കോവിഡ്: കാര്യമായ നടപടിയില്ലെങ്കിൽ 2020 യുഎസ്സിൻ്റെ ഏറ്റവും മോശം കാലമായിരിക്കും - ട്രംപ് പുറത്താക്കിയ വാക്സിൻ അതോറിറ്റിയുടെ മുൻ തലവൻ

 
കോവിഡ്: കാര്യമായ നടപടിയില്ലെങ്കിൽ 2020 യുഎസ്സിൻ്റെ ഏറ്റവും മോശം കാലമായിരിക്കും - ട്രംപ് പുറത്താക്കിയ വാക്സിൻ അതോറിറ്റിയുടെ മുൻ തലവൻ

ആധുനിക ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട കാലമായിരിക്കും യുഎസ് ഈ വര്‍ഷം നേരിടാന്‍ പോകുന്നത് എന്ന് വിസില്‍ബ്ലോവറുടെ മുന്നറിയിപ്പ്. യുഎസ് കോണ്‍ഗ്രസിന്റെ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് (ജനപ്രതിനിധിസഭ) പാനലിനാണ് വിസില്‍ബ്ലോവര്‍ ഈ മുന്നറിയിപ്പ് നല്‍കിയത് 82000ത്തിലധികം പേരാണ് കൊറോണ വൈറസ് ബാധിച്ച് യുഎസ്സില്‍ മരിച്ചത്. ഇതിനേക്കാള്‍ വലിയ വിപത്ത് വരാന്‍ പോകുന്നു എന്നാണ് മുന്നറിയിപ്പ്. കൊറോണ വാക്‌സിന്‍ വികസിപ്പിക്കാനായി പ്രവര്‍ത്തിച്ചിരുന്ന ബയോമെഡിക്കൽ അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻ്റ് അതോറിറ്റിയുടെ തലപ്പത്ത് നിന്ന് പുറത്താക്കിയ ഡോ.റിക്ക് ബ്രൈറ്റ് ആണ് മുന്നറിയിപ്പ് നല്‍കിയത്.

ഗവണ്‍മെന്റ് ഫലപ്രദമായി പ്രതികരിച്ചില്ലെങ്കില്‍ ഈ വര്‍ഷം യുഎസ് ചരിത്രത്തിലെ ഏറ്റവും മോശമായ കാലമാകും - ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഡോ ബ്രൈറ്റ് പറഞ്ഞു. കോവിഡ് 19 സംബന്ധിച്ച് താന്‍ നടത്തിയ പ്രവചനങ്ങള്‍ ട്രംപ് ഗവണ്‍മെന്റ് അവഗണിച്ചതായി റിക്ക് ബ്രൈറ്റ് കുറ്റപ്പെടുത്തി. രാജ്യത്ത് കോവിഡ് വ്യാപനം കൂടുതല്‍ നാശം വിതക്കാനും ദീര്‍ഘകാലം നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട് - റിക്ക് ബ്രൈറ്റ് പറഞ്ഞു. കോവിഡിനെ നേരിടാന്‍ രാജ്യത്തിന് ഒരു നാഷണല്‍ ടെസ്റ്റിംഗ് സ്ട്രാറ്റജി വേണം. അവശ്യ മരുന്നുകളും ഉപകരണങ്ങളും തുല്യമായി വിതരണം ചെയ്യാന്‍ പദ്ധതി വേണം. യുഎസ്സിന് മെച്ചപ്പെട്ട നിലയില്‍ കോവിഡിനെതിരെ പ്രതിരോധമുയര്‍ത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ല - റിക്ക് ബ്രൈറ്റ് കുറ്റപ്പെടുത്തി.

മലേറിയ മരുന്ന് കോവിഡിനെ ചെറുക്കാന്‍ വ്യാപകമായി ഉപയോഗിക്കാനുള്ള ട്രംപ് ഗവണ്‍മെന്റിന്റെ തീരുമാനത്തെ റിക്ക് ബ്രൈറ്റ് എതിര്‍ത്തിരുന്നു. റെംഡെസിവിര്‍ എന്ന മരുന്ന് വൈറസിനെതിരെ രോഗികളില്‍ ഫലപ്രദമാണ് എന്ന് ഗവണ്‍മെന്റിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിക്കപ്പെട്ടതായി റിക്ക് ബ്രൈറ്റ് പറയുന്നു. ഇതിന് വിരുദ്ധമായി മലേറിയ മരുന്നുകളായ ഹൈഡ്രോക്‌സിക്ലോറോക്വിനും ക്ലോറോക്വിനും കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന ട്രംപിന്റെ പ്രതാരണം നല്‍കുന്ന പദ്ധതിയാണ് തന്നോട് ആവശ്യപ്പെട്ടതെന്നും റിക്ക് ബ്രൈറ്റ് പറയുന്നു. ആര്‍ക്കും ബഹുമാനമോ, ഇഷ്ടമോ തോന്നാത്ത, നീരസം തോന്നുന്ന ഉദ്യോഗസ്ഥന്‍ എന്നാണ് ഡോ.റിക്ക് ബ്രൈറ്റിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. അയാളുടെ മനോഭാവം നോക്കുമ്പോള്‍ അയാളെ ഇനി ഗവണ്‍മെന്റില്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല എന്നും ട്രംപ് പറഞ്ഞിരുന്നു.