കേരള രാഷ്ട്രീയം കണ്ട അപൂര്‍വ വ്യക്തിത്വമുള്ള നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. മുഖ്യമന്ത്രി, മന്ത്രി, സ്പീക്കര്‍, എം.പി. നിയമസഭാ കക്ഷി നേതാവ് തുടങ്ങി സി.എച്ച് വഹിക്കാത്ത പദവികള്‍ കുറവാണ്. രാഷ്ട്രീയക്കാരന്‍ മാത്രമല്ല ഒരു നല്ല എഴുത്തുകാരന്‍, പംക്തികാരന്‍, എഡിറ്റര്‍, വാഗ്മി എന്ന നിലകളിലും പ്രശസ്തനായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ ചരമ വാര്‍ഷികമാണ് സെപ്തംബര്‍ 28.
സി.എച്ച്. മുഹമ്മദ് കോയയോട് ഒരിക്കല്‍ ചോദിച്ചു. ‘കേരളം കണ്ട മികച്ച മുഖ്യമന്ത്രി?’: സി. അച്യുത മേനോന്‍
എന്താണദ്ദേഹത്തിന്റെ യോഗ്യത?’: കൂട്ടു മന്ത്രിസഭയെ എങ്ങനെ നയിക്കണമെന്ന് അദ്ദേഹത്തിനറിയാം
അപ്പോള്‍ ഇ. എം.എസ്സോ?’: കൂട്ടു മന്ത്രിസഭയെ എങ്ങനെ പൊളിക്കണമെന്ന് അദ്ദേഹത്തിനറിയാം.
ഒരിക്കലും തമാശ പറയാത്ത രണ്ട് സമുന്നത നേതാക്കളാണ് ഇ. എം.എസ്സും അച്യുത മേനോനും. അവരെ കുറിച്ച് നര്‍മം പറയാന്‍ ഒരു സി. എച്ചിനേ കഴിയൂ. ജീവിതത്തിലും രാഷ്ട്രീയത്തിലും നര്‍മം കാത്ത് സൂക്ഷിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. ലാളിത്യം കൊണ്ടും നര്‍മ്മബോധം കൊണ്ടും ജനങ്ങള്‍ ഇഷ്ടപ്പെട്ട രാഷ്ട്രീയത്തില്‍ അപൂര്‍വമായ ഒരു ജനുസ്സായിരുന്നു സി എച്ച്.
മുഖ്യമന്ത്രി, ഡെപ്യൂട്ടി മുഖ്യമന്ത്രി, നിയമസഭാ സ്പീക്കര്‍, വിദ്യാഭാസം, ആഭ്യന്തരം, ധനകാര്യം, വ്യവസായം, പൊതുമരാമത്ത് എന്നീ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയില്‍ സി.എച്ച് മുഹമ്മദ് കോയയുടെ വ്യക്തിപ്രഭാവമാണ് മുസ്ലിം ലീഗെന്ന പാര്‍ട്ടി ശക്തിയാര്‍ജ്ജിച്ചതും ഒരു കാലത്ത് കേരള രാഷ്ടീയത്തിലെ നിര്‍ണ്ണായക ശക്തിയായതും. പത്രപ്രവര്‍ത്തകന്‍, സംഘാടകന്‍, തന്ത്രജ്ഞന്‍ എന്ന നിലയില്‍ തന്റെ അസാധാരണമായ കഴിവുകള്‍ ഫലപ്രദമായി തന്നെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ പ്രകടിപ്പിച്ചു
മുസ്ലിം ലീഗിലെ നടപ്പ് രീതിയനുസരിച്ച് തന്റെ പേരിനോട് സമുദായ നേതാവ് എന്ന അര്‍ത്ഥം വരുന്ന തൂവലുകളൊ മറ്റ് പദങ്ങളോ ഉപയോഗിക്കാത്ത നേതാവായിരുന്നു. അദ്ദേഹം. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ പേരിന്റെ ഭാഗമായി ചേര്‍ത്ത ചെറിയാരം കണ്ടി (Cheriyaram Kandy) എന്ന വീട്ടു പേരിന്റെ ചുരുക്കമായ CK ക്ക് പകരം CH എന്ന് തെറ്റായാണ് അന്ന് അദ്ധ്യാപകന്‍ എഴുതിയത്. പിന്നീട് സാമൂതിരി കോളേജിലെ അദ്ധ്യാപകനായിരുന്ന കെ.എസ് കൃഷ്ണ അയ്യര്‍ ഇത് കണ്ടുപിടിച്ചപ്പോള്‍ മുഹമ്മദ് കോയയെ വിളിച്ച് പറഞ്ഞു. ‘ചെറിയാരം കണ്ടി എന്ന വീട്ടു പേരുള്ളവന്‍ സി.എച്ച്. എന്ന ഇനീഷ്യലുമായി നടക്കരുത് താന്‍ Cheriyaram Handy എന്ന് വീട്ടു പേര് മാറ്റിക്കോ’. ‘Companion of Honour ‘ എന്നൊരു ബഹുമതി ഇംഗ്ലണ്ടിലുണ്ടെന്ന് മനസിലാക്കി വെച്ചിരുന്ന മുഹമ്മദ് കോയ പറഞ്ഞു. ‘പറ്റില്ല സാര്‍, ഇംഗ്ലണ്ടിലെ കമ്പാനിയന്‍ ഓഫ് ഹോണറിന്റെ ചുരുക്കമാണ് സി.എച്ച് എന്നത്. അദ്ധ്യാപകന്‍ ഇത് കേട്ട് അന്തം വിട്ടു. അങ്ങനെ അത്തോളിയിലെ ഒരു സ്‌കൂള്‍ അദ്ധ്യാപകന് പറ്റിയ കൈപ്പിഴയാണെങ്കിലും, ആ സി.എച്ച് എന്ന രണ്ടക്ഷരത്തിലാണ് മുഹമ്മദ് കോയ എന്ന രാഷ്ട്രീയ നേതാവ് പിന്നീട് ജനഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയത്.
