തൊഴില്‍-വരുമാന നഷ്ടവും കൂലിയില്ലാ ജോലിയും; കോവിഡ് സ്ത്രീകളെ ബാധിച്ച വിധം

 
Covid and Women

മറ്റെല്ലാ പ്രതിസന്ധികളെയും പോലെ, കോവിഡും സ്ത്രീ ജീവിതങ്ങള്‍ക്കുമേലാണ് തീമഴ പെയ്യിച്ചത്

ലോകത്തെയാകെ ബാധിച്ച കോവിഡിന്റെ സാമൂഹികവും സാമ്പത്തികവുമായ ഭാരം ആത്യന്തികമായി പേറുന്നത് സ്ത്രീകളാണെന്നാണ് ഇതുസംബന്ധിച്ച മിക്ക പഠനവും പറയുന്നത്. തൊഴില്‍-വരുമാനനഷ്ടം, വിദ്യാഭ്യാസ നഷ്ടം, ഗാര്‍ഹിക പീഡനം, ശൈശവ വിവാഹം, മനുഷ്യക്കടത്ത്, കുട്ടികളെയും രോഗികളായ കുടുംബാംഗങ്ങളെയും പരിചരിക്കുന്നതിന്റെ ഉത്തരവാദിത്തം എന്നിങ്ങനെ കാര്യങ്ങള്‍ സ്ത്രീകളെയാണ് പ്രത്യേകിച്ചും ബാധിച്ചതെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് സൊസൈറ്റി (ഐഎഫ്ആര്‍സി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാമാരിക്കാലത്ത് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും പരിപാലനം സ്ത്രീകളുടെ വലിയ ഉത്തരവാദിത്തമായി. കുട്ടികളുടെ പഠന കാര്യങ്ങളും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി. അതോടെ, പലര്‍ക്കും ജോലി തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യവുമുണ്ടായി. സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും ഈ പ്രവണത ഒരുപോലെ പ്രകടമാണ്. ജോലിയും കൂലിയും നഷ്ടപ്പെട്ടെങ്കിലും സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അവസാനിച്ചിരുന്നില്ല. കുടുംബത്തിന്റെ പരിപാലനവും കൂലിയില്ലാത്ത ജോലികളുടെ ഭാരവും സ്ത്രീകളുടെ ചുമലിലേക്കാണ് വന്നത്. ലോകം തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോഴും, കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ ആഴങ്ങളില്‍നിന്ന് കരകയറാന്‍ സ്ത്രീകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. 

