ഗുരുതര തെറ്റ്; ഡ്രോണ്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതില്‍ ക്ഷമാപണവുമായി യുഎസ്

 
US Air Strike

കൊലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും പരിഗണനയില്‍

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാ പിന്മാറ്റം പൂര്‍ത്തിയാക്കുന്നതിനുമുമ്പ്, കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തെറ്റ് ഏറ്റുപറഞ്ഞ് യുഎസ്. ഐഎസ് ഭീകരരെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡ് ജനറല്‍ കെന്നത്ത് മക് കെന്‍സിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന സംഭവത്തില്‍, വിശദമായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് യുഎസിന്റെ കുറ്റസമ്മതം.

ഐഎസ് ഭീകരര്‍ കാബൂള്‍ വിമാനത്താവളം ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, കാബൂളിലെ ആക്രമണം ഗുരുതരമായൊരു തെറ്റായിരുന്നുവെന്ന് മക് കെന്‍സി മാധ്യമങ്ങളോട് പറഞ്ഞു. കൊലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കാമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് മക് കെന്‍സി വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ക്ഷമാപണം നടത്തിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. ക്ഷമ ചോദിക്കുന്നു, ഈ ഗുരുതരമായ തെറ്റില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നും ഓസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ആഗസ്റ്റ് 29ന്, സമെയ്രി അക്മദി കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച കാനുകള്‍ കയറ്റുമ്പോള്‍ നിരീക്ഷണ ഡ്രോണ്‍ അത് സ്‌ഫോടകവസ്തുക്കളാണെന്നു തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിന് കാരണമായത്. ഐഎസ് ഭീകരര്‍ക്കു പകരം കൊല്ലപ്പെട്ടത് യുഎസ് കമ്പനിക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനീയറെയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രീഷന്‍ ആന്‍ഡ് എജ്യുക്കേഷന്‍ ഇന്റര്‍നാഷനല്‍ എന്ന സന്നദ്ധ സംഘടനക്കൊപ്പമാണ് സമെയ്രി അക്മദി ജോലി ചെയ്തിരുന്നത്. സംഭവദിവസത്തെ സമെയ്രിയുടെ യാത്രാവിവരങ്ങള്‍ പരിശോധിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ നിഗമനം. ഒപ്പം ജോലി ചെയ്തിരുന്നവരെ വീടുകളില്‍ എത്തിച്ചശേഷം വൈകിട്ട് വിമാനത്താവളത്തിനു സമീപമുള്ള വീടിന്റെ മുറ്റത്തെത്തിയപ്പോഴാണ് മിസൈല്‍ ആക്രമണമുണ്ടായത്. സമെയ്രി വന്നതറിഞ്ഞ് അദ്ദേഹത്തിന്റെ കാറിനടുത്തെത്തിയ ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അതേസമയം, കാബൂള്‍ വിമാനത്താവളത്തിനു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുകയായിരുന്ന ഐഎസ് ഖൊറസാന്‍ അംഗങ്ങളെയാണ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതെന്നായിരുന്നു യുഎസ് വ്യക്തമാക്കിയത്. മണിക്കൂറുകള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ മൂന്നു നാട്ടുകാര്‍ മരിച്ചെന്നുമായിരുന്നു യുഎസ് സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ ജനവാസമേഖലയില്‍ നടത്തിയ ആക്രമണത്തില്‍, ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചെന്നായിരുന്നു ടൈംസിന്റെ റിപ്പോര്‍ട്ട്. ഇക്കാര്യം ശരിവയ്ക്കുന്നതാണ് യുഎസിന്റെ ഇപ്പോഴത്തെ ക്ഷമാപണം.