1921 ലെ മലബാര്‍ കലാപത്തിന് ശേഷം ഖിലാഫത്ത് പ്രസ്ഥാന അടിച്ചമര്‍ത്തപ്പെട്ടതിനെ തുടര്‍ന്ന് നിഷ്‌ക്രിയമായ മലബാറിലെ മുസ്ലിം സമുദായത്തെ വീണ്ടും ഉയര്‍ത്തെഴുന്നേല്‍പ്പിച്ച്, ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചത് മുഹമ്മദ് അബ്ദുള്‍ റഹ്‌മാന്‍ സാഹിബായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആധുനിക സന്ദേശം മലബാറിലെ ഒരോ മുസ്ലിം ഗൃഹങ്ങളില്‍ എത്തിച്ചത് യുഗസൃഷ്ടാവായിരുന്ന അബ്ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ ഉജ്ജലമായ വ്യക്തിത്വവും അസാധാരണമായ കര്‍മ്മ ശേഷിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ മലബാറിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സാഹിബിനെ അംഗീകരിക്കാന്‍ സാധിക്കാതെ പോയി. ഇന്ത്യ സ്വതന്ത്രമാകുന്നത് കാണാന്‍ ഭാഗ്യമില്ലാതെ അബ്ദുള്‍ റഹ്‌മാന്‍ സാഹിബ് 1945 നവംബര്‍ 23 ന് അകാലത്തില്‍ അന്തരിച്ചു.
ഇതോടെ മുസ്ലിം സമുദായത്തില്‍ ആഴത്തില്‍ വേരോടിയിരുന്ന കോണ്‍ഗ്രസ് അനുഭാവം ഉണങ്ങി കരിഞ്ഞു പോയി. മലബാറിലെ പ്രാദേശിക കോണ്‍ഗ്രസുകാരുടെ സ്വാര്‍ത്ഥതയും മൂല്യശോഷണവും മൂലം സംഭവിച്ച ഈ അവസരം ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചത് മുസ്ലിം ലീഗും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. അബ്ദുള്‍ റഹ്‌മാന്‍ സാഹിബുമൊത്ത് കോണ്‍ഗ്രസ്സിന്റെ ഇടതുപക്ഷമായി പ്രവര്‍ത്തിച്ചിരുന്ന കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന് ഭൂരിപക്ഷം വരുന്ന മുസ്ലീം സമുദായത്തിന്റെ പിന്തുണ നേടാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യ സമരത്തിന്റെ അവസാന നാളുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്ത നിലപാട്, മുസ്ലിം ബഹുജനങ്ങള്‍ സംശയത്തോടെയാണ് വീക്ഷിച്ചത് എന്നതായിരുന്നു ഒരു കാരണം. ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്’ തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദോഗിക നിലപാടും മലബാറിലെ യഥാസ്ഥിക മുസ്ലിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ചില ശക്തികേന്ദ്രങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കിയതൊഴിച്ചാല്‍ ഭൂരിപക്ഷ മുസ്ലിം സമൂദായത്തിന്റെ സ്വീകാര്യത നേടാന്‍ പാര്‍ട്ടിക്ക് ഈ മേഖലയില്‍ കഴിഞ്ഞില്ല.
കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് നേടാന്‍ കഴിയാത്തത് പതുക്കെ പതുക്കെ മുസ്ലിം ലീഗ് നേടാന്‍ തുടങ്ങി. ഏറെ താമസിയാതെ ഏറനാടില്‍ മറ്റ് കൊടികളെയെല്ലാം താഴ്ത്തി കെട്ടി അപ്രസക്തമാക്കിക്കൊണ്ട് ലീഗിന്റെ പച്ചക്കൊടി ഉയര്‍ന്നു പറക്കാന്‍ തുടങ്ങി. പക്ഷേ, പാര്‍ട്ടിയുടെ അടിസ്ഥാനമായ ദ്വിരാഷ്ട്രവാദം ഇന്ത്യാ വിഭജനത്തിലെത്തിയപ്പോള്‍ മലബാറില്‍ ലീഗിന്റെ നില പരുങ്ങലിലായി. സ്വയം നവീകരിക്കാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി കേരളത്തില്‍ തുടരുക അസാദ്ധ്യമായി. ലീഗിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന ഗൗരവതരമായ സാഹചര്യമായിരുന്നു അത്.
നിര്‍ണായകമായ ഈ ഘട്ടത്തില്‍ പാര്‍ട്ടിയുടെ പഴയ സിദ്ധാന്തമായ ദ്വിരാഷ്ട്രവാദം എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ച് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയായ് മുസ്ലിം ലീഗിനെ വളര്‍ത്തിയെടുത്ത നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയ. ഇയൊരു പ്രതിസന്ധി തരണം ചെയ്ത് ലീഗ് നേടിയ വിജയത്തില്‍ സി.എച്ച് വഹിച്ച നിസ്തുലമായ പങ്കാണ് അദ്ദേഹത്തെ കേരളത്തിലെ മുസ്ലിം ലീഗിന്റെ അനിഷേധ്യ നേതാവായി ഉയര്‍ത്തിയത്.
ഇന്ത്യ സ്വതന്ത്രമാകുന്നതിന് തൊട്ടു മുന്‍പ്, 1946 ല്‍ ഇന്റര്‍ മീഡിയറ്റോടെ കോളേജ് വിദ്യഭ്യാസം അവസാനിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ ചന്ദ്രിക ദിനപത്രത്തിലെ പത്രാധിപ സമിതിയില്‍ അസിസ്റ്റന്റ് എഡിറ്ററായി. 90 വര്‍ഷം മുന്‍പ്, 1934 മാര്‍ച്ച് 26 ന് തലശ്ശേരിയില്‍ നിന്ന് വാരികയായി ആരംഭിച്ച മുസ്ലിം ലീഗിന്റെ മുഖപത്രമാണ് ‘ചന്ദ്രിക’. കെ.കെ. മുഹമ്മദ് ഷാഫിയായിരുന്നു ആദ്യത്തെ എഡിറ്റര്‍. 1939 ല്‍ ദിനപത്രമായ ചന്ദ്രിക 1945 ല്‍ കോഴിക്കോടു നിന്ന് പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ലീഗിന്റെ ദിനപത്രം എന്നതില്‍ ഒതുക്കാതെ മുസ്ലിം സമൂഹത്തിന്റെ തന്നെ ജിഹ്വയായി ‘ചന്ദ്രിക’ മാറ്റിയത് സി.എച്ച് ആയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം പത്രത്തിന്റെ എഡിറ്ററായി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എഡിറ്റര്‍. അപ്പോള്‍ സിഎച്ചിന് വയസ്സ് 22.
