UPDATES

Op-ed

രാഷ്ട്രീയ-മാധ്യമ സംഘം എഴുതിയ കഥയിലെ പ്രൊഫുമോയും ക്രിസ്റ്റീന്‍ കീലറും

ഓഗസ്റ്റ് 1 പി ടി ചാക്കോയുടെ 60 ാം ചരമ വാര്‍ഷികം

Avatar

അമർനാഥ്‌

                       

കോണ്‍ഗ്രസിലെ കരുത്തനായ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയും കേരള കോണ്‍ഗ്രസിന്റെ പിറവിക്ക് കാരണഭൂതനുമായ പി ടി ചാക്കോയുടെ 60-ാം ചരമ വാര്‍ഷികമാണ് ഓഗസ്റ്റ് ഒന്ന്.

സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ വിഖ്യാതനായ എഡിറ്റര്‍ കാമ്പിശ്ശേരി കരുണാകരന്‍, പത്രത്തിന്റെ രജത ജൂബിലി ആഘോഷവേളയില്‍ കൊല്ലത്ത് വച്ച് തന്റെ പ്രത്രാധിപസമിതി അംഗങ്ങളോട് പറഞ്ഞു: ”നമ്മുടേത് പാര്‍ട്ടി പത്രമാണ്. ആ ലൈനില്‍ ഒരു പാട് ചെയ്തു. പി ടി ചാക്കോ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹത്തിന്റെ കാര്‍ കൈവണ്ടിയില്‍ ഇടിച്ച് അപകടമുണ്ടായിയെന്നും നമ്മള്‍ വാര്‍ത്ത ഉണ്ടാക്കി. 10 ശതമാനം സത്യം, 90 ശതമാനം കള്ളം. പക്ഷേ, ആ വാര്‍ത്ത ചാക്കോയുടെ ജീവിതം തുലച്ചു. അത്തരം രീതിയൊന്നും നമുക്കിനി വേണ്ട.”

അതൊരു പത്രപ്രവര്‍ത്തകന്റെ, പത്രത്തിന്റെ പശ്ചാതാപമായിരുന്നു. അപ്പാഴേക്കും സമയം കടന്നുപോയിരുന്നു. ആ കുറ്റ സമ്മതം കേള്‍ക്കാന്‍ ഇരയായ പി.ടി. ചാക്കോ എന്ന നേതാവ് ഇല്ലായിരുന്നു. രാഷ്ട്രീയത്തില്‍ നിന്നല്ല, ഈ ഭൂമിയില്‍ നിന്നു തന്നെ, അദ്ദേഹം വിടവാങ്ങിക്കഴിഞ്ഞിരുന്നു. ആരോപണമുന്നയിച്ചവര്‍ക്ക് അത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം അന്നും ഇന്നും ഇല്ലായിരുന്നു എന്നതാണ് പി.ടി. ചാക്കോ എന്ന രാഷ്ട്രീയ നേതാവിനെ പതനത്തിലേക്ക് നയിച്ച പീച്ചി സംഭവത്തിലെ ചരിത്രത്തിന്റെ ബാക്കിപത്രം.

ആറ് പതിറ്റാണ്ട് മുന്‍പ് കേരള രാഷ്ട്രീയത്തിലെ ഒരു ഉന്നതനായ നേതാവിനെ, നടപടി ദൂഷ്യമാരോപിച്ച് അപവാദത്തില്‍പ്പെടുത്തിയ സംഭവമാണ് 1963 ഡിസംബറില്‍ നടന്ന കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായ പി.ടി. ചാക്കോയുടെ ‘പീച്ചി യാത്ര’. കേരള രാഷ്ടീയ രംഗത്തെ ഒരു ഉന്നതനെ കുടുക്കിയ ആദ്യത്തെ തേന്‍കെണിയൊരുങ്ങിയത് ആ നേതാവിനെ കുടുക്കാനായിരുന്നു. അത് വാര്‍ത്താ പ്രധാന്യമാക്കി, ചാക്കോയുടെ പതനത്തില്‍ പങ്ക് വഹിച്ചതിന്റെ കുറ്റബോധമാണ് കാമ്പിശ്ശേരി തന്റെ വാക്കുകളിലൂടെ പ്രകടമാക്കിയത്.

