അഫ്ഗാനിലെ രക്ഷാദൗത്യം തുടരുമോ? യുഎസ് സേനയുമായി ചര്‍ച്ചയിലെന്ന് ജോ ബൈഡന്‍

 
Joe bIden

കാബൂള്‍ വിമാനത്താവളത്തിനു ചുറ്റുമുള്ള സുരക്ഷിത മേഖല വിപുലപ്പെടുത്തി

അഫ്ഗാനിസ്താനിലെ രക്ഷാദൗത്യം തുടരുന്ന കാര്യം സേനയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. നിലവില്‍ ആഗസ്റ്റ് 31 വരെ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സമയപരിധി നീട്ടണമോ എന്ന കാര്യം യുഎസ് സേനാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. സമയം ദീര്‍ഘിപ്പിക്കേണ്ടിവരില്ലെന്നാണ് പ്രതീക്ഷയെന്നും വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ബൈഡന്‍ വ്യക്തമാക്കി. 

ഭീകരര്‍ നിലവിലെ സാഹചര്യം മുതലെടുക്കാനും നിഷ്‌കളങ്കരായ അഫ്ഗാന്‍ അല്ലെങ്കില്‍ യുഎസ് സൈന്യത്തെ ലക്ഷ്യംവെക്കാനും സാധ്യതയുണ്ട്. ഐഎസ്, ഐസിസ്-കെ ഉള്‍പ്പെടെ ഭീകരസംഘടനകളില്‍നിന്ന് ഭീഷണിയോ വെല്ലുവിളിയോ ഉയരുന്നുണ്ടോയെന്ന കാര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള സുരക്ഷിത മേഖല വിപുലപ്പെടുത്തിയിട്ടുണ്ടെന്നും ബൈഡന്‍ പറഞ്ഞു. 

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയതും ബുദ്ധിമുട്ടേറിയതുമായ എയര്‍ലിഫ്റ്റാണ് അഫ്ഗാനിസ്താനിലേതെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. ആഗസ്റ്റ് 14 മുതല്‍ അഫ്ഗാനില്‍നിന്ന് ഏകദേശം 25,100 പേരെ യുഎസ് സൈന്യം തിരികെയെത്തിച്ചതായി വൈറ്റ് ഹൗസ് ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ജൂലൈ മുതല്‍ ഇതുവരെ 30,000ഓളം ആളുകളെയാണ് തിരികെയെത്തിച്ചത്.