കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവര്‍ത്തക മരണവക്കില്‍; ആരാണ് ഷാങ് ഷാന്‍? എന്താണ് അവര്‍ ചെയ്ത കുറ്റം?

 
Zhang Zhan

ഭരണകൂട ഭീകരതയ്‌ക്കെതിരെ ശബ്ദിക്കുന്നവര്‍ നേരിടേണ്ടിവരുന്ന അവസ്ഥ

വുഹാനിലെ കോവിഡ് സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ജയിലിലടച്ച സിറ്റിസണ്‍ ജേണലിസ്റ്റ്, ഷാങ് ഷാന്‍ മരണത്തിന്റെ വക്കിലാണ്. അറസ്റ്റിനെതിരെ നിരാഹാരം തുടരുന്ന ഷാനിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരിക്കുന്നു. 38 വയസുള്ള ഷാനിന്റെ ശരീരഭാരം വല്ലാതെ കുറഞ്ഞിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, ഷാന്‍ അധികകാലം ജീവിച്ചിരിക്കില്ലെന്ന ആശങ്കയും ബന്ധുക്കള്‍ പങ്കുവെക്കുന്നു. ഷാനിനെ എത്രയുംവേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി ഇന്റര്‍നഷാണല്‍ ഉള്‍പ്പെടെ മനുഷ്യാവകാശ സംഘടനകളും, മാധ്യമസംഘടനകളും, മാധ്യമപ്രവര്‍ത്തകരുമൊക്കെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, ചൈനീസ് ഭരണകൂടം പ്രതികരിച്ചിട്ടില്ല. 

ആരാണ് ഷാങ് ഷാന്‍?
ഷാങ്ഹായിയില്‍ നിന്നുള്ള സിറ്റിസണ്‍ ജേണലിസ്റ്റാണ് ഷാന്‍. അഭിഭാഷക ജോലി വിട്ടാണ് ഷാന്‍ മാധ്യമപ്രവര്‍ത്തനം തിരഞ്ഞെടുത്തത്. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ അവര്‍ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. 2019ല്‍, ഹോങ്കോങ് അനുകൂല ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കിയതോടെയാണ് ഷാന്‍ ചൈനീസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാകുന്നത്. ഷാങ്ഹായിയിലെ പീപ്പീള്‍സ് സ്‌ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍, സോഷ്യലിസം അവസാനിപ്പിക്കുക, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ പതിച്ച കുടയുംചൂടിയാണ് ഷാന്‍ പങ്കെടുത്തത്. അതേവര്‍ഷം സെപ്റ്റംബര്‍ ഒമ്പതിന്, ക്രമസമാധാനം തടസപ്പെടുത്തിയതിന് ഷാനെ തടങ്കലിലാക്കി. നവംബര്‍ 13വരെ അവര്‍ തടങ്കലില്‍ തുടര്‍ന്നു. അന്യായ തടങ്കലിനെതിരെ രണ്ട് തവണ അവര്‍ നിരാഹാര സമരവും നടത്തിയിരുന്നു. തന്റെ മാധ്യമപ്രവര്‍ത്തന ശൈലിക്കോ നിലപാടുകള്‍ക്കോ മാറ്റം വരുത്താന്‍ അവര്‍ തയ്യാറായതുമില്ല.  

2020 ഫെബ്രുവരി ഒന്നിന്, കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനിലേക്ക് യാത്ര ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ ഷാനും ഉണ്ടായിരുന്നു. പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ജീവിതം ദുസഹമായെന്ന് പ്രദേശവാസികളിലൊരാള്‍ വിവരിക്കുന്ന വീഡിയോ കണ്ടതിനെത്തുടര്‍ന്നാണ് വുഹാനിലേക്ക് പുറപ്പെട്ടത്. വുഹാനിലെത്തിയ ഷാന്‍ നേരിട്ടറിഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി നിരവധി വാര്‍ത്തകള്‍ പുറത്തുവിട്ടു. നിറഞ്ഞുകവിഞ്ഞ ആശുപത്രികള്‍, അവശ്യ സാധനങ്ങള്‍ പോലുമില്ലാത്ത കടകള്‍, വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സ്വതന്ത്ര-അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ തടങ്കല്‍, സര്‍ക്കാര്‍ നടപടികളെയും ഉത്തരവാദിത്തങ്ങളെയും ചോദ്യം ചെയ്ത കോവിഡ് ബാധിതരുടെ കുടുംബാംഗങ്ങളോടുള്ള അധികാരികളുടെ മോശം പെരുമാറ്റം, മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടിയ ശ്മശാനം എന്നിവയുടെ തത്സമയ വീഡിയോകളും വിവരങ്ങളും ഉള്‍പ്പെടെ അവര്‍ പുറത്തുവിട്ടു. 

