അഷ്‌റഫ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതായി യുഎഇ

 
d

താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ രാജ്യം വിട്ട അഫ്ഗാനിസ്താന്‍  പ്രസിഡന്റ് അഷ്റഫ് ഗനിക്ക് അഭയം നല്‍കിയതായി യുഎഇയുടെ സ്ഥിരീകരണം.  ‘മാനുഷിക പരിഗണന’യുടെ പേരിലാണ് ഗനിയേയും കുടുംബത്തിനേയും രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തതെന്നു യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

അഷ്‌റഫ് ഗനി അബുദാബിയിലെത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല.  താലിബാൻ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ ഞായറാഴ്ചയാണ് അഷ്റഫ് ഗനി അഫ്ഗാനിസ്ഥാൻ വിട്ടത്. തജിക്കിസ്ഥാനിലേക്ക് പോയെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ തജിക്കിസ്ഥാൻ പ്രവേശനാനുമതി നിഷേധിച്ചതിനെത്തുടർന്ന് ഒമാനിൽ ഇറങ്ങിയെന്നും യുഎസിലേക്കു പോയേക്കുമെന്നും പിന്നീട് സൂചനകൾ വന്നിരുന്നു. ഗനി എവിടെയാണ് ഉള്ളതെന്ന് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഇപ്പോൾ യുഎഇയുടെ അറിയിപ്പ് എത്തിയിരിക്കുന്നത്. 

കെട്ടുകണക്കിനു ഡോളറുമായാണ് ഗനി രാജ്യംവിട്ടതെന്നു റിപ്പോർട്ട് പുറത്തുവന്നിരുന്നു.നാല് കാറുകളും ഹെലികോപ്ടര്‍ നിറയെ പണവുമായിട്ടാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടതെന്നായിരുന്നു അഫ്ഗാനിലെ റഷ്യന്‍ എംബസിയുടെ വെളിപ്പെടുത്തല്‍.