കേരള രാഷ്ട്രീയത്തിലെ അതിശക്തനായ ഒരു പോരാളിയുടെ, ഒരു നേതാവിന്റെ പതനത്തിന്റെ കഥയാണത്. ഗൂഢാലോചനയും ഉപജാപവും കുതികാല്‍ വെട്ടും തേജോവധവും സമാസമം കൂടിക്കലര്‍ത്തിയ വഞ്ചനയുടെ കഥ. കേരളം കണ്ട ആദ്യത്തെ സദാചാര ഗുണ്ടായിസത്തിന്റെ ആദ്യ രാഷ്ട്രീയ ഇരയുടെ കഥ.
കോട്ടയത്തെ, വാഴൂരിലെ പുള്ളോലില്‍ തോമസ് ചാക്കോയെന്ന പി.ടി. ചാക്കോ- കട്ടിയുള്ള മേല്‍മീശക്കാരന്‍, ഒരു സിഗരറ്റില്‍ നിന്ന് മറ്റൊരു സിഗരറ്റ് കൊളുത്തി, പുക വലിക്കുന്ന ചങ്ങല വലിയന്‍, മികച്ച ക്രിമിനിനല്‍ വക്കീല്‍, കേരളം കണ്ട ഏറ്റവും മികച്ച ആഭ്യന്തര മന്ത്രി. പാര്‍ട്ടിക്കാര്‍ തള്ളിപ്പറഞ്ഞിട്ടും അവസാനം വരെ കോണ്‍ഗ്രസുകാരനായവന്‍. കറപുരളാത്ത രാഷ്ട്രീയം ആവേശമായി കൊണ്ടു നടന്ന പി.ടി. ചാക്കോയുടെ 60ാം ചരമ വാര്‍ഷികമാണിന്ന്.

p t chacko
പി ടി ചാക്കോ

1915ല്‍ കോട്ടയത്ത് വാഴൂരില്‍ ജനിച്ച, പുള്ളോലില്‍ തോമസ് ചാക്കോ അടിമുടി അച്ചടക്കമുള്ള കോണ്‍ഗ്രസുകാരനായിരുന്നു. 1938 മുതല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ ദിവാനെതിരെ നിരോധിക്കപ്പെട്ട മെമ്മോറാണ്ടം വായിച്ച് അറസ്റ്റിലായി ആറ് മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കിടന്നു. 1945ല്‍ രാജ്യദ്രോഹക്കുറ്റത്തിന് ജയില്‍ ശിക്ഷയനുഭവിച്ചപ്പോള്‍ ‘സര്‍ സി പിക്ക് തുറന്ന കത്ത്’ എന്ന ഗ്രന്ഥമെഴുതി. 1948 ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ ചീഫ് വിപ്പ് ആയി. 1957ല്‍ കേരള സംസ്ഥാനമുണ്ടായപ്പോള്‍ നിലവില്‍ വന്ന, ആദ്യ നിയമസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്നു.

ഒരു ഉറച്ച കത്തോലിക്കാ വിശ്വാസിയായ ചാക്കോ സഭയും വൈദികരും രാഷ്ട്രീയത്തിത്തിലിറങ്ങുന്നതിനെ ശക്തമായി എതിര്‍ത്ത രാഷ്ടീയക്കാരനായിരുന്നു. 1960 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പി.എസ്.പിയും മുസ്ലിം ലീഗും മുന്നണിയായി മത്സരിച്ച് ജയിച്ച് നിലവില്‍ വന്ന ആദ്യത്തെ പട്ടം താണുപിള്ള മന്ത്രിസഭയിലും പിന്നീട് വന്ന ആര്‍ ശങ്കര്‍ മുഖ്യമന്തിയായ മന്ത്രിസഭയിലും ആഭ്യന്തരം റവന്യൂ, നിയമം എന്നീ പ്രധാന വകുപ്പുപ്പുകള്‍ കൈകാര്യം ചെയ്തത് പ്രഗത്ഭനായ ചാക്കോയായിരുന്നു. മധ്യതിരുവിതാം കൂറിലെ സാധാരണ ക്രൈസ്തവരുടെ ഇടയില്‍ ഏറ്റവും സ്വീകാര്യനായ നേതാവായിരുന്നു പി.ടി. ചാക്കോ.