യത്തിം ഖാന, മദ്രസ മുസ്ലിം സാംസ്‌കാരിക സംഘടന. തുടങ്ങിയവകളുടെ വാര്‍ത്തകള്‍ക്ക് മലയാള പത്രത്തില്‍ ആദ്യമായി ഇടം നല്‍കിയത് സി.എച്ച് ആയിരുന്നു. പിന്നിട് മറ്റ് പത്രങ്ങളിലും ഇത് വരാന്‍ തുടങ്ങി. സി എച്ച് ഒരു എഴുത്തുകാരന്‍ കൂടിയായിരുന്നതിനാല്‍ സാഹിത്യലോകവുമായി വായനക്കാരെ ബന്ധപ്പെടാനായി 1950 ജൂലൈയില്‍ ‘ചന്ദ്രിക’ വാരിക ആരംഭിച്ചു. പുതിയ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പരമാവധി ശ്രദ്ധിച്ച വാരികയില്‍ എം.ടി, എം. മുകുന്ദന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, ഈ വാസു, യു.എ. ഖാദര്‍ തുടങ്ങിയ പ്രശസ്തരായ സാഹിത്യകാരന്മാര്‍ എഴുതി. സി. എച്ചും ഒരു എഴുത്തുകാരനായിരുന്നു. ഏഴ് യാത്രാ വിവരണങ്ങളടക്കം പത്ത് പുസ്തകങ്ങള്‍ സി.എച്ച് എഴുതിയിട്ടുണ്ട്.’ഐം.കെ. അത്തോളി, മുഹമ്മദ് കോയ, മാളിയേക്കല്‍ സി.എച്ച് എന്നിങ്ങനെ ‘ചന്ദ്രികയില്‍ പല പേരുകളില്‍ സി.എച്ച് പംക്തികള്‍ എഴുതിയിരുന്നു.
ചന്ദ്രികയുടെ എഡിറ്ററായപ്പോഴും അത് വിട്ട് രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും സി എച്ച് ചന്ദ്രികയുടെ കാര്യങ്ങളില്‍ സദാ ശ്രദ്ധാലുയായിരുന്നു. സി.എച്ചിന്റെ ചന്ദ്രിക പത്രകഥകള്‍ ചന്ദ്രിക പത്രത്തെക്കാള്‍ പ്രചാരം നേടിയവയാണ് അതിലൊന്ന് ഇങ്ങനെ: സാമ്പത്തിക പരാധീനതകള്‍ കാരണം ചന്ദ്രിക ദിനപത്രത്തിലെ സബ് എഡിറ്റര്‍മാര്‍ക്ക് ശമ്പളം കൃത്യമായി കിട്ടുന്നില്ല. കാസര്‍ഗോഡ് ബ്യൂറോ ചീഫ് റഹ്‌മാന്‍ തായലങ്ങാടി സ്ഥലം മാറ്റം കിട്ടി കോഴിക്കോട് ഡെസ്‌കില്‍ എത്തി. താമസം ലോഡ്ജില്‍. മുറി വാടക പത്രം കൊടുക്കുമെന്ന കരാറിലാണ് ആള്‍ കാസര്‍ഗോഡ് നിന്ന് കോഴിക്കോട് എത്തിയത്. ഒന്നാം തീയതിയായ്, ശമ്പളമില്ല. പിന്നെ പ്രതീക്ഷ പതിനഞ്ചാം തീയതിയാണ്. അന്നും ശമ്പളമില്ല. മുറി വാടക കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താമസം തെരുവിലാകും എന്ന അവസ്ഥ. ചീഫ് എഡിറ്റര്‍ സി. എച്ചിനെ കാണുക തന്നെ. സഹപ്രവര്‍ത്തകര്‍ പ്രോത്സാഹിപ്പിച്ചു. തങ്ങള്‍ക്കും ശമ്പളം കിട്ടിയാലോ.
തായ്‌ലങ്ങാടി ക്യാബിനിലെത്തി സി. എച്ചിനെ കണ്ടു.
സി..എച്ച്: ‘എന്താ തായലങ്ങാടി?’
തായലങ്ങാടി: ‘ഇന്ന് തീയതി പതിനഞ്ചാണ്.’
സി.എച്ച്: അതിനെന്താ?
തായലങ്ങാടി: ശമ്പളം കിട്ടിയില്ല.
സി. എച്ച്: ഓ അതാണോ കാര്യം. താന്‍ താഴെയിറങ്ങി, റോഡിന്റെ എതിര്‍ വശത്തെ ഭിത്തിയില്‍ എഴുതിയത് വായിച്ചിട്ട് വാ’
റഹ്‌മാന്‍ തായലങ്ങാടി താഴെ ചെന്ന് സി.എച്ച്. പറഞ്ഞ ഭിത്തിയില്‍ നോക്കി. പെന്തക്കോസ്ത് സഭയുടെ ഫെയ്ത്ത് ഹോമിന്റെ ഭിത്തിയാണ്. ചുമരില്‍ നിറയെ വേദവാക്യങ്ങള്‍ എഴുതിയിരിക്കുന്നു. ‘അതിലൊന്ന് മുഴുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു; ‘പാപത്തിന്റെ ശമ്പളം മരണമത്രെ’. അത് വായിച്ച് റഹ്‌മാന്‍ തായലങ്ങാടി അന്തം വിട്ടു. നേരെ തിരിച്ച് പത്രമാഫീസില്‍ കയറി, സി. എച്ചിനെ കണ്ട് ശമ്പളം ചോദിക്കാനല്ല. സ്വന്തം ഇരിപ്പടത്തില്‍ ചെന്ന് ജോലി ചെയ്യാന്‍.
എന്നും താന്‍ വായിക്കാറുള്ള, കാണാറുള്ള ആ പഞ്ച് ലൈന്‍ എവിടെ പ്രയോഗിക്കണമെന്ന് സി. എച്ച് നോക്കിയിരിക്കുമ്പോഴാണ് അവസരം റഹ്‌മാന്‍ തായലങ്ങാടിയുടെ രൂപത്തില്‍ മുന്നില്‍ പ്രതൃക്ഷപ്പെട്ടത്.
സി.എച്ച് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചന്ദ്രിക പത്രത്തിലെ ഒരു വാര്‍ത്തയില്‍ ‘ബലാത്സംഘം’ എന്ന് വായിച്ചപ്പോള്‍ ചന്ദിക ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്ററായ സി.എച്ച് ചന്ദ്രികയുടെ പ്രിന്ററും പബ്ലീഷറുമായ വി.സി. അബൂബക്കറിന് ഒരു കത്തെഴുതി ‘നമ്മുടെ കുട്ടികള്‍ക്ക് ബലാല്‍സംഗം ചെയ്യാനന്നല്ല, എഴുതാന്‍ പോലും അറിയില്ലല്ലോ.’
തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ചന്ദ്രിക ദിനപത്രത്തിന്റെ ബ്യൂറോയില്‍ ഒരു ടെലിപ്രിന്റര്‍ സ്ഥാപിക്കാന്‍ വേണ്ടി ചീഫ് റിപ്പോര്‍ട്ടര്‍ കുഞ്ഞമ്മദ് വാണിമേല്‍ ലീഗ് മന്ത്രിമാരുടെ കരുണ തേടുന്ന കാലം. ഒരു ടെലിപ്രിന്റര്‍ ബ്യൂറോയില്‍ സ്ഥാപിക്കുക പത്രലോകത്ത് വികസനമായിരുന്ന ശിലായുഗത്തിലാണ് സംഭവം. ലീഗ് മന്ത്രിമാരായ അഹമ്മദും, ബീരാനും കുഞ്ഞമ്മദും ടി പി(ടെലി പ്രിന്റര്‍ ) എന്ന് പേടിച്ച് മുങ്ങി നടക്കുകയാണ്. ഒരു ദിവസം സി.എച്ചിനെ കണ്ട കുഞ്ഞമ്മദ് ടിപിയുടെ കാര്യം ഓര്‍മ്മിപ്പിച്ചു.
എടുത്ത പടി സി.എച്ച് മറുപടി പറഞ്ഞു. ‘ടി.പി. ചെറുപ്പയോ? അയാളെ നമ്മള്‍ക്ക് വാങ്ങാം’ വിമത ലീഗുകാരുടെ പത്രമായ ലീഗ് ടൈംസിന്റെ ലേഖകനാണ് ടി.പി. ചെറുപ്പ.
മന്ത്രി മന്ദിരങ്ങളില്‍ മന്ത്രിയുടെ പേരെഴുതി ഇന്‍/ ഔട്ട് ബോര്‍ഡ് വെയ്ക്കുന്ന പഴയ കാലം. തന്റെ പാര്‍ട്ടി മന്ത്രിയായ അവുക്കാദര്‍ കുട്ടി നഹയുടെ വീട്ടിലെ ബോര്‍ഡ് കണ്ട് അത് വായിച്ച സി.എച്ച് പറഞ്ഞു. ‘നിങ്ങള്‍ക്ക് ഇന്‍- ഔട്ട് ബോര്‍ഡിന്റെ ആവശ്യമെന്ത്? ‘നഹ’ എന്നും ‘നഹി’ എന്ന് എഴുതി വെച്ചാല്‍ പോരെ?
1955 ല്‍ ജവഹര്‍ ലാല്‍ നെഹ്‌റു കോഴിക്കോട് സന്ദര്‍ശിക്കുന്നു. ദേശീയ തലത്തില്‍ ലീഗിനെ ഒറ്റപ്പെടുത്തുന്ന നയമാണ് അന്ന് കോണ്‍ഗ്രസ്സിന്റെത് . കേരളത്തിലും കോണ്‍ഗ്രസ് – ലീഗ് ഉരസല്‍ മൂര്‍ദ്ധന്യ ഘട്ടത്തിലാണ്.
ചന്ദ്രിക ദിനപത്രത്തില്‍ സി.എച്ച് മുഖപ്രസംഗമെഴുതി ‘പ്രിയങ്കരനായ പണ്ഡിറ്റ്ജി അങ്ങേക്ക് സ്വാഗതം’. പ്രശംസയും അതോടൊപ്പം വിമര്‍ശനവും ഉള്‍ക്കൊള്ളുന്ന അതിന്റെ തര്‍ജ്ജമ നെഹ്‌റുവിന് കോണ്‍ഗ്രസ്സുകാര്‍ നല്‍കി. കോണ്‍ഗ്രസ്സുകാര്‍ തര്‍ജ്ജമയില്‍ മായം ചേര്‍ത്താണ് മുഖപ്രസംഗം നെഹറുവിന് നല്‍കിയത് എന്ന് പറയപ്പെടുന്നു. ക്ഷുഭിതനായ നെഹറു വൈകിട്ട് കോഴിക്കോട് നടന്ന സമ്മേളനത്തില്‍ മുസ്ലിം ലീഗിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടാക്രമണം നടത്തി. ‘മുസ്ലിം ലീഗ് ഒരു ചത്ത കുതിരയാണ്, ഒരു വര്‍ഗ്ഗീയ സംഘടനയുമാണ്’. നെഹറു പ്രസംഗത്തില്‍ പറഞ്ഞു.
പിറ്റേന്ന് ചന്ദ്രികയില്‍ സി എച്ച് മറുപടിയായി മുഖപ്രസംഗം തന്നെ എഴുതി.’അല്ല മുസ്ലിം ലീഗ് വര്‍ഗ്ഗീയ സംഘടനയല്ല’. കൂടാതെ പൊന്നാനിയില്‍ മണപ്പുറത്ത് നടത്തിയ താലൂക്ക് മുസ്ലീം ലീഗ് സമ്മേളനത്തില്‍ ജനസമുദ്രങ്ങളെ സാക്ഷിയാക്കി സി.എച്ച് ഒരു ഗംഭീര പ്രസംഗം ചെയ്തു. പ്രവര്‍ത്തകരുടെ ഇടിവെട്ട് പോലുള്ള കരഘോഷങ്ങള്‍ക്കിടയില്‍ ആവേശത്തിന്റെ പാരമ്യത്തിലെത്തിയ വാഗ്ധാരയില്‍ സി.എച്ച് പ്രഖ്യാപിച്ചു. ‘അത് കൊണ്ട് പണ്ഡിറ്റ്ജി അങ്ങ് കരുതുന്ന പോലെ മുസ്ലിം ലീഗ് ചത്ത കുതിരയല്ല. ഉറങ്ങിക്കിടക്കുന്ന സിംഹമാണ്’.
