എന്തിന് താലിബാന്‍ വിദേശ കറന്‍സികള്‍ നിരോധിച്ചു? അഫ്ഗാന്‍ സമ്പദ്‌വ്യവസ്ഥയെ ഇതെങ്ങനെ ബാധിക്കും 

 
D

അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സി പൂര്‍ണമായും താലിബാന്‍ നിരോധിച്ചിരിക്കുകയാണ്. നിയമം ലംഘിച്ച് വിദേശ കറന്‍സി ഉപയോഗിച്ചാല്‍ കര്‍ശന ശിക്ഷാനടപടിയുണ്ടാകുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ പുതിയ തീരുമാനം  സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കുമെന്നാണ് വിലയിരുത്തല്‍. 

രാജ്യത്തെ സാമ്പത്തിക സ്ഥിതിയും ദേശീയ താല്‍പ്പര്യങ്ങളും കണക്കിലെടുത്താണ് എല്ലാ അഫ്ഗാനികളും എല്ലാ വ്യാപാരത്തിലും അഫ്ഗാന്‍ കറന്‍സി ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം വെച്ചിരിക്കുന്നതെന്നാണ് താലിബാന്‍ വ്യക്തമാക്കുന്നത്. അതേസമയം താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയ ശേഷം ദേശീയ കറന്‍സിയായ അഫ്ഗാനിയുടെ മൂല്യം ഇടിഞ്ഞതും അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക പിന്തുണ പിന്‍വലിച്ചതും സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ച സാഹചര്യത്തില്‍ വിദേശ കറന്‍സികള്‍ നിരോധിക്കാനുള്ള തീരുമാനം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഫ്ഗാനിയുടെ മൂല്യത്തകര്‍ച്ചയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡോളറാണ് വ്യാപകമായി ഉപയോഗിക്കുന്നത്. അതിര്‍ത്തി പ്രവിശ്യകളില്‍ പാകിസ്ഥാന്‍ രൂപയും ഉപയോഗിക്കുന്നു. ഓഗസ്റ്റ് 15ന് കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിനുപിന്നാലെ 9.5 ബില്യണിലധികം ഡോളര്‍ ലഭിക്കുന്നതില്‍ നിന്നും അഫ്ഗാനിസ്ഥാനെ അമേരിക്കയും ലോകബാങ്കും അന്താരാഷ്ട്ര നാണയ നിധിയും തടഞ്ഞതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുകളും  അഫ്ഗാന്‍ ആസ്തികള്‍ മരവിപ്പിച്ച തീരുമാനം പിന്‍വലിക്കാന്‍
ആവശ്യപ്പെട്ടതിന് ശേഷമാണ് വിദേശ കറന്‍സികള്‍ നിരോധിക്കാനുള്ള താലിബാന്റെ തീരുമാനമെന്നതും ശ്രദ്ധേയമാണ്.  അന്താരാഷ്ട്ര നാണയ നിധി അഫ്ഗാനിസ്ഥാന്റെ കരുതല്‍ ശേഖരത്തിന് തടയുകയും ലോകബാങ്ക് രാജ്യത്തെ പദ്ധതികള്‍ക്കുള്ള ധനസഹായം നിര്‍ത്തുകയും ചെയ്ത തീരുമാനങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.  പണക്ഷാമവും പട്ടിണിയും പുതിയ കുടിയേറ്റ പ്രതിസന്ധിയും ഉടലെടുക്കുന്നതിന് ഇത് ഇടയാക്കിതയായി റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. വിദേശസഹായം വെട്ടിക്കുറച്ച സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യ സംരക്ഷണവും മറ്റ് മേഖലകളും പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുപെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. ഈ മാസം ആദ്യം, വേള്‍ഡ് ഫുഡ് പ്രോഗ്രാം 2.28 കോടി ആളുകള്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും ഓഗസ്റ്റിലെ 1.4 കോടിയെ അപേക്ഷിച്ച് ഇത് പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും പറഞ്ഞിരുന്നു. അഫ്ഗാനെ സംബംന്ധിച്ച് 3.9 കോടിയാണ് രാജ്യത്തെ ജനസംഖ്യ.

എന്തുകൊണ്ടാണ് താലിബാന്‍ ഈ നിരോധനം ഏര്‍പ്പെടുത്തിയത്?

രാജ്യത്തുടനീളം എല്ലാ വിദേശ കറന്‍സികളും ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടാണ് താലിബാന്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്.
കടയുടമകള്‍ മുതല്‍ ബിസിനസ്സ് ഉടമകള്‍ വരെ - എല്ലാ ഇടപാടുകളും ദേശീയ കറന്‍സിയായ അഫ്ഗാനി ഉപയോഗിച്ച് നടത്താനാണ്
താലിബാന്‍ നിര്‍ദ്ദേശം. താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം പറഞ്ഞത്. 