R sankar former cm
ആര്‍ ശങ്കര്‍

ഒന്നാന്തരം പാര്‍ലമെന്റേറിയനും കഴിവുള്ള ഭരണകര്‍ത്താവുമായിരുന്ന അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരോധം അന്നത്തെ, പ്രതിപക്ഷത്തിന്റെ ആജന്മശത്രുവാക്കി തീര്‍ത്തു. രാഷ്ട്രീയ വിരോധം മറികടന്ന് അത് വ്യക്തിവിദ്വേഷമായി മാറി. സ്വന്തം പാര്‍ട്ടിയില്‍ തന്നെ അദ്ദേഹത്തിന് ശത്രുക്കളുണ്ടായി. അന്നത്തെ മുഖ്യമന്ത്രിയായ ആര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പും ചാക്കോയുടെ വിശ്വസ്തനായ അനുയായി കെ എം ജോര്‍ജിന്റെ നേതൃത്വത്തില്‍ ശങ്കറിനെതിരെ ഒരു ഗ്രൂപ്പുമുണ്ടായിരുന്നു. അന്നത്തെ കെപിസിസി പ്രസിഡന്റായ സി കെ ഗോവിന്ദന്‍ നായര്‍ പരോക്ഷമായി ശങ്കറെ പിന്തുണച്ചിരുന്നു.

അകാലത്ത് നടന്ന രണ്ട് പ്രക്ഷോഭങ്ങളാണ് കൊട്ടിയൂര്‍ മേല്‍ച്ചാര്‍ത്ത് പ്രശ്‌നവും ഇടുക്കിയിലെ അമരാവതി കുടിയിറക്കവും. മലബാറിലെ കൊട്ടിയൂരില്‍ ദേവസ്വം ഭൂമിയില്‍നിന്ന് കുടിയേറ്റ കര്‍ഷകരുടെ ഒഴിപ്പിക്കലിനെതിരെ എകെജിയും ഫാദര്‍ വടക്കനു യോജിച്ച് സമരം നടത്തിയിരുന്നു. സമാനമായ രീതിയിലെ കുടിയേറ്റം ഒഴിപ്പിക്കിക്കലായിരുന്നു ഇടുക്കി പദ്ധതി പ്രദേശത്തെ സമരവും. വനം മന്ത്രി ഇ. പി. പൗലോസാണെങ്കിലും രണ്ടിലും പോലീസ് നടപടി വേണ്ടി വന്നതിനാല്‍ പി.ടി. ചാക്കോക്ക് ഇടപെടേണ്ടി വന്നു. രണ്ട് സമരവും ഒത്ത് തീര്‍പ്പിലായെങ്കിലും പി.ടി ചാക്കോക്കെതിരെ കേരള രാഷ്ട്രീയത്തില്‍ ശക്തനായ ഒരു പ്രതിയോഗിയായി ഫാദര്‍ വടക്കന്‍ ഉയര്‍ന്നു വന്നു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ രൂപംകൊണ്ട വിമോചനസമരമുന്നണിയില്‍ പങ്കുണ്ടായിരുന്ന ഫാദര്‍ വടക്കനോടും കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണി നേതാക്കന്മാരോടും പിന്നീട് നടന്ന സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചന നടത്താത്തത് പി ടി ചാക്കോയുടെ തീരുമാനമാണെന്ന് മനസിലാക്കിയ ഫാദര്‍ വടക്കന് ചാക്കോയോട് കടുത്ത വിരോധമായിരുന്നു. ആയിടെ ഫാദര്‍ വടക്കന്റെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് കൊണ്ട് പി.ടി. ചാക്കോ കോട്ടയം തിരുനക്കര മൈതാനിയില്‍ പ്രസംഗിച്ചു. പുരോഹിതരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ചാക്കോ ശക്തമായി വിവര്‍ശിച്ചത് വടക്കനച്ചനെ ക്ഷുഭിതനാക്കി.

