'പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാം; സര്‍വകക്ഷി സര്‍ക്കാര്‍ വരട്ടെ'; രാജി സന്നദ്ധത അറിയിച്ച് രാജപക്‌സയും 

 
srilanka

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനും സര്‍വകക്ഷി സര്‍ക്കാരിന് അധികാരം ഏറ്റെടുക്കാന്‍ വഴിയൊരുക്കാനും തയ്യാറാണെന്ന് റനില്‍ വിക്രമസിംഗെ.  ശനിയാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ച് തീരുമാനം അറിയിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അറിയിച്ചു. പാര്‍ലമെന്റ് അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ സ്പീക്കറോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറി പ്രക്ഷോഭം കനത്തതോടെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ പ്രസിഡന്റ് ഗോടബയ രാജപക്‌സ ഉടനടി രാജിവെക്കണമെന്ന ആവശ്യം ശക്തമായി. രാജപക്സെയുടെ ശ്രീലങ്ക പൊതുജന പെരമുന (എസ്എല്‍പിപി) പാര്‍ട്ടിയുടെ 16 എംപിമാര്‍ അദ്ദേഹത്തോട് ഉടന്‍ രാജിവയ്ക്കണമെന്നും പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഒരു നേതാവിനെ രാജ്യത്തെ നയിക്കുന്നതിന് വഴിയൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അഴിമതി ആരോപണങ്ങളില്ലാത്ത പക്വതയുള്ള നേതാവിന് രാജ്യം ഏറ്റെടുക്കാന്‍ രാജപക്സെ അവസരം നല്‍കണമെന്ന് അവര്‍ വ്യക്തമാക്കി.  പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി നേതാക്കള്‍ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുമെന്ന് രാജപക്‌സ അറിയിച്ചതായാണ് വിവരം

ശനിയാഴ്ച രാവിലെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും വിധം അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ പൊട്ടിപ്പുറപ്പെട്ടത്, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, 40-ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കാന്‍ഡിയിലെ പ്രസിഡന്റിന്റെ മറ്റൊരു വസതിയും തെക്കന്‍ നഗരമായ തങ്കല്ലെയിലെ മുന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സയുടെ പൂര്‍വ്വിക ഭവനവും വളഞ്ഞു.

രാജ്യത്ത് പ്രതിസന്ധിയും സംഘര്‍ഷവും രൂക്ഷമായതോടെ ജൂലൈ 18 വരെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 1948-ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍, പ്രസിഡന്റ് രാജപക്സെയ്ക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധിച്ചത്. സാമ്പത്തിക കെടുകാര്യസ്ഥതയും കോവിഡ് പ്രതിസന്ധിയും കാരണം വിദേശനാണ്യ ശേഖരം ചുരുങ്ങിയതോടെയാണ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യത്തെ എത്തിച്ചത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ലങ്കയില്‍ പ്രക്ഷോഭം തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പ്രക്ഷോഭം കനത്തതോടെ മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോതബായ പ്രസിഡന്റായി തുടരുകയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍നിന്നു തന്നെ പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുറവിളി ഉയര്‍ന്നതാണ് ഗോതബയെ സമ്മര്‍ദ്ദത്തിലാക്കിയത്.