പ്രതിസന്ധിയുടെ ആഴം
മഹാമാരിയുടെ ആഘാതം വിശദമായി വിശകലനം ചെയ്താണ് റെഡ് ക്രോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദാരിദ്ര്യം, കുടിയേറ്റം, സംഘര്‍ഷം, കടുത്ത കാലാവസ്ഥ ഉള്‍പ്പെടെ നിലവിലെ സാഹചര്യങ്ങളിലേക്ക് മഹാമാരി തൊടുത്തുവിട്ട ആഘാതത്തെക്കുറിച്ചാണ് സര്‍വേ പരിശോധിച്ചത്. റെഡ് ക്രോസ് ദേശീയ സമൂഹങ്ങളില്‍ നിന്നുള്ള വിശദമായ വിവരണ റിപ്പോര്‍ട്ടുകളും ലോക ബാങ്കിന്റെയും യുഎന്നിന്റെയും ഡാറ്റയും അതിനായി ഉപയോഗപ്പെടുത്തി. സര്‍വേയില്‍ പങ്കെടുത്ത 38ല്‍ 31 രാജ്യങ്ങളില്‍ (അതായത് 81 ശതമാനം) മഹാമാരി സ്ത്രീകളെ സാരമായി ബാധിച്ചു. തൊഴില്‍മേഖലയിലുണ്ടായ പ്രതിസന്ധി ഏറെ ബാധിച്ചത് പുരുഷന്മാരെയാണ്. തൊഴില്‍ മേഖലയില്‍ ഉയര്‍ന്ന പങ്കാളിത്തമുള്ളതിനാല്‍, സമ്പൂര്‍ണ തൊഴില്‍ നഷ്ടത്തില്‍ പുരുഷന്മാരായിരുന്നു മുന്നില്‍. എന്നിരുന്നാലും, ആപേക്ഷിക തൊഴില്‍ നഷ്ടത്തില്‍ സ്ത്രീകള്‍ മുന്നിലായിരുന്നു. യുവാക്കള്‍ക്കും കുടിയേറ്റക്കാര്‍ക്കുമൊപ്പം ദിവസക്കൂലി ജോലികളില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലാണ്. ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ടെക്‌സ്‌റ്റൈല്‍സ്, തുകല്‍ നിര്‍മാണം, ഹോട്ടല്‍ മേഖലയിലേതുള്‍പ്പെടെ ഹോസ്പിറ്റാലിറ്റി, ഗാര്‍ഹിക ജോലി, വിനോദസഞ്ചാരം തുടങ്ങി കുടില്‍ വ്യവസായവും വഴിയോര കച്ചവടവും ഡയറക്ട് സെല്ലിങ്ങും വരെ നീളുന്ന മേഖലയില്‍ ഏറെയും സ്ത്രീ തൊഴിലാളികളായിരുന്നു. മഹാമാരി പ്രതിസന്ധി തീര്‍ത്തതോടെ, പലര്‍ക്കും വീടുകളില്‍ ഇരിക്കേണ്ടിവന്നു. അതിനാല്‍ തൊഴില്‍ നഷ്ടത്തിന്റെ തോത് കണക്കിലെടുക്കുമ്പോള്‍ സ്ത്രീകള്‍ മുന്നിലാണ്. മഹാമാരിക്കാലത്ത് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും പരിപാലനം സ്ത്രീകളുടെ വലിയ ഉത്തരവാദിത്തമായതോടെ പലര്‍ക്കും ജോലി ഉപേക്ഷിക്കേണ്ട സാഹചര്യവുമുണ്ടായി. ക്ലാസ് മുറികള്‍ അടഞ്ഞുകിടന്നതോടെ, കുട്ടികളുടെ പഠനവും സ്ത്രീകളുടെ ഉത്തരവാദിത്തമായി. ഈ പ്രവണത സമ്പന്ന രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും ഒരുപോലെ പ്രകടമാണ്. 

2020 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ മൊത്തത്തിലുള്ള തൊഴില്‍-ജനസംഖ്യ അനുപാതം 1.6 ശതമാനം കുറഞ്ഞപ്പോള്‍, ചെറുപ്പക്കാരായ സ്ത്രീകളുടെ തൊഴില്‍ നഷ്ടം 5.6 ശതമാനമായിരുന്നുവെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ 1.5 ശതമാനം, യുവാക്കള്‍ 3.7 ശതമാനം, മുതിര്‍ന്ന പുരുഷന്മാര്‍ 1.7 ശതമാനം എന്നിങ്ങനെയായിരുന്നു തൊഴില്‍ നഷ്ട അനുപാതം. 2019ലെ കോവിഡ് പൂര്‍വ കാലയളവുമായി താരതമ്യം ചെയ്താണ് ഐഎല്‍ഒ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2020ല്‍ സ്ത്രീകള്‍ക്ക് 47.6 ശതമാനം തൊഴില്‍ നഷ്ടമാണുണ്ടായത്. 2021 രണ്ടാം പാദത്തില്‍ തിരിച്ചുവരവ് പ്രകടമാണെങ്കിലും, 2019ലെ കോവിഡ് പൂര്‍വ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍, സ്ത്രീകള്‍ ഇപ്പോഴും പ്രതിസന്ധികള്‍ക്കു നടുവിലാണ്. 