father vadakkan
ഫാദര്‍ വടക്കന്‍

ഫാദര്‍ വടക്കന്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ‘മലനാട് കര്‍ഷക യൂണിയന്‍’ ഈ സമയത്ത് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇവരുടെ പാര്‍ട്ടി മുഖപത്രമായിരുന്നു. തൃശൂരില്‍ നിന്ന് പുറത്ത് വന്നിരുന്ന ‘തൊഴിലാളി’ ദിനപത്രം. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപപ്പെടുത്തിയ മന്ത്രി കെ. ആര്‍ ഗൗരിയുടെ ഭൂപരിഷ്‌കരണ ബില്ലിലെ അപാകതകള്‍ പരിഹരിച്ച് പഴുതടച്ച് പുതിയ ബില്ലായി മാറ്റുന്നതില്‍ മുഴുകിയിരിക്കുകയായിരുന്നു ചാക്കോ. ‘ചര്‍ച്ച ചെയ്യുന്ന ഈ ഭൂനയ ബില്ല് നിയമമായാല്‍ മേല്‍ച്ചാര്‍ത്തും ജന്മിത്വവും ഇല്ലാതാകും’ ചാക്കോ നിയമ സഭയില്‍ പ്രഖ്യാപിച്ചു. ഇത് കമ്യൂണിസ്റ്റുകാര്‍ക്ക് രസിച്ചില്ല. നിയമ,റവന്യൂ മന്ത്രിയായ പി.ടി.ചാക്കോ കേരള നിയമസഭയില്‍ അവതരിപ്പിച്ച ഭൂനയ ബില്ല് 1963 ഡിസംബര്‍ 1 ന് ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍ ഒപ്പു വെച്ചു.

ബില്ല് പാസാക്കിയ ശേഷം, നിയമ സഭ ഇടക്കാലത്തേക്ക് പിരിഞ്ഞു. ബില്ല് തയ്യാറാക്കാന്‍ എറെ ദിവസങ്ങള്‍ ചിലവിട്ട ചാക്കോ ഇനി കുറച്ച് വിശ്രമം വേണമെന്ന ആലോചനയിലായിരുന്നു. മുന്നോ നാലോ ദിവസം മറ്റൊരു സ്ഥലത്ത് ചിലവഴിക്കണമെന്ന് ചാക്കോ തീരുമാനിച്ചു. തൃശൂരിനടുത്തുള്ള പീച്ചി ഡാം റെസ്റ്റ് ഹൗസില്‍ തങ്ങാന്‍ തീരുമാനിച്ചു. കൂടെ വരാന്‍ തന്റെ ഏറ്റവും അടുത്ത സ്‌നേഹിതരായ ടൈം ഓഫ് ഇന്ത്യ പത്രത്തിന്റെ തിരുവനന്തപുരത്തെ പ്രതിനിധിയായ കെ.സി. ജോണിനേയും ദീപിക പത്രത്തിന്റെ ‘പ്രതിനിധി കെ.സി. സെബാസ്റ്റ്യനെയും ക്ഷണിച്ചു. അവര്‍ തയ്യാറായെങ്കിലും സെബാസ്റ്റ്യന് പനി വന്നതിനാല്‍ അവര്‍ കൂടെ പോകാതെ ഒഴിവായി. കാറില്‍ ചാക്കോ തൃശൂര്‍ക്ക് പുറപ്പെട്ടു.

1963 ഡിസംബര്‍ 8. ആ ഞായറാഴ്ച, ഒരു തെളിഞ്ഞ പ്രഭാതമായിരുന്നു. തൃശൂര്‍ ടൗണില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ലൂര്‍ദ് മാതാവിന്റെ പള്ളി. അന്ന് പെരുന്നാള്‍ ആഘോഷം നടക്കുകയായിരുന്നതിനാല്‍ ആ പരിസരത്ത് നല്ല ആള്‍ക്കൂട്ടമുണ്ടായിരുന്നു. പൊടുന്നനെ ഒരു നീല അംബാസഡര്‍ കാര്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ ഒരു ഉന്തുവണ്ടി കാറിന്റെ മഡ് ഗാഡില്‍ തട്ടി. ഒരു ചക്രത്തിന്റെ അച്ചാണി ഇളകി തെറിച്ച് വണ്ടി മറിയുകയും വണ്ടിക്കാരന്‍ തൊട്ടടുത്തുള്ള ഓടയില്‍ വീഴുകയും ചെയ്തു. കാറാകട്ടെ നിര്‍ത്താതെ ഓടിച്ചു പോയി. അപകടം നടന്നതായി കാറോടിച്ച ആള്‍ അറിഞ്ഞില്ല .ഉന്തുവണ്ടിക്കാരന്‍ വേലായുധന് വീഴച്ചയില്‍ പരിക്ക് പറ്റി. ആളുകള്‍ ബഹളം വെച്ച് വണ്ടി തടയാന്‍ ശ്രമിച്ചെങ്കിലും വണ്ടി വിട്ടുപോയിരുന്നു. പക്ഷേ, ആളുകള്‍ വണ്ടിക്കകത്ത് ഒരു സ്ത്രീ മുന്‍ സീറ്റില്‍ ഇരിക്കുന്നത് വ്യക്തമായി കണ്ടു.

