പുതിയ സര്‍ക്കാരിനെ അംഗീകരിക്കണം, അല്ലാത്തപക്ഷം പ്രശ്‌നങ്ങളുണ്ടാകും: ലോകരാജ്യങ്ങള്‍ക്ക് താലിബാന്റെ മുന്നറിയിപ്പ്

 
Taliban

ഭൂരിപക്ഷം ലോകരാജ്യങ്ങളും താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല

അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിനെ അംഗീകരിക്കാന്‍ യുഎസ് ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ തയ്യാറാകണമെന്ന് താലിബാന്‍. പുതിയ ഭരണകൂടത്തെ അംഗീകരിക്കാതിരിക്കുന്നതും വിദേശ ഫണ്ടുകള്‍ തടഞ്ഞുവെക്കുന്നതും തുടര്‍ന്നാല്‍, ലോകത്തിനാകെ അത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി. ആഗസ്റ്റില്‍ അഫ്ഗാന്റെ ഭരണം ഏറ്റെടുത്ത താലിബാന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഭൂരിപക്ഷം ലോകരാജ്യങ്ങളും അതിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല, കടുത്ത സാമ്പത്തിക-മാനുഷിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും അഫ്ഗാനുള്ള കോടിക്കണക്കിന് ഡോളറിന്റെ വിദേശസഹായം തടയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, താലിബാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

അമേരിക്കയോട് പറയാനുള്ളത് ഇതാണ്, ഞങ്ങളെ അംഗീകരിക്കാതിരിക്കുന്നത് തുടരുകയാണെങ്കില്‍, അഫ്ഗാനിലെ പ്രശ്‌നങ്ങളുടെ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍, അത് ഈ മേഖലയുടെയും ലോകത്തിന്റെയാകെയും പ്രശ്‌നമായി മാറും -താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുപക്ഷവും തമ്മില്‍ നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാതിരുന്നതിനാലാണ് താലിബാനും യുഎസും തമ്മില്‍ നേരത്തെ യുദ്ധം ഉണ്ടാകാന്‍ കാരണമായത്. യുദ്ധത്തിന് കാരണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെയോ രാഷ്ട്രീയ വിട്ടുവീഴ്ചകളിലൂടെയോ പരിഹരിക്കാന്‍ കഴിയാവുന്നതായിരുന്നു. പുതിയ സര്‍ക്കാരിനെ അംഗീകരിക്കുകയെന്നത് അഫ്ഗാന്‍ ജനതയുടെ അവകാശമാണെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു. 2001ല്‍, സെപ്റ്റംബര്‍ ആക്രമണത്തിനു പിന്നാലെ, അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കൈമാറാന്‍ താലിബാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് യുഎസ് അഫ്ഗാനില്‍ നടത്തിയ അധിനിവേശത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു മുജാഹിദിന്റെ വാക്കുകള്‍. 

താലിബാന്‍ സര്‍ക്കാരിന് സാമ്പത്തിക സഹായം ഉള്‍പ്പെടെ സര്‍വ പിന്തുണയും ചൈന ഉറപ്പുനല്‍കിയിട്ടുണ്ട്. പാകിസ്ഥാനും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. റഷ്യയും സമാന പാതയിലാണ്. ഭീകരരുടെ പട്ടികയില്‍നിന്ന് താലിബാനെ ഒഴിവാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, ഭൂരിപക്ഷം രാജ്യങ്ങളും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുന്നില്ല. എന്നിരുന്നാലും, അഫ്ഗാനിസ്ഥാന് പുറത്ത് താലിബാന്‍ പ്രതിനിധികള്‍ ഇന്ത്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്.