എന്നാല്‍ രാജ്യത്ത് വിദേശസഹായം നിലയ്ക്കുന്ന സമയത്ത് താലിബാന്റെ പുതിയ നീക്കം ഞെട്ടിക്കുന്നതാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് മാസം മുമ്പ് അഫ്ഗാനിസ്ഥാന്‍ നിയന്ത്രണം പിടിച്ചെടുത്തതുമുതല്‍ അമേരിക്കയും മറ്റ് രാജ്യങ്ങളും മരവിപ്പിച്ച ബില്യണ്‍ കണക്കിന് ഡോളറിന്റെ വിദേശ കരുതല്‍ ശേഖരം തിരിച്ചു പിടിക്കാനാണ് താലിബാന്റെ ശ്രമമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ മുതല്‍ രാജ്യത്തിന്റെ പൊതു ചെലവിന്റെ മുക്കാല്‍ ഭാഗവും ധനസഹായം നല്‍കിയിരുന്നത് വിദേശ സഹായമാണെന്നാണ് ബിബിസി റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇത് അഫ്ഗാന്‍ കറന്‍സി അഫ്ഗാനിയുടെ മൂല്യം ഗണ്യമായി കുറയാനിടയായതായും വിദേശ കറന്‍സികളുടെ ഉപയോഗം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതായുമാണ് താലിബാന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് അഫ്ഗാനി കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്തണമെന്നും ഈ ഉത്തരവ് ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കുന്നു. 

അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ പുതിയ തീരുമാനം എങ്ങനെ ബാധിക്കും 

താലിബാന്‍ ഈ പുതിയ നിയമം എങ്ങനെ നടപ്പാക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല, പ്രത്യേകിച്ചും രണ്ട് പതിറ്റാണ്ടിലേറെയായി വ്യാപാരം നടത്തുന്നതിന് രാജ്യം യുഎസ് ഡോളറിനെ വളരെയധികം ആശ്രയിക്കുന്നതിനാല്‍. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, അഫ്ഗാന്‍ ബാങ്കുകളുടെ നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും രാജ്യത്തിന്റെ ദേശീയ വായ്പയുടെ പകുതിയും യുഎസ് ഡോളറിലാണ്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പാകിസ്ഥാന്‍ രൂപയും വ്യാപാരത്തിനായി ഉപയോഗിക്കുന്നുണ്ട്.

ബിസിനസ്സ് ഉടമകളും വ്യാപാരികളും ഇറക്കുമതി ചെയ്ത ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമായി പണം നല്‍കുന്നതിനും അതുപോലെ ഒരു വീട് വാങ്ങുന്നത് പോലെയുള്ള വലിയ ഇടപാടുകള്‍ക്കും ഡോളര്‍ ഉപയോഗിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. വിദേശ കറന്‍സി നിരോധനം വിദേശത്ത് നിന്ന് സഹായം സ്വീകരിക്കുന്നതും കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനും സാധ്യതയുണ്ട്. ആഗസ്റ്റില്‍ കാബൂളിന്റെ പതനത്തിന് മുമ്പ് ആവശ്യമായ പ്രാദേശിക കറന്‍സി അച്ചടിക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ധനമന്ത്രാലയത്തിലും സെന്‍ട്രല്‍ ബാങ്കിലും ജോലി ചെയ്യുന്നവരെ ഉദ്ധരിച്ചുള്ള എപി ന്യൂസ് റിപോര്‍ട്ട് പറയുന്നു. 

രാജ്യം ഇപ്പോള്‍ കടുത്ത വരള്‍ച്ചയെ നേരിടുകയാണ്, ഇത് ഗോതമ്പ് വിളയുടെ ഭൂരിഭാഗവും നശിപ്പിക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. അന്താരാഷ്ട്ര സഹായം വെട്ടിക്കുറച്ച സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്റെ ആരോഗ്യസംരക്ഷണ സംവിധാനവും വെല്ലുവിളി നേരിടുകയാണ്.  രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ഏകദേശം 22.8 ദശലക്ഷം ആളുകള്‍ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ കാരണം പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം റിപോര്‍ട്ട് പറയുന്നു. ശൈത്യകാലം അടുക്കുന്നതോടെ സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്. അഫ്ഗാന്‍ ജനസംഖ്യയുടെ 95 ശതമാനവും പട്ടിണിയിലാകുമെന്നും 97 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാകുമെന്നും യുഎന്‍ കണക്ക് കൂട്ടുന്നതായും റിപോര്‍ട്ടകള്‍ പറയുന്നു. ഈ വര്‍ഷം അഫ്ഗാന്‍ സമ്പദ്‌വ്യവസ്ഥ 30 ശതമാനം ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും ഇത് വ്യാപകമായ ദാരിദ്ര്യത്തിനും വലിയ തോതിലുള്ള  പ്രതിസന്ധിക്കും കാരണമാകുമെന്നും ഒക്ടോബറില്‍ ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.