അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം തുടരും; വിമര്‍ശനങ്ങള്‍ക്കിടെ തീരുമാനം തിരുത്തി ജോ ബൈഡന്‍

 
biden

അഫ്ഗാനിസ്ഥാനില്‍ നിന്ന് ആഗസ്റ്റ് 31ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍ നിശ്ചയിച്ച പ്രകാരം ഈ മാസത്തോടെ സൈന്യം പിന്‍വാങ്ങുമെന്നറിയിച്ചെങ്കിലും മുഴുവന്‍ പൗരന്‍മാരെയും പുറത്തെത്തിച്ച ശേഷമാകും പിന്‍മാറ്റമെന്നും ജോ ബൈഡന്‍ അറിയിച്ചു. 

അമേരിക്കന്‍ പൗരന്മാരെ മുഴുവന്‍ അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കുന്നതുവരെ സൈനിക ദൗത്യം തുടരുമെന്നാണ് റിപോര്‍ട്ട്. ''അമേരിക്കന്‍ പൗരന്മാര്‍  അവശേഷിക്കുന്നുവെങ്കില്‍,  അവരെ എല്ലാവരെയും പുറത്തെത്തിക്കുന്നതുവരെ ഞങ്ങള്‍ അഫ്ഗാനില്‍ തുടരും''  സൈന്യം പിന്‍വാങ്ങുന്നതില്‍ സമയപരിധി നീട്ടാന്‍ സമ്മര്‍ദ്ദം ശക്തമായതോടെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയതായി ബൈഡന്‍ എബിസി ന്യൂസിനോട് പറഞ്ഞു. പെട്ടെന്നുള്ള അമേരിക്കന്‍ സേനാ പിന്മാറ്റത്തിനെതിരെ നിരവധി കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം.  കഴിഞ്ഞ ദിവസങ്ങളില്‍ കാബൂള്‍ വിമാനത്താവളത്തിലും പരിസരത്തുമുള്ള ദൃശ്യങ്ങളില്‍ ആളുകള്‍ എങ്ങനെയും രാജ്യം വിടാന്‍  ശ്രമിക്കുന്നത് വലിയ ചര്‍ച്ചയായിരുന്നു. 

20 വര്‍ഷത്തെ അമേരിക്കയുടെ ഇടപെടല്‍ അവസാനിപ്പിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ബൈഡന്‍ തന്റെ തീരുമാനങ്ങളെ ന്യായീകരിച്ചു. 'എങ്ങനെയെങ്കിലും, കുഴപ്പങ്ങളൊന്നുമില്ലാതെ പുറത്തുകടക്കാന്‍ ഒരു വഴിയുണ്ടെന്ന ആശയം, അത് എങ്ങനെ സംഭവിക്കുമെന്ന് എനിക്കറിയില്ല,' അദ്ദേഹം പറഞ്ഞു. അമേരിക്കക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ താലിബാന്‍ ഇപ്പോള്‍ സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ അമേരിക്കയുമായി സഹകരിക്കുന്ന അഫ്ഗാന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാബൂളിന് പുറത്തേക്ക് പോയി താലിബാന്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ പുറത്തെത്തിക്കുന്നത് സാധ്യമല്ല. എന്നാല്‍ കാബൂള്‍ വിമാനത്താവള പ്രവര്‍ത്തനം സുഗമമായി തുടര്‍ന്നാല്‍ ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരാമെന്ന പ്രതീക്ഷയിലാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.