അഫ്ഗാനില്‍നിന്നുള്ള സേനാ പിന്മാറ്റം; ബുദ്ധിപരം, യുഎസിന്റെ ഏറ്റവും മികച്ച തീരുമാനം: ബൈഡന്‍

 
Joe bIden

ഭീകരതക്കെതിരായ പോരാട്ടം തുടരും

20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് സേനയെ പിന്‍വലിച്ച തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഇത് ശരിയായ തീരുമാനമാണ്. ബുദ്ധിപരമായൊരു തീരുമാനം. യുഎസിന്റെ ഏറ്റവും മികച്ച തീരുമാനം. യുഎസ് ജനതയുടെ ദേശീയ താല്‍പര്യത്തിന്റെ ഭാഗമല്ലാത്ത യുദ്ധത്തില്‍ തുടരുന്നതിന് കാരണമില്ലെന്നും വൈറ്റ്‌ഹൈസില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ പറഞ്ഞു. 

അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന്, തെരഞ്ഞെടുപ്പ് സമയത്ത് യുഎസ് ജനതയ്ക്ക് നല്‍കിയ ഉറപ്പ് ഇന്ന് നിറവേറ്റിയിരിക്കുന്നു. വളരെ നേരത്തെ അവസാനിക്കേണ്ടിയിരുന്ന യുദ്ധമാണ് അഫ്ഗാനിലേത്. 20 വര്‍ഷത്തിനുശേഷവും യുഎസിന്റെ മറ്റൊരു തലമുറയെ അവിടേക്ക് അയയ്ക്കാന്‍ താല്‍പര്യമില്ലായിരുന്നു. അഫ്ഗാനില്‍ രണ്ട് പതിറ്റാണ്ടുകളായി രണ്ട് ട്രില്യനിലേറെ യുഎസ് ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണക്കാക്കുന്നത് പ്രകാരം ദിവസേന 300 മില്യന്‍ ഡോളറിലേറെയാണിതെന്നും ബൈഡന്‍ വ്യക്തമാക്കി.

വെല്ലുവിളികള്‍ക്കിടെ, രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ നന്ദി അറിയിച്ചു. അഫ്ഗാനിലുള്ള യുഎസ് പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരും. രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസിനും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. യുഎസിനെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ല. ഭീകരതക്കെതിരായ പോരാട്ടം തുടരുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

ആഗസ്റ്റ് 30നാണ് യുഎസ് അഫ്ഗാനില്‍നിന്നും പൂര്‍ണമായി പിന്മാറിയത്. അഫ്ഗാന്‍ സമയം രാത്രി ഒമ്പതിന് കാബൂള്‍ വിമാനത്താവളത്തില്‍ നിന്നാണ് യുഎസിന്റെ അവസാന സൈനിക വിമാനം പുറപ്പെട്ടത്. പിന്നാലെ, വിമാനത്താവളം ഉള്‍പ്പെടെ കൈയടക്കിയ താലിബാന്‍ സമ്പൂര്‍ണ വിജയം പ്രഖ്യാപിച്ചിരുന്നു. ആകാശത്തേക്ക് വെടിയുതിര്‍ത്തായിരുന്നു താലിബാന്റെ ആഘോഷം.