സാധാരണഗതിയില്‍ ചെറിയൊരു അപകടം മാത്രമായിരുന്നു അത്. പക്ഷേ, കാര്‍ അസാധാരണ വാഹനമായിരുന്നു. ചുവന്ന സ്റ്റേറ്റ് ബോര്‍ഡ് നമ്പര്‍ വച്ച കാറായിരുന്നു അത്. സ്റ്റേറ്റ് നമ്പര്‍ പ്ലേറ്റ് കണ്ടതാണ് ആളുകള്‍ കാര്‍ ശ്രദ്ധിക്കാന്‍ കാരണവും. കാറിനകത്ത് ഒരു കറുത്ത കണ്ണടവച്ച ഒരു സ്ത്രീയുള്ളതും അവര്‍ കണ്ടു. നിര്‍ഭാഗ്യവശാല്‍ ആ കാറോടിച്ചിരുന്നത് പി ടി ചാക്കോയായിരുന്നു, അന്നത്തെ ആഭ്യന്തര മന്ത്രി. ആലുവ ഗസ്റ്റ് ഹൗസില്‍നിന്ന് പീച്ചിയിലേക്കുള്ള യാത്രയിലാണ് ഇത് സംഭവിച്ചത്. കേരളത്തിലെ രാഷ്ട്രീയത്തെ ആകെ ഇളക്കിമറിച്ച സംഭവവികാസങ്ങള്‍ക്ക് വഴി തെളിച്ച ‘പീച്ചി യാത്ര’ ഇവിടെ ആരംഭിച്ചു.

സോഷ്യല്‍ മീഡിയയോ ചാനലുകളോ അന്ന് സങ്കല്‍പ്പത്തില്‍ പോലുമില്ല; ലൈവ് വീഡിയോക്കാരും. പക്ഷേ, അന്ന് പത്രങ്ങളുണ്ടായിരുന്നു. നടന്ന സംഭവം വിശദീകരിക്കാന്‍ അവസരം കിട്ടും മുന്‍പേ പത്രങ്ങള്‍ പി.ടി. ചാക്കോയെ അസന്മാര്‍ഗിയായി വിധിച്ചുകഴിഞ്ഞിരുന്നു. ചാക്കോയെ സ്വഭാവഹത്യ ചെയ്തു കൊണ്ട് കമ്യൂണിസ്റ്റ് അനുഭാവ പത്രങ്ങളായ നവജീവനും നവയുഗവും പി ടി ചാക്കോയുടെ രാജിക്കായി വാര്‍ത്തകളിലൂടെ ആഞ്ഞടിച്ചു.

