സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍; കസേര ഉറപ്പിക്കാന്‍ ഭരണഘടനാ ഭേദഗതി, പുടിനെ അറിയാം 

 
putin

 

യുക്രെയിന്‍ - റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭീതിയിലാണ് ലോകരാജ്യങ്ങള്‍. നാറ്റോ രാജ്യങ്ങളും റഷ്യയും നേര്‍ക്കു നേര്‍ വന്നാലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ എങ്ങനെയും ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റഷ്യന്‍ അധിനിവേശം തടയാന്‍ ഇന്നലെ യു.എന്‍  രക്ഷാസമിതിയുടെ അടിയന്തരയോഗം നടക്കുന്നതിനിടെയാണ് സൈനിക നടപടിക്ക്  വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടത്.  ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് വകവെയ്ക്കാതെ യുക്രെയ്ന്‍ അധിനിവേശത്തിന് നിര്‍ദ്ദേശം നല്‍കിയ പുടിനെ അറിയാം. 

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന് ശേഷം ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ പട്ടികയില്‍ രണ്ടാമനാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. മുന്‍ സോവിയറ്റ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അലക്‌സാണ്ടര്‍ ലുകാഷെങ്കോയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം യൂറോപ്യന്‍ പ്രസിഡന്റായി സേവനമനുഷ്ഠിക്കുച്ച വ്യക്തിയും പുടിനാണ്.

സോവിയറ്റ് യൂണിയനിലെ ലെനിന്‍ഗ്രാഡ് എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലത്താണ് 1952 ല്‍ പുടിന്‍ ജനിച്ചത്, ഇപ്പോള്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ചെറുപ്പത്തില്‍ തന്നെ അയോധനകലയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന പുടിന്‍ കെജിബി സ്‌കൂളില്‍ ചേരുക എന്നതായിരുന്നു ആഗ്രഹവും. പെരെസ്‌ട്രോയികയുടെ കാലത്ത് പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ അനറ്റൊലി സോബ്ചക് ആയിരുന്നു അദ്ദേഹത്തിന്റെ അധ്യാപകന്‍. ലെനിന്‍ഗ്രാഡ് സര്‍വകലാശാലയില്‍ നിയമപഠനത്തിനുശേഷം 1975ല്‍ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ (കെജിബി) ഇന്റലിജന്‍സ് തലവനായി, കെജിബിയില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം 1991ല്‍ പുടിന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1994-ഓടെ, പുടിന്‍ ജന്മനഗരത്തിലെ ഡെപ്യൂട്ടി മേയറായി,  1998ല്‍ റഷ്യയിലെ പ്രധാന ഇന്റലിജന്‍സ് ഏജന്‍സിയായ എഫ്എസ്ബിയുടെ തലവനായി നിയമിച്ചു. ഒരു വര്‍ഷത്തിനുശേഷം, പുടിന്‍ പ്രധാനമന്ത്രിയും പിന്നീട് പ്രസിഡന്റുമായി. 1999 ഓഗസ്റ്റില്‍ റഷ്യയുടെ തലവനായി അദ്ദേഹത്തെ നിയമിക്കുകയായിരുന്നു. 1999 മുതല്‍ 2008 വരെയും 2012 മുതല്‍ തുടര്‍ന്നിങ്ങോട്ടും പുതിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, റഷ്യയിലെ കോടതികളെയും മാധ്യമങ്ങളെയും മറ്റ് ഭരണസ്ഥാപനങ്ങളെയും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നിറവേറ്റുന്നതിനായി രൂപാന്തരപ്പെടുത്തിക്കൊണ്ട് പുടിന്‍ അധികാരത്തില്‍ തന്റെ ആധിപത്യം ഉറപ്പിച്ചു. സൈന്യത്തിന് വേണ്ടി അദ്ദേഹം കൈയഴിച്ച്  ചെലവഴിച്ചു, പ്രതിപക്ഷ രാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും നിരോധിക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്തു, വലതുപക്ഷ, ദേശീയവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള പിന്തുണ വളര്‍ത്തിയെടുത്തു. 2036 വരെ, അല്ലെങ്കില്‍ കൂടുതല്‍ കാലം അധികാരത്തില്‍ തുടരാന്‍ അദ്ദേഹം റഷ്യയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തി. റഷ്യയില്‍ രണ്ടില്‍ കൂടുതല്‍ തവണ പ്രസിഡന്റായി തെരഞ്ഞെടുക്കാനാവില്ലെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിയമം. എന്നാല്‍ രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ഈ ഭരണഘടനാ ചട്ടത്തില്‍ തന്നെ ഭേദഗതി വരുത്തുകയായിരുന്നു പുടിന്‍. വളര്‍ന്നുവരുന്ന റഷ്യന്‍ മധ്യവര്‍ഗത്തെ പുടിന്‍ നിയന്ത്രിച്ചു, ബാങ്കിംഗ്, സാങ്കേതികവിദ്യ തുടങ്ങിയ റഷ്യയുടെ സമ്പദ്വ്യവസ്ഥയുടെ ചില മേഖലകളെ നവീകരിച്ചു, റഷ്യയുടെ തന്ത്രപ്രധാനമായ എണ്ണ, വാതക ശേഖരം കാരണം എന്നിവ ഉപയോഗപ്പെടുത്തി തുടര്‍ച്ചയായുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിച്ചു. ഇന്റര്‍നെറ്റിലെ സംസാര സ്വാതന്ത്ര്യം നിരോധിക്കുന്നതിലൂടെ തനിക്കെതിരെയുണ്ടാകുന്ന എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് പുടിന്‍ ശ്രമിച്ചത്.