ഇന്ത്യന്‍ സാഹചര്യം
2018-19ലെ തൊഴില്‍സേന സര്‍വേ പ്രകാരം, ഇന്ത്യയിലെ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വെറും 18.3 ശതമാനത്തില്‍ താഴെയായിരുന്ന കാലത്താണ് കോവിഡും ലോക്ഡൗണും പുതിയ പ്രതിസന്ധി തീര്‍ത്തത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ തൊഴില്‍/തൊഴിലില്ലായ്മ സര്‍വേ പ്രകാരം ലോക്ഡൗണ്‍ കാലത്ത് 12 കോടി തൊഴിലും ഉപജീവനവും നഷ്ടമായി. 2019-2020ല്‍ സ്ത്രീകളുടെ ശരാശരി തൊഴില്‍ 4.3 കോടിയായിരുന്നു. 2020 ഏപ്രിലില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം ശരാശരി 2.6 കോടിയായി കുറഞ്ഞു. അസിം പ്രേംജി സര്‍വകലാശാല 12 സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍ സ്ത്രീകളുടെ തൊഴില്‍ നഷ്ടം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. നഗരപ്രദേശങ്ങളിലെ 82 ശതമാനം താല്‍ക്കാലിക സ്ത്രീ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ 80 ശതമാനം പുരുഷന്മാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ഗ്രാമപ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് 71 ശതമാനവും പുരുഷന്മാര്‍ക്ക് 59 ശതമാനവുമാണ് തൊഴില്‍ നഷ്ടം. സ്വയം തൊഴില്‍ ചെയ്യുന്നവരില്‍ ഉപജീവനം നഷ്ടമായവരില്‍ നഗരങ്ങളില്‍ 89 ശതമാനം സ്ത്രീകളാണ്, പുരുഷന്മാര്‍ 77 ശതമാനം. താല്‍ക്കാലിക-ദിവസക്കൂലി തൊഴില്‍, സ്വയം തൊഴില്‍ എന്നിവ നഷ്ടമായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 50 ശതമാനത്തിലധികം സ്ത്രീ പ്രാതിനിധ്യമുള്ള തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലുകള്‍ പോലും ലഭിക്കാത്ത സാഹചര്യവുമുണ്ടായി. 

പ്രതിസന്ധിയുടെ നാളുകള്‍ പിന്നിട്ട് സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെത്തുമ്പോഴും സ്ത്രീകളുടെ സ്ഥിതിക്ക് മാറ്റമുണ്ടായിട്ടില്ല. 2021 മെയ്-ആഗസ്റ്റ് കാലയളവില്‍ പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തം 64.3 ശതമാനത്തില്‍ നിന്ന് 64.4 ശതമാനമായി ഉയര്‍ന്നപ്പോള്‍, സ്ത്രീകളുടെ പങ്കാളിത്തം 7.8 ശതമാനത്തില്‍നിന്ന് 7 ശതമാനമായി കുറയുകയാണുണ്ടായത്. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 11.7 ശതമാനത്തില്‍നിന്ന് 8.4 ശതമാനമായി മെച്ചപ്പെട്ടു. പക്ഷേ, സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 21.9 ശതമാനത്തില്‍നിന്ന് 22.6 ശതമാനമായി ഉയരുകയാണ് ചെയ്തത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീടുകളിലേക്ക് ഒതുങ്ങിയപ്പോഴും സ്ത്രീകള്‍ അനുഭവിച്ചിരുന്ന ദുരിതം അവസാനിച്ചിരുന്നില്ല. ഗാര്‍ഹിക പീഡനത്തിന്റെ നിരക്ക് ഇന്നാളുകളില്‍ ഉയര്‍ന്നുനിന്നു. കുട്ടികള്‍, പ്രായമായവര്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളുടെ പരിപാലനവും കൂലിയില്ലാത്ത ജോലികളുടെ ഭാരവും സ്ത്രീകളുടെ മാത്രം ചുമലിലേക്കാണ് വന്നുചേര്‍ന്നത്. വാക്‌സിന്‍ എല്ലാവര്‍ക്കും പ്രാപ്യമാകുകയും, കോവിഡ് കേസുകള്‍ കുറയുകയും, വിപണികള്‍ തുറന്ന് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടും സ്ത്രീകളുടെ അവസ്ഥയ്ക്ക് ഭേദം വന്നിട്ടില്ല.