ഒരു ദിനപത്രത്തിലെ ഒരു തലക്കെട്ട് ഇങ്ങനെയായിരുന്നു. ‘ആരാണ് കേരളത്തിലെ ക്രിസ്റ്റീന്‍ കീലര്‍? 1963ല്‍ ബ്രിട്ടനില്‍ ഹരോള്‍ഡ് മാക്മില്ലന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെ പ്രതിസന്ധിലാക്കിയ പ്രൊഫുമോ അഫയേഴ്‌സുമായി ഒരു പത്രം ഈ സംഭവത്തെ താരതമ്യം ചെയ്തു. അക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോള്‍ഡ് മാക്മില്ലന്റെ ഉന്നതപദവിയിലുള്ള സെക്രട്ടറിയായിരുന്നു ജോണ്‍ പ്രൊഫുമോ. ഇയാളുമായി ബന്ധപ്പെട്ട് അക്കാലത്ത് ഇംഗ്ലണ്ടില്‍ പൊട്ടിപ്പുറപ്പെട്ട ലൈംഗികാപവാദത്തിലെ നായികയായിരുന്നു, ഒരു മോഡലായ ക്രിസ്റ്റീന്‍ കീലര്‍. പ്രൊഫുമോ അഫയേഴ്‌സ് എന്നറിയപ്പെട്ട ഈ വിവാദത്തോടെ പ്രൊഫുമോയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. അക്കാലത്തെ കാറിലെ യുവതി ആരാണെന്ന ദുരൂഹത പീച്ചി സംഭവത്തെ ദേശീയ തലത്തില്‍ ശ്രദ്ധയിലെത്തിച്ചു. കേരളത്തിലെ പ്രഫ്യൂമോയായ് പി ടി ചാക്കോയെ പത്രങ്ങള്‍ വിശേഷിപ്പിച്ചു. പ്രതിപക്ഷത്തുള്ളവരും ചാക്കോയുടെ മറ്റ് ശത്രുക്കളും ഒന്നിച്ച് രംഗത്തിറങ്ങി. കോണ്‍ഗ്രസിലെ ശങ്കര്‍- ചാക്കോ കൂട്ട് കെട്ടിന്റെ ജനസമ്മതിയില്‍ ആശങ്കാകുലരായ സ്വന്തം പാര്‍ട്ടിക്കാരും തേജോവധം ചെയ്യാന്‍ ഒന്നിച്ചു.

padmam s menon
പത്മം എസ് മേനോന്‍

ഈ ചെറിയ അപകടം മുന്നാല് നാളുകൊണ്ട് പത്രങ്ങള്‍ വന്‍ വാര്‍ത്തയാക്കി. എന്നാല്‍ ദേശാഭിമാനി പത്രം ആദ്യത്തെ ദിവസം പോലും ഈ വാര്‍ത്ത കൊടുത്തില്ല എന്ന കാര്യം ശ്രദ്ധേയമായിരുന്നു. ചിലരുടെ ഗൂഡാലോചനയില്‍ രൂപപ്പെട്ടതാണ് ഈ സംഭവമെന്ന് നിഗമനത്തിലെത്താവുന്ന കാര്യങ്ങളാണ് ഇതൊക്കെ. അതിനിടയില്‍ ചാക്കോയുടെ രാഷ്ട്രീയ പ്രതിയോഗിയായ ഫാദര്‍ വടക്കന്‍ തക്ക സമയത്ത് തന്നെ ഒരു വെടി പൊട്ടിച്ചു. വടക്കനച്ചന്‍ ‘തൊഴിലാളി ‘ പത്രത്തില്‍ ഒരു കുറിപ്പെഴുതി. ‘പോലീസ് മന്ത്രിയുടെ പീച്ചി കാര്‍ യാത്രയെ കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്’ തൊഴിലാളി’ ഇത് വരെ ഈ സംഭവത്തെക്കുറിച്ച് ഒരു അക്ഷരം ഇട്ടിട്ടില്ല. എന്നാല്‍ സംഭവത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തി സത്യം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മന്ത്രി ചാക്കോ വസ്തുതകള്‍ തുറന്ന് പറഞ്ഞില്ലെങ്കില്‍ ഞങ്ങളുടെ സത്യാന്വേഷണ ഫലം തൊഴിലാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.’ അതോടെ ചാക്കോ വെട്ടിലായി. വാര്‍ത്ത സംഭവം നടന്ന തൃശൂരില്‍ നിന്ന് പുറത്ത് വരുന്ന പത്രമാണ് തൊഴിലാളിയെന്നതും എഴുതിയത് ഫാദര്‍ വടക്കനുമായതിനാല്‍ സംഭവം ഒന്നു കൂടി ചൂടുപിടിച്ചു. കോട്ടയത്ത് നിന്ന് പി.ടി. ചാക്കോ ഒരു പ്രസ്താവന ഇറക്കി. കാറിലുണ്ടായിരുന്നത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയായ പത്മം എസ് മേനോനാനെന്നും ചില രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കാറില്‍ കയറിയതാണെന്നും ചാക്കോ പറഞ്ഞു. പത്മം എസ്. മേനോനും താനാണ് കാറിലുണ്ടായിരുന്ന സ്ത്രീ എന്ന് പ്രസ്താവിച്ചു. പക്ഷേ, ഇത് കടകവിരുദ്ധമായ ഒന്നായിരുന്നു. പീച്ചി സംഭവം നടന്നു കഴിഞ്ഞ് പിറ്റേനാള്‍ ചാക്കോ ഭാര്യയെ വാഴൂരില്‍ നിന്ന് തൃശൂര്‍ വരുത്തി കാറില്‍ തൃശൂരില്‍ സഞ്ചരിച്ചിരുന്നു. ചില ചാക്കോ അനുകൂലികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. അത് വിനയായി മാറി സംഭവത്തിലെ ദുരൂഹത ഒന്നു കൂടി വര്‍ദ്ധിച്ചു. നിയമസഭാ സമ്മേളനം ആരംഭിക്കുകയായിരുന്നതിനാല്‍ പി.ടി. ചാക്കോ തിരുവനന്തപുരത്തേക്ക് മടങ്ങി, തന്റെ പൊതു പ്രവര്‍ത്തനത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനെ നേരിടാന്‍.