1952 ല്‍ കോഴിക്കോട് മുന്‍സിപ്പല്‍ കൗണ്‍സിലറായി കുറ്റിച്ചിറയില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ ജയിച്ചതാണ് ആദ്യത്തെ രാഷ്ട്രീയ സ്ഥാനം. 1957 ല്‍ ഐക്യകേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്ന് സി.എച്ച് ജയിച്ച് നിയമ സഭയിലെത്തി. 8 സീറ്റ് ഒറ്റക്ക് നേടിയ മുസ്ലിം ലീഗ് ശക്തി കാണിച്ചു. ലീഗിന്റെ നിയമസഭാ നേതാവായി സി.എച്ച് ആദ്യ മന്ത്രി സഭയില്‍ തിളങ്ങി.
കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമാവുകയും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ ലീഗിനോട് അടുത്ത കോണ്‍ഗ്രസ്സ് ഇ. എം. എസ്സ് മന്ത്രിസഭക്കെതിരെ വിമോചന സമരത്തില്‍ പങ്കാളിയാക്കി. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രി സഭ വീഴുകയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – പി.എസ്.പി. ലീഗ് മുക്കൂട്ട് മുന്നണിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് ഭൂരിപക്ഷം നേടുകയും ചെയ്തു. പക്ഷേ മന്ത്രി സഭാ രൂപീകരണത്തില്‍ ലീഗ് പങ്കാളിയാകാന്‍ കൂട്ടുകക്ഷിയായ പി.എസ്.പിയും കേരളത്തിലെ കോണ്‍ഗ്രസിലെ നേതൃതവും അനുകുലിച്ചിട്ടും കേന്ദ്ര നേതൃത്വം, പ്രത്യേകിച്ച് ജവഹര്‍ ലാല്‍ നെഹ്‌റു എതിര്‍ത്തു. ഒടുവില്‍ ഒരു സ്പീക്കര്‍ സ്ഥാനം കൊണ്ട് ലീഗ് തൃപ്തിയടഞ്ഞു. കെ.എം. സീതി സാഹിബ് സ്പീക്കറായെങ്കിലും അധികം താമസിയാതെ മരണമടഞ്ഞു. പിന്‍ഗാമിയാരെന്ന ചോദ്യമില്ലായിരുന്നു. സി.എച്ച് മുഹമ്മദു കോയ നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റു. ഇന്ത്യയിലെ അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ നിയമ സഭാ സ്പീക്കര്‍. സമുദായ കക്ഷികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സമീപനം സ്വീകരിക്കരുതെന്ന കോണ്‍ഗ്രസിന്റെ ദുര്‍ഗാപ്പൂര്‍ പ്രമേയം മൂലം 1962 ഫെബ്രുവരിയില്‍ നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ചോദിച്ച രണ്ട് സീറ്റും നിഷേധിക്കപ്പെട്ടു. 1961 നവംബറില്‍ ഇതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കോഴിക്കോട് യോഗം ചേര്‍ന്നു. ഉന്നത നേതാക്കളെ മറി കടന്ന് ചെറുപ്പക്കാരായ ലീഗുകാര്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം സദസ്സിനെക്കൊണ്ട് എടുപ്പിച്ചു. തീരുമാനം അറിഞ്ഞ ഉടനെ തന്നെ സി.എച്ച് സ്പീക്കര്‍ സ്ഥാനം രാജിവച്ചു.
പാര്‍ട്ടി വിശദീകരണ പൊതുസമ്മേളനം നടന്ന കുറ്റിച്ചിറയില്‍ ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രസംഗത്തില്‍ പറഞ്ഞു. ‘തീരുമാനം അറിഞ്ഞ ആ നിമിഷത്തില്‍ തന്നെ നമ്മുടെ പ്രിയങ്കരനായ സി.എച്ച്. സ്പീക്കര്‍ സ്ഥാനം പിച്ചളപ്പിന്ന് പോലെ വലിച്ചെറിഞ്ഞിരിക്കുന്നു’. നിലക്കാത്ത കരഘോഷത്തോടെ ലീഗ് പ്രവര്‍ത്തകര്‍ അത് സ്വീകരിച്ചു. പിന്നീട് രാജി വെച്ച് എത്തിയ സി.എച്ചിന് കോഴിക്കോട് വന്‍ സ്വീകരണം നല്‍കി. അനിഷേധ്യനായ തങ്ങളുടെ നേതാവാണ് സി.എച്ച് എന്ന് ഒരിക്കല്‍ കൂടി ലീഗ് വിളിച്ചറിയിച്ചു.
ഇന്ത്യ സ്വതന്ത്രമായിട്ടും അധികാര രാഷ്ട്രീയത്തില്‍ നിന്ന് തങ്ങള്‍ ഏറെ അകലെയാണെന്ന തിരിച്ചറിവാണ് 1966 അവസാനത്തില്‍ മദ്രാസില്‍ ചേര്‍ന്ന ലീഗ് വര്‍ക്കിംഗ് കമ്മറ്റി പ്രതിപക്ഷ പാര്‍ട്ടികളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന തീരുമാനമുണ്ടാക്കിയത്. 1967 ല്‍ സപ്തകക്ഷി മുന്നണിയിലൂടെ അധികാരത്തില്‍ വന്ന രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലൂടെ സി.എച്ച് വിദ്യഭ്യാസ മന്ത്രിയായി. മൂന്ന് വര്‍ഷത്തിന് ശേഷം പിന്നീട് അച്യുതമേനോന്‍ മന്ത്രിസഭയില്‍ വീണ്ടും മന്ത്രിയായി. ഇത്തവണ വിദ്യഭ്യാസവും ആഭ്യന്തരവുമായിരുന്നു വകുപ്പുകള്‍. ഒരു ഭരണ പ്രതിസന്ധിയില്‍ പിന്നീട് സി.എച്ച്. 1979 ഒക്ടോബര്‍ 12ന് കേരളത്തിന്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും 1979 ഡിസംബര്‍ ഒന്നിന് രാജിവച്ചു.
മതം അടിസ്ഥാനമായിയുള്ള ഒരു പാര്‍ട്ടിക്കാരനാകുമ്പോഴുണ്ടാകുന്ന വിവാദങ്ങളോ, തന്റെ വകുപ്പില്‍ അടിച്ചേല്‍പ്പിക്കുന്ന നയമോ ഉണ്ടാകാതിരിക്കാന്‍ വളരെ ശ്രദ്ധിച്ച വിദ്യഭ്യാസ മന്ത്രിയായിരുന്നു സി. എച്ച്.
