കോവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കണം; ഇന്ത്യക്കുമേല്‍ യുഎസ് സമ്മര്‍ദമെന്ന് റിപ്പോര്‍ട്ട്

 
biden

പകരം കോവിഡ് ആഗോള ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദിക്ക് ഉന്നത സ്ഥാനം

കോവിഡ് വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കാന്‍ ഇന്ത്യയ്ക്കുമേല്‍ യുഎസ് സമ്മര്‍ദം ചെലുത്തുന്നതായി വിശ്വസ്തവൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിന്‍ കയറ്റുമതിക്ക് ഇന്ത്യ തയ്യാറായാല്‍, ന്യൂയോര്‍ക്കില്‍ നടക്കുന്ന കോവിഡ് 19 ആഗോള ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സ്ഥാനം നല്‍കാന്‍ ബൈഡന്‍ ഭരണകൂടം പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുകയും വാക്‌സിന്‍ ആവശ്യകത വര്‍ധിച്ചതിനും പിന്നാലെ ഇന്ത്യ ഈ വര്‍ഷമാദ്യം വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെച്ചിരുന്നു. 

വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കാന്‍ മോദിയില്‍നിന്ന് അനുകൂല തീരുമാനം നേടിയെടുക്കുക എന്നത് അന്താരാഷ്ട്ര തലത്തില്‍ കോവിഡ് പടരുന്നത് തടയാനുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാക്സിന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍, കോവിഡ് ആഗോള ഉച്ചകോടിയില്‍ മോദിക്ക് ഉന്നത സ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. വാക്സിന്‍ വിതരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും കയറ്റുമതി സംബന്ധിച്ചുള്ള സമയക്രമങ്ങളറിയാനും ഇന്ത്യന്‍ ഭരണകൂടവുമായി നിരന്തരം ദ്വികക്ഷി, ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചര്‍ച്ചകള്‍ ഒരു പ്രത്യേക ഉച്ചകോടിയുമായോ, ഇടപെടലുകളുമായോ ബന്ധപ്പെട്ടിട്ടല്ലെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ഈമാസം അവസാനത്തോടെയാണ് കോവിഡ് ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കില്‍ എത്തുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദേ സുഗ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.