അതിതീവ്ര ചുഴലിക്കാറ്റ് ഐഡ കര തൊട്ടു; അമേരിക്കയില്‍ കനത്ത നാശം

 
ida

അമേരിക്കയില്‍ ആഞ്ഞുവീശി ഐഡ ചുഴലിക്കാറ്റ് കരതൊട്ടു.ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ് കനത്തനാശം വിതച്ചു.. ലൂസിയാനയില്‍ വൈദ്യുതി വിതരണം നിലച്ചു. പ്രദേശത്തു നിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും 6,20,000പേര്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്.   200 കിലോമീറ്ററിലേറെ വേഗതയിലാണ് കാറ്റ് വീശുന്നത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും അമേരിക്കന്‍ പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലൂസിയാന ഇതുവരെ നേരിട്ടുള്ള ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഷെല്‍ബീച്ച്, ലൂസിയാന, യാച്ച് ക്ലബ്, മിസ്സിസിപ്പി തുടങ്ങിയയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

ഐഡ കരതൊട്ടതിനു പിന്നാലെ ഞായറാഴ്ച ആശുപത്രികളിൽ പോകുകയോ അടിയന്തര സേവനങ്ങൾ തേടുകയോ ചെയ്യരുതെന്ന് ലൂസിയാന നഗര അധികാരികൾ കർശനമായി മുന്നറിയിപ്പ് നൽകി. പുത്തിറങ്ങാന്‍ സാഹചര്യം ഉണ്ടാകുന്നതുവരെ  ന്യൂ ഓർലിയൻസ് എമർജൻസി മെഡിക്കൽ സർവീസസ് അത്യാഹിത സംഘങ്ങൾ  അടിയന്തര കോളുകളോട് പ്രതികരിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

നേരത്തെ അമേരിക്കയില്‍ കനത്ത നാശം വിതച്ച കത്രീന ചുഴലിക്കാറ്റിനേക്കാള്‍ അപകടകാരിയാണ് ഐഡ എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതീവ വിനാശകാരി എന്നതിനാല്‍ കാറ്റഗറി നാലിലാണ് ഐഡ ചുഴലിക്കാറ്റിനെ പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റിന് മുന്നോടിയായി ലൂസിയാനയിലും മറ്റും മഴയും ശക്തമായിരുന്നു.