മൈസൂര്‍ യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അദ്ധ്യാപകനായ ഒ.കെ. നമ്പ്യാരുടെ Portuguese Pirates and Indian Seamen എന്ന വിഖ്യാത ചരിത്ര ഗ്രന്ഥം മലയാളത്തില്‍ മൊഴിമാറ്റിയത് ടി വി കെ യെന്ന (ടി.വി.കൃഷ്ണന്‍ ) കമ്യൂണിസ്റ്റ് പത്രപവര്‍ത്തകനാണ്. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നടത്തിയ അധിനിവേശങ്ങളും അവര്‍ക്കെതിരേ പടനയിച്ച സാമൂതിരിയുടെ നാവികപ്പടക്ക് നേതൃത്വം വഹിച്ച കുഞ്ഞാലി മരയ്ക്കാരെ കേന്ദ്ര ബിന്ദുവാക്കിയ ഈ പ്രശസ്ത ഗ്രന്ഥം ലിസ്ബണ്‍ സര്‍വ്വകലാശാലയുടെ സഹായത്തോടെയാണ് നമ്പ്യാര്‍ 1955 ല്‍ എഴുതിയത്. മൈസൂര്‍ സര്‍വ്വകാലാശാലയില്‍ ഡിഗ്രിക്ക് പാഠപുസ്തകമായിരുന്നു അക്കാലത്ത് ഈ കൃതി.
മലയാള പരിഭാഷ പ്രസിദ്ധീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായാല്‍ നന്നായി എന്ന് നമ്പ്യാര്‍ ആഗ്രഹിച്ചു. അങ്ങനെയായാല്‍ കേരളത്തില്‍ പാഠപുസ്തമാക്കാന്‍ കഴിയും. കുഞ്ഞാലി മരക്കാരെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥം മലയാളത്തിലോ ഇംഗ്ലീഷിലോ അത് വരെ വന്നിരുന്നില്ല. ‘പോര്‍ച്ചുഗീസ് കടല്‍ക്കൊള്ളക്കാരും ഇന്ത്യന്‍ നാവികരും’ എന്ന പേരിട്ട ടിവികെയുടെ മലയാള പരിഭാഷ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു റഫറന്‍സാകുമെന്നതായിരുന്നു ഇതിന്റെ അടിസ്ഥാനം. ഒ. കെ. നമ്പ്യാരും എസ്.കെ.പൊറ്റെക്കാട്ടും. ടിവികെ യും കൂടി അന്നത്തെ വിദ്യഭ്യാസ മന്ത്രിയായ സി.എച്ച്. മുഹമ്മദ് കോയയെ കാണാന്‍ ചെന്നു. കാര്യം അവതരിപ്പിച്ചപ്പോള്‍ സി. എച്ച് പറഞ്ഞു.
‘ ഞാന്‍ വിദ്യഭ്യാസമന്ത്രിയായിരിക്കെ കുഞ്ഞാലി മരക്കാരെ, കഥാനായകനാക്കിയുള്ള കൃതി പാഠപുസ്തകമാക്കിയാല്‍ അനാവശ്യമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കും.’ നിങ്ങള്‍ മുഖ്യമന്ത്രിയെ കാണുക. ഈ കാര്യത്തില്‍ തനിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് സി എച്ച് ഉറപ്പിച്ച് പറഞ്ഞു. നിരാശരായി മൂവരും മുറി വിട്ടിറങ്ങി. മുഖ്യമന്ത്രി സി. അച്യുതമേനോനെ കാണാനൊന്നും ഒ.കെ. നമ്പ്യാര്‍ തയ്യാറായില്ല. അങ്ങനെ കുഞ്ഞാലി മരയ്ക്കാരുടെ ആധികാരികമായ ഒരു ചരിത്രം പഠിക്കാനുള്ള അവസരം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടു. പിന്നീട് മലയാള മനോരമ പബ്ലിക്കേഷനാണ് 1972 ല്‍ ഇത് പുറത്തിറക്കിയത്. ദീര്‍ഘവീക്ഷണത്തോടെ സി.എച്ച് എടുത്ത തീരുമാനമായിരുന്നു അത്. വിദ്യാഭ്യാസ മേഖലയില്‍ മതപരമായ ഒരു ചായ്വും ആരോപിക്കാന്‍ ഇടവരരുതെന്ന ദൃഢനിശ്ചയമായിരുന്നു അത്.
1970 ജൂണില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപക സംഘടനകള്‍ അവകാശങ്ങള്‍ ഉന്നയിച്ച് സംസ്ഥാന തലത്തില്‍ പണി മുടക്കാരംഭിച്ചു.’ അക്കാലത്ത് കലാനിലയം കൃഷ്ണന്‍ നായരുടെ ‘തനിനിറം’ ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് മന്ത്രി സി. എച്ച് നെ വ്യക്തിപരമായി ആക്രമിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ തുടങ്ങി. വിദ്യാഭ്യാസ വകുപ്പില്‍ സി.എച്ച്. വരുത്തിയ പരിഷ്‌കാരങ്ങള്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ പി.കെ. മന്ത്രിയെക്കൂടി ബാധിച്ചതായിരുന്നു കാര്‍ട്ടുണുകള്‍ക്കു പിന്നിലെ പ്രേരക ശക്തി. സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പോലീസിനെ നിയോഗിച്ചു. ഇത് വിഷയമാക്കി മന്ത്രി ഒരു കാര്‍ട്ടൂണ്‍ വരച്ചു. വളരെ വിവാദമായ ഈ കാര്‍ട്ടൂണ്‍ കേരളമൊട്ടാകെയുള്ള സ്‌കൂള്‍ ചുമരുകളില്‍ പോസ്റ്ററായി പ്രതൃക്ഷപ്പെട്ടു. നാട്ടില്‍ കുട നന്നാക്കുന്നവരെയെല്ലാം സി.എച്ച് അറബി അദ്ധ്യാപകരാക്കായെന്ന ആരോപണം ഉയര്‍ന്ന സമയമായിരുന്നു. ‘കുടനന്നാക്കാനാളില്ല, കുപ്പിം പാട്ടേം തകരവും വാങ്ങാനാളില്ല’ എന്ന് സി. എച്ചിനെ പരിഹസിച്ച് മുദ്രാവാക്യം ഉയര്‍ന്ന കാലം. ഇതിനെ വിഷയമാക്കിയും മന്ത്രി കാര്‍ട്ടൂണ്‍ വരച്ചു. വിദ്യാഭ്യാസ മന്ത്രി മാത്രമല്ല ആഭ്യന്തര മന്ത്രി കൂടിയായ സി.എച്ച് ഇതങ്ങനെ വെറുതെ വിടാന്‍ തയ്യാറായില്ല.
