യുഎസിൽ ഒരു ദിവസം 34700 പുതിയ കോവിഡ് രോഗികൾ, എപ്രിലിന് ശേഷം ഉയര്‍ന്ന നിരക്ക്; തെക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്കും വൈറസ് വ്യാപിക്കുന്നു

 
യുഎസിൽ ഒരു ദിവസം 34700 പുതിയ കോവിഡ് രോഗികൾ, എപ്രിലിന് ശേഷം ഉയര്‍ന്ന നിരക്ക്; തെക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്കും വൈറസ് വ്യാപിക്കുന്നു

ഏപ്രില്‍മാസത്തിനു ശേഷം യു.എസില്‍ വീണ്ടും കൊവിഡ് കേസുകളുടെ എണ്ണം 24 മണിക്കൂറിനിടെ 34,700 കടന്നു. കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഒരു പരിധിവരെ രോഗികളുടെ എണ്ണവും മരണ നിരക്കും കുത്തനെ ഉയരുന്നത് തടയാന്‍ കഴിഞ്ഞിരുന്നുവെങ്കിലും തെക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നതായാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയക്കാരുടെയും പൊതുജനങ്ങളുടേയും ഭാഗത്ത് നിന്നുള്ള നിസ്സഹകരണമാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്ന് ഭരണാധികാരികളും ആരോഗ്യ വിദഗ്ധരും ബുധനാഴ്ച മുന്നറിയിപ്പ് നൽകി.

ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ ആദ്യകാല ഹോട്ട് സ്പോട്ടുകളിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, അരിസോണ, കാലിഫോർണിയ, മിസിസിപ്പി, നെവാഡ, ടെക്സസ്, ഒക്ലഹോമ എന്നിവയുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളില്‍ പ്രതിദിന കണക്ക് കുത്തനെ ഉയരുകയാണ്. നോർത്ത് കരോലിനയിലും, സൗത്ത് കരോലിനയിലും ആശുപത്രികളില്‍ സൂചികുത്താന്‍പോലും ഇടമില്ലാതായി. ഇന്നലെവരെ 122,000 പേര്‍ക്കാണ് കൊവിഡ് ബാധിച്ച് യു.എസില്‍ ജീവന്‍ നഷ്ടമായത്. 2.4 ദശലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ കമ്പ്യൂട്ടർ മോഡൽ അനുസരിച്ച് ഒക്ടോബർ 1 ഓടെ മരണ സംഖ്യ 180,000 ആയേക്കും.

സാമ്പത്തിക രംഗം കരുത്താര്‍ജ്ജിക്കുമെന്ന പ്രതീക്ഷകള്‍ക്കിടെ രോഗികളുടെ എണ്ണം ഉയരുകതന്നെയാണ് എന്ന തരത്തിലുള്ള വാര്‍ത്ത വന്നതോടെ വാൾസ്ട്രീറ്റ് അടക്കമുള്ള ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു. ഡോ ജോൺസ് വ്യാവസായിക ശരാശരി 2.7% ഇടിഞ്ഞ് 700 ൽ കൂടുതൽ പോയിൻറ് നഷ്ടമായി. എസ് ആന്റ് പി 500 പോയിന്‍റും ഇടിഞ്ഞു. കൊറോണ വൈറസ് പടരാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അമേരിക്കന്‍ ജനതയോട് ആവശ്യപ്പെടുന്നു. ഏഴ് സംസ്ഥാനങ്ങളിൽ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 19 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ചമുതല്‍ രോഗികളുടെ എണ്ണം ശരാശരിയിലും കൂടുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.