സര്‍ക്കാരിനെ അലോസരപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍
മാധ്യമങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കി സ്വാതന്ത്ര്യം നിഷേധിച്ചും, കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചും കോവിഡ് കേസുകളുടെയും മരണത്തിന്റെയും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവരാതിരിക്കാന്‍ ചൈനീസ് ഭരണകൂടം ശ്രമിക്കുകയാണെന്ന് ഷാന്‍ വിശദമായ ലേഖനം പ്രസിദ്ധീകരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടുകൊണ്ടിരിക്കുമ്പോള്‍, ശ്മശാനങ്ങള്‍പോലും രാവും പകലും നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചായിരുന്നു ഷാന്‍ റിപ്പോര്‍ട്ട് ചെയ്തത്. വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റും സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തവര്‍ അനുഭവിക്കേണ്ടിവന്ന അവഹേളനവും ഉപദ്രവവും ഉള്‍പ്പെടെ അവര്‍ പുറത്തുവിട്ടു. ചൈനീസ് സര്‍ക്കാരിന്റെ നടപടികളെയും പ്രചാരവേലയെയും നിശിതമായി വിമര്‍ശിച്ചു. കോവിഡ് ബാധയുണ്ടായതായി 2019 ഡിസംബര്‍ 30ന് തന്നെ ലോകജനതയ്ക്ക് മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ലിയാങ്ങിനെതിരെ കേസെടുത്ത പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ തേടാനും ഷാന്‍ ശ്രമിച്ചിരുന്നു. 

ഭീഷണി, അറസ്റ്റ്, ജയില്‍ശിക്ഷ
ഷാനിന്റെ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗം പ്രചരിച്ചു. ഇത് ചൈനീസ് ഭരണകൂടത്തെ അലസോരപ്പെടുത്തി. ഉദ്യോഗസ്ഥര്‍ പലതവണ ഭീഷണിയുമായെത്തി. എന്നാല്‍, ലൈവ് വീഡിയോകള്‍ ഉള്‍പ്പെടെ പുറത്തുവിട്ടും ലേഖനങ്ങള്‍ എഴുതിയും അവര്‍ അവിടെ തുടര്‍ന്നു. മഹാമാരിക്കാലത്തും ഒരു നഗരത്തെയും ജനതയെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തുടരുന്ന മാര്‍ഗം ഭീഷണിയുടേതാണ്. അത് ഈ രാജ്യത്തിന്റെ ദുരന്തമാണെന്ന് ഷാന്‍ വിളിച്ചു പറഞ്ഞു. അതിനുശേഷം, മെയ് 14ന് ഷാനിനെ കാണാതായി. തൊട്ടടുത്ത ദിവസം, ഷാന്‍ അറസ്റ്റിലായെന്ന് നെറ്റ്വര്‍ക്ക് ഓഫ് ചൈനീസ് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫെന്‍ഡേഴ്സ് എന്ന സംഘടന വെളിപ്പെടുത്തി. വുഹാനില്‍നിന്ന് ഷാങ്ഹായിയിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. താമസിച്ചിരുന്ന ഹോട്ടലിലെത്തിയാണ് അവരെ അറസ്റ്റ് ചെയ്തത്. അടുത്ത സുഹൃത്തുക്കളോടുപോലും വിവരം കൈമാറാന്‍ അവരെ അനുവദിച്ചതുമില്ല. ഒരു മാസത്തിനുശേഷം, ജൂണ്‍ 19നാണ് ഷാനിന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. 

തടങ്കലില്‍ അടച്ച ഷാനിനെതിരെ നവംബറിലാണ് കുറ്റം ചുമത്തിയത്. വീചാറ്റ്, ട്വിറ്റര്‍, യുട്യൂബ് തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കുറിപ്പുകളും വീഡിയോയും പ്രചരിപ്പിച്ചു, കലാപത്തിന് ആഹ്വാനം ചെയ്യുകയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു, വിദേശ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതും, വുഹാനിലെ കോവിഡ് ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ വിദ്വേഷജനകമായി പ്രചരിപ്പിച്ചെന്നുമുള്ള കുറ്റങ്ങളും ഷാനിനെതിരെ ചാര്‍ത്തപ്പെട്ടു. അടച്ചിട്ട മുറിയില്‍ നടന്ന വിചാരണക്കൊടുവില്‍, ഡിസംബറില്‍ ഷാനിന് 4 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു. 