സര്‍ക്കാര്‍ വേതനം പറ്റുന്ന പി.കെ. മന്ത്രിയെന്ന അദ്ധ്യാപകന്‍ പുറത്ത് വരച്ച് പ്രതിഫലം പറ്റുന്നു. അത് ചട്ടങ്ങള്‍ക്കെതിരാണെന്ന് കാണിച്ച് മന്ത്രിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് കേസായി ഇത് മാറിയതോടെ ജോലി തെറിക്കുമെന്ന് ഉറപ്പായി.
അപ്പോഴാണ് മന്ത്രിയുടെ രക്ഷകനായി മറ്റൊരു കാര്‍ട്ടൂണിസ്റ്റ് അവതരിച്ചത്. കെ.വി. രാമകൃഷ്ണ അയ്യരെന്ന സാക്ഷാല്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍. അദേഹം കെ.എസ്.ആര്‍.ടി.സിയില്‍ ജനറല്‍ മാനേജരായിയിരിക്കെ മന്ത്രി എം.എന്‍. ഗോവിന്ദന്‍ നായരുമായി എറ്റ് മുട്ടി അവിടെ നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ട് ആഭ്യന്തര വകുപ്പില്‍ വിജിലന്‍സ് സെക്രട്ടറിയായി സി.എച്ചിന്റെ കീഴില്‍ എത്തിയതാണ്. സസ്‌പെന്‍ഷനിലായിരുന്ന പി.കെ. മന്ത്രിയുടെ ഫയല്‍ അവസാന ഘട്ടത്തിലായിരുന്നു. മന്ത്രിയെ പിരിച്ച് വിടണമെന്ന ശക്തമായ ശുപാര്‍ശ ഫയലില്‍ രൂപം കൊണ്ട് കഴിഞിരുന്നു. വകുപ്പു മന്ത്രിയായ സി എച്ചില്‍ നിന്ന് ഒരു പ്രഭാത ഭക്ഷണ ക്ഷണം കിട്ടിയ മലയാറ്റൂര്‍ ക്ലിഫ്ഹൗസില്‍ സി.എച്ചിനോടൊത്ത് ഭക്ഷണം കഴിക്കവേ മലയാറ്റൂര്‍ മന്ത്രിയുടെ കാര്യം പറഞ്ഞു. ‘സി.എച്ച് നീരസത്തോടെ പറഞ്ഞു, ‘രാമകൃഷ്ണനെന്തിനാ അയാളുടെ വക്കാലത്ത് പിടിക്കുന്നത്.’
മലയാറ്റൂര്‍ നയത്തില്‍ പറഞ്ഞു ‘ മിനിസ്റ്റര്‍ക്ക് വിരോധമില്ലെങ്കില്‍ ഫയലില്‍ ഇന്നോളമുള്ള നോട്ടിംഗിനെതിരായ് മന്ത്രിക്കനുകൂലമായി എഴുതാന്‍ പോകുന്നു. മിനിസ്റ്റര്‍ക്ക് വിരോധമില്ലെങ്കില്‍ ‘
സി എച്ച് പറഞ്ഞു, ‘എന്റെ വിരോധവും സമ്മതവും സെക്രട്ടറി എന്തിന് നോക്കുന്നു? ‘.
നോക്കിയേ പറ്റൂ, കാര്‍ട്ടൂണിസ്റ്റ് മന്ത്രിക്കാവശ്യമായ തീരുമാനമാണല്ലോ എനിക്കാവശ്യം.’ മലയാറ്റൂര്‍ പറഞ്ഞു.
സി എച്ച് ചിരിച്ചു ‘കാര്‍ട്ടൂണിസ്റ്റ് സെക്രട്ടറിയുടെ വര്‍ഗ്ഗസ്‌നേഹം’.
പിന്നീട് മലയാറ്റൂര്‍ എഴുതിയ ഫയല്‍ നോട്ടാണ് മന്ത്രിയെ രക്ഷപ്പെടുത്തിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് പി.കെ. മന്ത്രി സര്‍വീസില്‍ കയറിയത് സി.എച്ചിന്റെ മഹാമനസ്‌കത ഒന്നു കൊണ്ടായിരുന്നു. ‘പ്രതികാര നടപടി സി. എച്ചിന്റെ ശീലങ്ങളിലുണ്ടായിരുന്നില്ലയെന്നതിന് മറ്റൊരു സംഭവം കൂടിയുണ്ട്.
പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ് (PRD) സര്‍ക്കാര്‍ പരസ്യങ്ങള്‍ പത്രങ്ങള്‍ക്ക് നല്‍കുന്നത്. പരസ്യം നല്‍കുന്നതിന് നിശ്ചിത നിബന്ധനകള്‍ ഉണ്ട് അത് ശരിയാണെന്ന് പരിശോധിച്ചാണ് പരസ്യം നല്‍കുക. ഒരിക്കല്‍ വിമത ലീഗുകാരുടെ പത്രമായ ലീഗ് ടൈംസിന് സര്‍ക്കാര്‍ പരസ്യം നല്‍കി. പബ്ലിക്ക് റിലേഷന്‍സ് ഡയറക്ടര്‍ തോട്ടം രാജശേഖരനോട് സി. എച്ച് ചോദിച്ചു. ‘നിങ്ങള്‍ ലീഗ് ടൈംസിന് പരസ്യം കൊടുക്കാന്‍ തീരുമാനിച്ചോ?
‘തോട്ടം രാജശേഖരന്‍ പറഞ്ഞു, ‘അതെ’.
സി.എച്ച്; ‘അവര്‍ എത്ര കോപ്പി അടിക്കുന്നതെന്നാ നിങ്ങള്‍ പറയുന്നത്? ‘
തോട്ടം രാജശേഖരന്‍; ‘നിശ്ചയമായും ആറേഴായിരം കോപ്പി ദിവസവും അടിക്കുന്നുണ്ട്.’
സി .എച്ച് : ചെറിയൊരു സിലണ്ടര്‍ മിഷ്യനാണ് അവര്‍ക്കുള്ളത് അത് വെച്ച് … ‘
തോട്ടം രാജശേഖരന്‍ ‘: ഞാന്‍ നേരിട്ട് പോയി പരിശോധിച്ചാണ് തീരുമാനം എടുത്തത്.
