യുഎസ്സിൽ റഷ്യൻ ഇടപെടൽ വീണ്ടും? ഫേസ്ബുക്ക് 32 അക്കൗണ്ടുകൾ പൂട്ടി

 
യുഎസ്സിൽ റഷ്യൻ ഇടപെടൽ വീണ്ടും? ഫേസ്ബുക്ക് 32 അക്കൗണ്ടുകൾ പൂട്ടി

യുഎസ്സിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ അനധികൃത ഇടപെടൽ നടത്തുന്നവയെന്ന സംശയത്തിൽ 32 ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് പൂട്ടു വീണു. റഷ്യ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർനെറ്റ് റിസർച്ച് ഏജൻസി എന്ന സ്ഥാപനവുമായി ബന്ധമുണ്ട് ഈ അക്കൗണ്ടുകൾക്ക് എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചതെന്നാണ് അറിയുന്നത്.

ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സംശയാസ്പദമാണെന്നു കണ്ടതിന്റെ വെളിച്ചത്തിലാണ് ഫേസ്ബുക്ക് നടപടി സ്വീകരിച്ചത്. ഇവർ യുഎസ്സിൽ ചില രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടായിരുന്നു. ചില സംഘടിത പ്രചാരണങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു.

വാഷിങ്ടണിൽ അടുത്ത വാരം നടക്കാനിരിക്കുന്ന ഒരു റാലിക്കെതിരെ ഇവർ സംഘടിതപ്രചാരണം നടത്തുന്നതായും ഫേസ്ബുക്കിന്റെ ശ്രദ്ധയിൽ പെട്ടു. ഈ അക്കൗണ്ടുകൾ സൃഷ്ടിച്ചവർ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താതിരുന്നതും ഫേസ്ബുക്ക് ശ്രദ്ധിച്ചു. 2016 തെരഞ്ഞെടുപ്പിൽ ഇന്റർനെറ്റ് റിസർച്ച് ഏജൻസി നടത്തിയ നീക്കങ്ങൾക്കു സമാനമായിരുന്നു ഇവരുടെ ഇപ്പോഴത്തെ നീക്കങ്ങളെന്ന് ഫേസ്ബുക്ക് സിഒഒ ഷെരിൽ സാൻഡ്ബെർഗ് സൂചിപ്പിക്കുന്നു.

2016 തെരഞ്ഞെടുപ്പിൽ റഷ്യയിൽ നിന്നുമുണ്ടായ ഇടപെടലുകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഫേസ്ബുക്ക് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. 2016 ഒക്ടോബർ മാസത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടന്നപ്പോൾ റഷ്യൻ ഐപി വിലാസങ്ങളിൽ നിന്നും പ്രവർത്തിച്ച ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നുള്ള കണ്ടന്റുകൾ 125 ദശലക്ഷം പേരിലേക്ക് എത്തിയെന്ന് ഫേസ്ബുക്ക് സമ്മതിച്ചിരുന്നു. ഇവർ നടത്തിയ കണ്ടന്റ് പ്രമോഷനുകൾക്കുള്ള പണം അടച്ചത് റൂബിളിലായിരുന്നു.

ഇപ്പോൾ നീക്കം ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് 290,000 ഫോളോവേഴ്സ് ആണ് ഉണ്ടായിരുന്നത്. ഇവർ വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നത്. ലോക്കേഷനുകളും ഐഡന്റിറ്റിയും മറച്ചു വെക്കാനായിരുന്നു ഇത്.

റഷ്യയുടെ ഇടപെടൽ ഏറെ വ്യക്തമാണെന്നിരിക്കെ കഴിഞ്ഞ ഹെൽസിങ്കി ഉച്ചകോടിയിൽ പ്രസിഡണ്ട് ഡോണൾ‌ഡ് ട്രംപ് പൂർണമായും വ്ലാദ്മിർ പുടിന് കീഴടങ്ങി നാട്ടിൽ തിരിച്ചെത്തിയതിനെ പ്രതിപക്ഷം ശക്തിയായി വിമർശിക്കുന്നുണ്ട്. ട്രംപിനെ കീഴടക്കാൻ 2013ൽ അദ്ദേഹം നടത്തിയ ഒരു റഷ്യൻ സന്ദർശനത്തിനിടെ നടത്തിയെന്നാരോപിക്കപ്പെടുന്ന ചില പ്രവർത്തനങ്ങളുടെ വിവരങ്ങൾ പുടിൻ ഉപയോഗിച്ചുവെന്നാണ് ആരോപണം.