ജയിലില്‍ നിരാഹാരം, ആരോഗ്യസ്ഥിതി അപകടകരം
2020 മെയ് മാസമാണ് ഷാനിനെ കസ്റ്റഡിയില്‍ എടുത്തത്. ജൂണില്‍ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ, ഷാന്‍ നിരാഹാര സമരം ആരംഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ വിചാരണക്കായി, വീല്‍ചെയറിലാണ് ഷാനിനെ കോടതിയില്‍ എത്തിച്ചത്. നിരാഹാരം തുടങ്ങിയതിനു പിന്നാലെ, കൈകളില്‍ വിലങ്ങണിയിച്ചശേഷം ബലംപ്രയോഗിച്ച് ഭക്ഷണം നല്‍കാന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. അതോടെ, ദിവസം മുഴുവന്‍ അതേ അവസ്ഥയില്‍ അവര്‍ക്ക് തുടരേണ്ടിവന്നു. പലപ്പോഴും അധികൃതരില്‍ നിന്നുള്ള മോശം പെരുമാറ്റത്തിനും ശാരീരിക പീഡനത്തിനും വരെ ഇത് ഇടയാക്കിയി. പിന്നീട്, ഭക്ഷണം നല്‍കുന്നത് നേസല്‍ ട്യൂബ് വഴിയാക്കി. ഷാനിന് തലയുയര്‍ത്താനോ പരസഹായം കൂടാതെ എഴുന്നേല്‍ക്കാനോ കഴിയാത്ത വിധം ആരോഗ്യസ്ഥിതി മോശമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാനിനെ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ അധികാരികള്‍ക്ക് കത്തെഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.

'ഷാനിന്റെ ഭാരം കുറഞ്ഞുവരികയാണ്. നേസല്‍ ട്യൂബ് വഴി ഇപ്പോള്‍ നിര്‍ബന്ധിതമായി ഭക്ഷണം നല്‍കുകയാണ്. അവളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയില്ല. വരാനിരിക്കുന്ന ശൈത്യകാലത്തെ അവള്‍ അതിജീവിക്കുമെന്ന് തോന്നുന്നില്ല' എന്നാണ് ഷാനിന്റെ സഹോദരന്‍ ഷാങ് ജു ട്വിറ്ററില്‍ കുറിച്ചു. ഷാങ് ജുവിന്റെ ട്വീറ്റിനു പിന്നാലെ, ഷാനിന് ആവശ്യമായ വൈദ്യചികിത്സ നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്കെതിരായ ലജ്ജാകരമായ ആക്രമണമാണ് ഷാനിന്റെ തടങ്കല്‍ എന്നാണ് ആംനെസ്റ്റിയുടെ പ്രതികരണം. ഷാനെ എത്രയും വേഗം മോചിപ്പിക്കണം. ജയില്‍ മോചിതയായാല്‍ ഷാനിന് വൈദ്യസഹായം തേടാന്‍ കഴിയും. അതോടെ, നിരാഹാര സമരവും അവസാനിക്കുമെന്നാണ് ആംനെസ്റ്റി അറിയിച്ചിരിക്കുന്നത്. 

വിമതസ്വരം ഉയര്‍ത്തുന്നവരെ, അത് മാധ്യമപ്രവര്‍ത്തകരായാലും ഏതുവിധേനയും അടിച്ചമര്‍ത്തുകയെന്നത് ചൈനീസ് കുതന്ത്രമാണ്. കോവിഡ് കാലത്ത് സിറ്റിസണ്‍ ജേണലിസ്റ്റ് ഉള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരെ കാണാതാകുകയോ അറസ്റ്റിലാകുകയോ ചെയ്തിരുന്നു. അവരില്‍ ചിലര്‍, തങ്ങളെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ചിലരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ തടയുന്നതിന്റെ ഭാഗമായി അവരെ തടങ്കലില്‍ വെച്ചിരിക്കുകയോ, വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയോ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് സംഭവിക്കുന്നതാണ് ഷാനിനും സംഭവിച്ചിരിക്കുന്നത്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ അവര്‍ അത്രത്തോളം ഭയപ്പെടുന്നുണ്ട്.ലോകരാജ്യങ്ങള്‍ മാത്രമല്ല, സ്വന്തം ജനതയും എല്ലാ കാര്യങ്ങളും അറിയേണ്ട എന്ന ചൈനീസ് നയം നിഗൂഢത നിറഞ്ഞതാണ്.