സി എച്ചിന്റെ വെളുത്ത മുഖം ദേഷ്യം കൊണ്ടു ചുവന്ന് തുടുത്തു.
‘ ആ തീരുമാനം നിങ്ങള്‍ പിന്‍വലിക്കണം.
‘ I am sorry sir ‘ നിയമപ്രകാരം അവര്‍ക്ക് അത് കിട്ടാന്‍ അര്‍ഹതയുണ്ട്. അതിനാല്‍ തീരുമാനം റദ്ദ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്
സി.എച്ച് നീട്ടി മൂളി.
സാധാരണ ഗതിയില്‍ പി.ആര്‍.ഡി ഡയറക്ടര്‍ സ്ഥാനത്തില്‍ നിന്ന് ആള്‍ അന്നേരം തെറിക്കും. പക്ഷേ, സി.എച്ച് ഒരു നടപടിയും എടുത്തില്ല. ‘ എന്നോടുള്ള സുഹൃദ്ഭാവത്തിന് ഒരിക്കലും ഊനം തട്ടിയുമില്ല’. തോട്ടം രാജശേഖരന്‍ എഴുതി. മുഖ്യമന്ത്രിക്ക് നല്‍കിയ ചട്ട്ണിക്ക് ഉപ്പ് കുറഞ്ഞതിനാല്‍ ഗസ്റ്റ് ഹൗസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം നടന്ന നാട്ടിലാണ് ഇങ്ങനെയൊരു മന്ത്രിയുണ്ടായിരുന്നത്.
എന്‍ .വി. കൃഷ്ണവാര്യര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരിക്കെ ഒരിക്കല്‍ സി .എച്ച് നേരിട്ട് ഫോണില്‍ വിളിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ജോലിയുടെ പരസ്യത്തിന് തന്റെ ഒരാള്‍ അപേക്ഷിച്ചിട്ടുണ്ട്. അത് ശരിപ്പെടുത്തണം.
‘ആളെ തിരഞ്ഞെടുക്കുന്നത് കമ്മറ്റിയാണല്ലോ. എനിക്ക് എന്തു ചെയ്യാന്‍ കഴിയും? എന്‍.വി പറഞ്ഞു.
‘അതൊന്നും പറഞ്ഞാല്‍ പറ്റില്ല. ഈ കാര്യം എങ്ങനെയെങ്കിലും ശരിപ്പെടുത്തണം. ഇത്രയും പറഞ്ഞ് സി.എച്ച് ഫോണ്‍ കട്ട് ചെയ്തു. രണ്ട് മിനിറ്റ് കഴിഞ്ഞ് എന്‍ വിയുടെ ഫോണ്‍ റിംഗ് ചെയ്തു. എടുത്തപ്പോള്‍ വീണ്ടും സി.എച്ച്. വിളിക്കുന്നത് വിദ്യഭ്യാസ മന്ത്രി തന്നെ പക്ഷേ, ഇത്തവണ സ്വരം വ്യത്യസ്തമായിരുന്നു. ‘എന്‍. വി, ഞാനാദ്യം പറഞ്ഞത് കണക്കിലെടുക്കേണ്ട. അയാള്‍ ഇവിടെ വന്ന് ഇരിപ്പായതുകൊണ്ട് മറ്റൊരു നിവൃത്തിയില്ലാതെ പറഞ്ഞതാണ്. നിയമ പ്രകാരമേ ആളെ എടുക്കാവൂ. ജോലി ശരിക്കു ചെയ്യാന്‍ ഏറ്റവും കഴിവുള്ള ആളേയെ എടുക്കേണ്ടു. എന്നാല്‍ ശരി ‘
ത്രിഭാഷ പദ്ധതിയനുസരിച്ച് ഹിന്ദി സംസ്ഥാനങ്ങളില്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഏതെങ്കിലും ഒരു ദക്ഷിണേന്ത്യാ ഭാഷ പഠിപ്പിക്കുന്നതിന്റെ മുഴുവന്‍ ചിലവും കേന്ദ്രം വഹിക്കുമെന്ന് ഒരു തീരുമാനം 60കളില്‍ ഉണ്ടായി. അതനുസരിച്ച് മലയാളം പഠിപ്പിക്കാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യാപകരെ അയക്കാന്‍ തയ്യാറാണെന്ന് ഡയറക്ടറായ എന്‍.വി. ഹിന്ദി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതി. കത്തിന്റെ കോപ്പി കേരള വിദ്യാഭ്യാസവകുപ്പിനും വെച്ചിരുന്നു. യാദൃച്ഛികമായി സെക്രട്ടറിയേറ്റില്‍ എന്‍.വി. സി. എച്ചിനെ കണ്ടു. സി.എച്ച്. ഒരു ഫയല്‍ എടുത്ത് എന്‍. വിയെ കാണിച്ചു. സര്‍ക്കാരിന്റെ അനുവാദമില്ലാതെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്വന്തം ഇഷ്ടപ്രകാരം മറ്റു സംസ്ഥാനങ്ങളുമായി കത്തിടപാട് നടത്തുകയാണെന്നും ഇത് തടയണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മന്ത്രിക്ക് അയച്ച കുറിപ്പ് ഫയലില്‍ ഉണ്ടായിരുന്നു. ഒരു ബ്യൂറോക്രാറ്റ് ശൈലിയിലെ പാര.
‘സ്വമേധയാല്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഏല്‍പ്പിച്ചത് എന്നായിരുന്നു എന്റെ വിചാരം എന്‍. വി. തുറന്നു പറഞ്ഞു.’ഇതിന് ഞാന്‍ ഉത്തരമെഴുതണോ? എന്‍.വി ചോദിച്ചു.’വേണ്ട, വെറുതെ കാണിച്ചു എന്നേയുള്ളൂ. കണ്ട കാര്യം ആരോടും പറയേണ്ട മന്ത്രി ഒരു ചെറു ചിരിയോടെ പറഞ്ഞു.
അതായിരുന്നു ജനങ്ങള്‍ ഇഷ്ടപ്പെട്ട ആ രണ്ടക്ഷരക്കാരന്‍- സി.എച്ച്.
1983 ല്‍ വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിന് പങ്കെടുക്കാന്‍ ഹൈദരാബാദില്‍ പോയപ്പോഴാണ് സെപ്റ്റംബര്‍ 28 ന് സി.എച്ചിന്റെ മരണം. former kerala chief minister and muslim league leader ch muhammed koya death anniversary