നാലാം റൗണ്ടിലും വിജയം; റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ?

 
rishi sunak
 ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിലെ നാലാം റൗണ്ടും വിജയിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ റിഷി സുനക്. 118 എംപിമാരുടെ പിന്തുണ ലഭിച്ചതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അടുത്ത നേതാവാകാനുള്ള ബാലറ്റില്‍ റിഷി സുനക് വീണ്ടും ഒന്നാമതെത്തി. മൂന്നാം ഘട്ടത്തില്‍ 115 വോട്ട് അദ്ദേഹം നേടിയിരുന്നു. എന്നാല്‍ നാലാം റൗണ്ടില്‍ വെറും മൂന്ന് വോട്ടുകള്‍ മാത്രമാണ് സുനക് നേടിയത്. 

മൂന്നാം റൗണ്ടില്‍ നിന്ന് 10 വര്‍ധിച്ച്  92 വോട്ടുകളുമായി പെന്നി മോര്‍ഡൗണ്ട് രണ്ടാം സ്ഥാനത്തും, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് 86 വോട്ടുകളുമായി മൂന്നാം സ്ഥാനവും നിലനിര്‍ത്തി. തിങ്കളാഴ്ച ടോം തുഗെന്ധത്ത് പുറത്തായതിന് ശേഷം 15 പുതിയ വോട്ടുകള്‍ അവര്‍ നേടി. ടോം തുഗെന്ധത്തിന്റെ പിന്തുണച്ചവരില്‍ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയതും ലിസ് ട്രസാണ്. 

അവസാന റൗണ്ട് ഇന്ന് നടക്കും, തുടര്‍ന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന സ്ഥാനാര്‍ത്ഥികള്‍, ടോറി പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയ്ക്കായി രാജ്യത്തുടനീളം പ്രചാരണം നടത്തും. അവസാന രണ്ട് സ്ഥാനാര്‍ത്ഥികളെ ഇന്ത്യന്‍ സമയം രാത്രി 8.30-ന് പ്രഖ്യാപിക്കും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പുതിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി അധികാരമേല്‍ക്കും. 160,000-ത്തിലധികം വരുന്ന പാര്‍ട്ടി അംഗങ്ങള്‍ തീരുമാനിക്കുന്ന അവസാന റൗണ്ടില്‍ സുനക് ട്രസിനെക്കാള്‍ 19 പോയിന്റും മൊര്‍ഡോണ്ടിനെക്കാള്‍ 14 പോയിന്റും പിന്നിലാണെന്ന് വോട്ടെടുപ്പ് കാണിക്കുന്നു.

മുന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയാണ് ഇന്ത്യന്‍ വംശജനായ റിഷി സുനക്. പ്രധാനമന്ത്രിയാവാണമെങ്കില്‍ ഇനിയും രണ്ട് ഘട്ടം കൂടിയുണ്ട്. വിജയിച്ചാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കും റിഷി സുനക്.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. മന്ത്രിസഭയിലെ അന്‍പതോളം അംഗങ്ങള്‍ തുടരെത്തുടരെ പദവി ഒഴിഞ്ഞതോടെയാണ് ബോറിസ് ജോണ്‍സന് താഴെയിറങ്ങേണ്ടി വന്നത്. തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ആരംഭിച്ചു. എന്നാല്‍ സുനകിന് പിന്തുണ നല്‍കരുതെന്നാണ് ബോറിസ് ജോണ്‍സണ്‍ തന്റെ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടത്. ഇതിനായി വംശീയ വിദ്വേഷ പ്രചാരണവും ബോറിസ് ജോണ്‍സണ്‍ നടത്തിയിരുന്നു.

സുനകിന് അല്ലാതെ മറ്റാര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്‌തോളൂ എന്നാണ് ബോറിസ് ജോണ്‍സന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സുനകിനെതിരെ വംശീയ പ്രചാരണ നീക്കങ്ങളും നടക്കുന്നുണ്ട്. സുനകിനോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളോട് ജോണ്‍സണ്‍ സംഭാഷണം നടത്തുകയും അവര്‍ക്കിടയില്‍ വംശീയ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്തതായാണ് വിവരം. 

ജൂലൈ 7 ന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം രാജിവച്ച ജോണ്‍സണ്‍, സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ ജോണ്‍സന്റെ പിന്തുണ നഷ്ടപ്പെട്ടതിന് കാരണക്കാരനായ സുനകിനെ പിന്തുണയ്ക്കരുതെന്ന് തോറ്റ ടോറി സ്ഥാനാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്നതായി ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജിവെച്ച് പുറത്ത് പോയാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ പരസ്യമായി ഇടപെടില്ലെന്നും ബോറിസ് ജോണ്‍സണ്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നതാണ്.