കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍: ലോകരാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന 

 
Covid Vaccination

ലോകരാജ്യങ്ങളില്‍ കോവിഡ് വിവിധ തരംഗങ്ങളുണ്ടാകുന്ന പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ). മിതമായും മികച്ച രോഗപ്രതിരോധ ശേഷിയില്ലാത്തതുമായ ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കണമെന്നാണ് ഡബ്ല്യുഎച്ച്ഒ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തത്. 

ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍ (എസ്എജിഇ) ആണ് രോഗപ്രതിരോധശേഷി കുറഞ്ഞവരെ അടിയന്തിര പ്രാധാന്യമുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന നിര്‍ദ്ദേശം വെച്ചത്.  സെപ്റ്റംബര്‍ അവസാനം മുതല്‍, ഫൈസര്‍-ബയോഎന്‍ടെക്, ജാന്‍സെന്‍, മോഡേണ, സിനോഫാം, സിനോവാക്, ആസ്ട്രാസെനെക്ക, കോവിഷീല്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി കോവിഡ് വാക്‌സിനുകള്‍ ലോകാരോഗ്യ സംഘടന അടിന്തിര ഉപയോഗ പട്ടികയില്‍(യുഇഎല്‍) ഉള്‍പ്പെടുത്തിയിരുന്നു.  ഇന്ത്യയുടെ ഭാരത് ബയോടെക് നിര്‍മ്മിച്ച കോവാക്‌സിന്‍ അവലോകനം ചെയ്തതായും ലോകാരോഗ്യ സംഘടന യുഇഎല്‍ വാക്‌സിന്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു നയം ശുപാര്‍ശ ചെയ്യുമെന്നും എസ്എസ്എജിഇ പറഞ്ഞു.

ചൈനീസ് സിനോവാക്, സിനോഫാം എന്നിവയുടെ മൂന്നാം ഡോസ് 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കണമെന്ന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ പറഞ്ഞു. അതേസമയം, അധിക  ഡോസ് നല്‍കുന്നത് വാക്‌സിന്‍ വിതരണത്തിന്റെയും ലഭ്യതയുടെയും  അടിസ്ഥാനത്തില്‍ പരിഗണിക്കാം. ഈ ശുപാര്‍ശ നടപ്പിലാക്കുമ്പോള്‍, രാജ്യങ്ങള്‍  ജനസംഖ്യയുടെ വലിയ ശതമാനത്തിന് രണ്ട് ഡോസ് ലഭ്യമാക്കിയതായി ഉറപ്പുവരുത്തണം. അതിനുശേഷം മൂന്നാമത്തെ ഡോസ് നല്‍കി തുടങ്ങണം, അതും പ്രായമായവര്‍ക്ക് മുഖ്യപരിഗന നല്‍കി കൊണ്ടാകണമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. 

എല്ലാ രാജ്യങ്ങള്‍ക്കും ജനസംഖ്യയുടെ 40 ശതമാനമെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിന് ലോകവ്യാപകമായി വാക്‌സിനുകളുടെ  തുല്യമായ വിതരണം ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടന കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ആഗോള മൊറട്ടോറിയം ആവശ്യപ്പെട്ടിരുന്നു.
2021 അവസാനത്തോടെ കോവിഡ് നെതിരെ എല്ലാ രാജ്യങ്ങളിലെയും 40 ശതമാനം ജനങ്ങള്‍ക്കും 2022 പകുതിയോടെ 70 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള പദ്ധതി കഴിഞ്ഞയാഴ്ച ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ആഫ്രിക്കയില്‍ മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. .