ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കാനാവില്ല; ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്

 
ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കാനാവില്ല; ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മഹാത്മ ഗാന്ധി പ്രതിമ ആക്രമിച്ച് തകര്‍ത്ത സംഭവത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഗാന്ധി സ്മാരകങ്ങള്‍ തകര്‍ക്കുന്നതില്‍ ആശങ്കയുണ്ട്, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും സംഭവത്തില്‍ അപലപിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സകി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം അതിക്രമങ്ങളെ അംഗീകരിക്കില്ല,കാഴ്ചപ്പാടുകളുടെയും മൂല്യങ്ങളുടെയും വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സമൂഹം. എല്ലാവരും പരസ്പരം ബഹുമാനിക്കുകയും സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് നാടിന്റെ സുരക്ഷയെ ബാധിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞു.

ജനുവരി 28നാണ് സിറ്റി ഓഫ് ഡെവിസില്‍ 2016 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മാനമായി നല്‍കിയ ഗാന്ധി പ്രതിമ അജ്ഞാതര്‍ ആക്രമിച്ച് തകര്‍ത്തെന്ന് റിപോര്‍ട്ടുകള്‍ പുറത്തു വന്നത്. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു ഇതെന്നുമായിരുന്നു റിപോര്‍ട്ടുകള്‍. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ലോകത്തിന്റെ മുന്നിലെ സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായ ഗാന്ധിയുടെ പ്രതിമയ്‌ക്കെതിരെ നടത്തിയ ആക്രമണം വിദ്വേഷമുളവാക്കുന്നതും, ജുഗുപറ്തസാവഹമായ നടപടിയാണ് - ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാഷിംങ്ടണിലെ ഇന്ത്യന്‍ എംബസി സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.