അഷ്‌റഫ് ഗനി അഫ്ഗാന്‍ വിട്ടത് ഹെലികോപ്ടര്‍ നിറയെ പണവുമായോ? യുഎസ് അന്വേഷിക്കുന്നു

 
Ashraf Ghani

ആരോപണങ്ങള്‍ ഗനി നിഷേധിച്ചെങ്കിലും ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നു

താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ, പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടര്‍ നിറയെ പണവുമായാണെന്ന റിപ്പോര്‍ട്ടുകളില്‍ യുഎസ് അന്വേഷണം. അഫ്ഗാന്‍ പുനനിര്‍മിതിക്കായുള്ള യുഎസ് സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ജോണ്‍ സോപ്‌കോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദശലക്ഷകണക്കിന് ഡോളറുമായാണ് ഗനി രക്ഷപെട്ടതെന്ന ആരോപണങ്ങളാണ് സോപ്‌കോയുടെ ഓഫീസ് അന്വേഷിക്കുക. ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഗനി നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വ്യക്തമായ അന്വേഷണത്തിന് യുഎസ് കോണ്‍ഗ്രസ് സോപ്‌കോയോടും സംഘത്തോടും ആവശ്യപ്പെട്ടിരിക്കുന്നത്.

നാലു കാറുകളും ഒരു ഹെലികോപ്റ്റര്‍ നിറയെ പണവുമായാണ് ഗനി അഫ്ഗാന്‍ വിട്ടതെന്നായിരുന്നു റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. നാലു കാറുകള്‍ നിറയെ പണമായിരുന്നു. ഒരു ഹെലികോപ്റ്ററിലും പണം നിറയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അത് പൂര്‍ണമായും സാധിച്ചില്ല. കുറച്ചു പണം അവിടെ ബാക്കിയായി. സംഭവത്തിന് സാക്ഷികളുണ്ടെന്നും റഷ്യന്‍ എംബസിയിലെ വക്താവ് നികിത ഇഷ്‌ചെങ്കോയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ ഗനി നിഷേധിച്ചു. വലിയ രക്തചൊരിച്ചില്‍ തടയുന്നതിനായാണ് കാബൂള്‍ വിട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ ഇക്കാര്യത്തില്‍ ഊഹാപോഹങ്ങളും സംശയങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുഎസ് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഇക്കാര്യം പരിശോധിക്കുകയാണ്. ഗവണ്‍മെന്റ് റിഫോം കമ്മിറ്റി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സോപ്‌കോ പ്രതിനിധി സഭ ഉപസമിതി മുമ്പാകെ അറിയിച്ചു. 20 വര്‍ഷത്തോളം യുഎസ് അഫ്ഗാനില്‍ നടത്തിയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന സോപ്‌കോയുടെ ഓഫീസ് സാമ്പത്തിക ദുര്‍വ്യയം, ക്രമക്കേടുകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം വളരെക്കാലമായി അന്വേഷിക്കുന്നുണ്ട്. വ്യാപക അഴിമതിയും കെടുകാര്യസ്ഥതയും യുഎസിന്റെ പുനര്‍നിര്‍മാണ ദൗത്യത്തിന് ഭീഷണിയായിരുന്നതായും അദ്ദേഹം സമിതിയെ അറിയിച്ചു.