ഒമിക്രോണ്‍: 'ജീവിതം ഇല്ലാതാകുന്നതിനേക്കാള്‍ നല്ലത് ആഘോഷം വേണ്ടെന്നുവെക്കുന്നതാണ്'

 
Omicron
ആദ്യതരംഗത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ഒമിക്രോണ്‍ വ്യാപനം വേഗത്തില്‍

ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടെ അവധിക്കാല ആഘോഷങ്ങള്‍ കണക്കിലെടുത്ത് ഒമിക്രോണ്‍ വ്യാപന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. അതിരുകടന്ന ആഘോഷങ്ങളും ഒത്തുചേരലുകളും കേസുകള്‍ കൂടുന്നതിനും, ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിത സമ്മര്‍ദ്ദം നല്‍കുന്നതിനും, മരണം വര്‍ധിക്കുന്നതിനും കാരണമാകുമെന്നാണ് സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് നല്‍കുന്ന മുന്നറിയിപ്പ്. ജീവിതം റദ്ദാക്കപ്പെടുന്നതിനേക്കാള്‍ ഒരു ആഘോഷം റദ്ദാക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു. 

ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്നത്. വാക്‌സിന്‍ എടുത്തവര്‍ക്കും ഒരിക്കല്‍ കോവിഡ് ബാധിച്ചു ഭേദമായവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രതയും പ്രതിരോധവും തുടരണമെന്നാണ് ടെഡ്രോസ് ഗബ്രിയേസസ് പറയുന്നത്. ഒമിക്രോണ്‍ മുമ്പുണ്ടായതിനേക്കാള്‍ തീവ്രത കുറഞ്ഞ വകഭേദമാണെന്ന് പ്രാഥമിക തെളിവുകളില്‍നിന്ന് വിലയിരുത്തുന്നത് അപക്വമായിരിക്കുമെന്ന് സംഘടനാ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍ പറയുന്നു. കേസുകളുടെ എണ്ണം കൂടുന്നത് എല്ലാ ആരോഗ്യ പരിചരണ സംവിധാനങ്ങളെയും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഒമിക്രോണ്‍ വകഭേദം രോഗപ്രതിരോധത്തില്‍നിന്ന് വിജയകരമായി ഒഴിഞ്ഞുമാറുന്നതായി മനസിലാക്കാനാകുന്നു. അതുകൊണ്ട്, പല രാജ്യങ്ങളിലും നടപ്പാക്കുന്ന ബൂസ്റ്റര്‍ ഡോസ് യജ്ഞങ്ങള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെ ലക്ഷ്യമിട്ടായിരിക്കണം -അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.  

ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വേഗത്തില്‍ ഒമിക്രോണ്‍ വ്യാപിക്കുന്നു എന്നതിന് കൃത്യമായ തെളിവുകള്‍ ഇപ്പോഴുണ്ട്. കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ, ഒരു തവണ കോവിഡ് വന്ന് ഭേദമായവര്‍ക്കോ വീണ്ടും വരാനുള്ള സാധ്യതയും കൂടുതലാണെന്ന് ടെഡ്രോസ് ഗബ്രിയേസസ് കൂട്ടിച്ചേര്‍ത്തു. 

ലണ്ടനിലെ ഇംപീരിയല്‍ കോളേജ് നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെ പ്രതിധ്വനിപ്പിക്കുന്നതാണ് ഇരുവരുടെയും അഭിപ്രായങ്ങള്‍. ഒരിക്കല്‍ കോവിഡ് വന്നുപോയവര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത അഞ്ചിരട്ടിയിലധികം കൂടുതലാണെന്നും ഡെല്‍റ്റയേക്കാള്‍ തീവ്രത കുറഞ്ഞ വകഭേദമാണെന്നതിന് സൂചനകളൊന്നും പ്രകടമല്ലെന്നുമായിരുന്നു പഠനം കണ്ടെത്തിയത്. എന്നിരുന്നാലും, കോവിഡ് പ്രതിരോധ വാക്‌സിനുകള്‍കൊണ്ട് രോഗബാധയെ തടയാനാകുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചിലരില്‍ ആന്റിബോഡി പ്രതിരോധം കുറവായിരിക്കുമെങ്കിലും, ടി സെല്ലുകള്‍ക്ക് രോഗബാധിതമായ കോശങ്ങളെ ആക്രമിക്കുന്നതിലൂടെ ഗുരുതരമായ രോഗത്തെ തടയാന്‍ കഴിയുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെക്കുന്നു. അതേസമയം, കഴിഞ്ഞമാസം മാത്രം കണ്ടെത്തിയ വകഭേദത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് പരിമിതമായ അറിവേ ഇപ്പോള്‍ ഉള്ളൂവെന്ന് സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. തീര്‍ച്ചയായും അതൊരു വെല്ലിവിളിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയിലും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നാഴ്ചക്കിടെ 172 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ ചില കേസുകളെങ്കിലും ഒമിക്രോണ്‍ ആണോയെന്ന് കൃത്യമായി പരിശോധിക്കപ്പെടാതെ പോയിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. ഡിസംബര്‍ രണ്ടിന് കര്‍ണാടകയിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഫാര്‍മ എക്‌സിക്യൂട്ടീവിനും, കര്‍ണാടക സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകനുമാണ് രോഗം കണ്ടെത്തിയത്. ഒമിക്രോണ്‍ സ്ഥിരീകരിക്കുമ്പോഴേക്കും വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി ഫാര്‍മ എക്‌സിക്യൂട്ടീവ് ഇന്ത്യ വിട്ടിരുന്നു. ഏറ്റവും ഒടുവില്‍ പശ്ചിമബംഗാളില്‍നിന്നുള്ള 19 വയസുള്ള യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

മഹാരാഷ്ട്ര 54, ഡല്‍ഹി 28, തെലങ്കാന 20, കര്‍ണാടക 19, രാജസ്ഥാന്‍ 17, കേരളം 15, ഗുജറാത്ത് 11 എന്നിങ്ങനെയാണ് ഒമിക്രോണ്‍ കേസുകള്‍. 18 ദിവസങ്ങള്‍ക്കിടെയാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തില്‍ 171 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 40 ദിവസമാണ് വേണ്ടിവന്നത്. അതിനാല്‍, ഒമിക്രോണ്‍ രോഗവ്യാപനത്തെ വളരെ ലാഘവത്തോടെ കാണേണ്ട ഒന്നല്ലെന്നാണ് വൈറോളജിസ്റ്റുകള്‍ പറയുന്നത്. ഭൂരിഭാഗം കേസുകളും രോഗലക്ഷണം ഇല്ലാത്തവയാണ്. 10 ശതമാനത്തില്‍ താഴെ മാത്രമാണ് കൃത്യമായ ലക്ഷണങ്ങള്‍ കാണിക്കുന്നുള്ളൂ. അതിനാല്‍, രോഗവ്യാപനത്തിനുള്ള സാധ്യതകള്‍ ഇല്ലാതാക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.