'അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സേനാപിന്മാറ്റം, കാബൂള്‍ ഒഴിപ്പിക്കല്‍; തന്ത്രപരമായി പരാജയമായിരുന്നു' 

 
US Generals

2500 സൈനികരെ നിലനിര്‍ത്തണമെന്ന് ബൈഡനോട് നിര്‍ദേശിച്ചിരുന്നു

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനാപിന്മാറ്റത്തില്‍ തുറന്ന വിലയിരുത്തലുമായി യുഎസ് സൈനിക ജനറല്‍മാര്‍. സൈനിക നടപടിയുടെ വശം പരിശോധിച്ചാല്‍, അഫ്ഗാനില്‍ നിന്നുള്ള സേനാപിന്മാറ്റവും കാബൂള്‍ ഒഴിപ്പിക്കലും വലിയ വിജയമായിരുന്നു. എന്നാല്‍, തന്ത്രപരമായി അത് പരാജയമാണെന്നായിരുന്നു ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സെനറ്റ് സമിതി മുമ്പാകെ വിശദീകരിച്ചത്. യുഎസ് സൈന്യത്തെ അഫ്ഗാനില്‍ നിലനിര്‍ത്തണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ശുപാര്‍ശ ചെയ്തിരുന്നു. താലിബാന്‍ അല്‍-ക്വയ്ദയുമായുള്ള ബന്ധം വിച്ഛേദിച്ചിട്ടില്ലെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നതായും ഉന്നത യുഎസ് ജനറലുമാര്‍ പറഞ്ഞു.

അഫ്ഗാനില്‍ നിന്നുള്ള സേനാപിന്മാറ്റം, കാബൂള്‍ ഒഴിപ്പിക്കല്‍ എന്നിവയെക്കുറിച്ച് സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിയാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക്ക് മില്ലി, യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് മക്കെന്‍സി, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എന്നിവരുടെ വിശദീകരണം തേടിയത്. സേനാപിന്മാറ്റവും 13 സൈനികര്‍ കൊല്ലപ്പെട്ട ഒഴിപ്പിക്കലും യുഎസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയോ എന്നതായിരുന്നു മിലിയോടുള്ള സെനറ്റ് സമിതിയുടെ ചോദ്യം. സൈനിക നടപടി കണക്കിലെടുക്കുമ്പോള്‍, അഫ്ഗാനില്‍ നിന്നുള്ള സേനാപിന്മാറ്റവും കാബൂള്‍ ഒഴിപ്പിക്കലും വലിയ വിജയമാണെങ്കിലും തന്ത്രപരമായി അത് പരാജയമാണെന്നായിരുന്നു മിലിയുടെ മറുപടി. യുഎസിന്റെ വിശ്വാസ്യതയെക്കുറിച്ച് ലോകമെങ്ങുമുള്ള സഖ്യകക്ഷികളും പങ്കാളികളുമാണ് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്. ഏത് തരത്തിലാണ് അതിനെ അവര്‍ കണക്കിലെടുക്കുന്നതെന്ന് അറിയേണ്ടതുണ്ട്. നഷ്ടം എന്ന വാക്ക് ഉപയോഗിക്കാമോയെന്ന് ചോദിച്ചാല്‍, ഉപയോഗിക്കാമെന്ന് പറയാമെന്നും മിലി മറുപടി നല്‍കി.

താലിബാനെ ഇല്ലാതാക്കിക്കൊണ്ടുള്ള സേനാപിന്മാറ്റമാണ് നാം ഉദ്ദേശിച്ചത്. എന്നാല്‍, അഫ്ഗാനില്‍ ഇപ്പോള്‍ താലിബാനാണ് അധികാരത്തിലുള്ളത്. താലിബാന്‍ ഇപ്പോഴും ഒരു ഭീകര സംഘടനയാണ്. സെപ്റ്റംബര്‍ 11 ആക്രമണം ആസൂത്രണം ചെയ്ത അല്‍-ക്വയ്ദയുമായുള്ള ബന്ധം ഇപ്പോഴും വിച്ഛേദിച്ചിട്ടില്ല. താലിബാന് അധികാരം ഉറപ്പിക്കാന്‍ കഴിയുമോ ഇല്ലയോ, അതോ രാജ്യം വലിയ ആഭ്യന്തരയുദ്ധത്തിലേക്ക് പോകുമോ എന്നൊക്കെ കണ്ടറിയണം. പക്ഷേ, അഫ്ഗാനില്‍ നിന്നുയര്‍ന്നുവരുന്ന ഭീകരാക്രമണങ്ങളില്‍നിന്ന് യുഎസ് ജനതയെ സംരക്ഷിക്കുന്നത് തുടരേണ്ടതുണ്ടെന്നും മിലി പറഞ്ഞു. നേരത്തെ, സ്ഥാനമൊഴിയണമെന്ന ചില റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളുടെ ആവശ്യവും മിലി തള്ളിയിരുന്നു.  

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താലിബാനുമായി ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്നാണ് ആഗസ്റ്റ് 31നകം അഫ്ഗാനില്‍നിന്ന് സേനയെ പൂര്‍ണമായി പിന്‍വലിക്കാന്‍ ബൈഡന്‍ ഉത്തരവിട്ടത്. എന്നാല്‍, അഫ്ഗാനില്‍ 2500ഓളം സൈനികരെയെങ്കിലും നിലനിര്‍ത്തണമെന്ന് തങ്ങള്‍ വ്യക്തിപരമായി ശുപാര്‍ശ  ചെയ്തിരുന്നെന്ന് മിലിയും മക്കെന്‍സിയും സെനറ്റ് സമിതിയോട് പറഞ്ഞു. ആറ് മണിക്കൂറോളം ഹിയറിംഗ് നീണ്ടു. യുഎസിന്റെ അഫ്ഗാന്‍ നയവുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ കൂടിയായിരുന്നു ഹിയറിംഗ്.

അഫ്ഗാനില്‍ എന്ത് നയം സ്വീകരിക്കണമെന്നതു സംബന്ധിച്ച വ്യത്യസ്ത ഉപദേശങ്ങള്‍ പ്രസിഡന്റ് ബൈഡന് ലഭിച്ചിരുന്നതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. ആത്യന്തികമായി തീരുമാനമെടുക്കണ്ടത് കമാന്‍ഡര്‍-ഇന്‍-ചീഫ് ആണ്. അതനുസരിച്ച് അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നുവെന്നും ജെന്‍ സാകി പ്രതികരിച്ചത്.