന്റേയും പുനര്‍നിര്‍മ്മാണത്തിന് ഷെയ്ഖ് ഖലീഫ നേതൃത്വം നല്‍കി.