1964 ജനുവരി 28 ന് നിയമസഭയില്‍ സിപിഐയിലെ ഇറവങ്കര ഗോപാല കുറുപ്പാണ് ചാക്കോക്കെതിരെ ആദ്യം വെടിപൊട്ടിച്ചത്. ”മന്ത്രി ചാക്കോയാണ് കാറോടിച്ചത്. പീച്ചിയിലേക്കായിരുന്നു യാത്ര. കാര്‍ സീറ്റില്‍ ഇടതുവശത്ത് സംശയത്തിനിടയാക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. പീച്ചി ഗസ്റ്റ് ഹൗസിലേക്കാണ് അവര്‍ പോകാനിരുന്നത്. ഗസ്റ്റ് ഹൗസില്‍ മുറി റിസര്‍വ് ചെയ്തിരുന്നത് അഡ്വക്കേറ്റ് ശ്രീനിവാസന്‍ എന്ന കള്ളപ്പേരിലാണ്. അതിനാല്‍ കൂടെയുള്ളത് വ്യാജച്ചരക്കാണ്,” ഇറവങ്കര സഭയില്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി: ”കാര്‍ നിര്‍ത്താത്തതില്‍ ഖേദമുണ്ട്. ഉന്തുവണ്ടി മറിഞ്ഞത് അറിഞ്ഞില്ല. തന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് കാലാവധി കഴിഞ്ഞതാണ്. പക്ഷേ, 30 ദിവസത്തെ കാലയളവ് നിയമത്തിലുണ്ട്. പോലീസിനെ താന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. 27 കൊല്ലത്തെ തന്റെ പൊതുജീവിതം സംശുദ്ധമാണ്. കാറിലുണ്ടായിരുന്ന യുവതി തന്റെ പാര്‍ട്ടിക്കാരിയും സഹപ്രവര്‍ത്തകയുമാണ്. സാഹചര്യങ്ങള്‍ എനിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളുണ്ട്.” പക്ഷേ, ഇതൊന്നും ഫലിച്ചില്ല. സിപിഐയുടെ ഒത്താശയില്‍ ഇതിനകം കോണ്‍ഗ്രസ്‌കാര്‍ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നു.

നിയമസഭയില്‍ ഒരു ചോദ്യത്തിന് മറുപടി പറയാന്‍ പി ടി ചാക്കോ തയ്യാറായപ്പോള്‍ പട്ടാമ്പിയിലെ കമ്യൂണിസ്റ്റ് എംഎല്‍എ ഇ പി ഗോപാലന്‍ എഴുന്നേറ്റ് പറഞ്ഞു, ”മോട്ടോര്‍ വാഹന നിയമവും ഇന്ത്യന്‍ പീനല്‍ കോഡും വ്യഭിചാര നിയമവും ലംഘിച്ച് പെരുമാറിയതിന് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കേണ്ട ഒരു പുള്ളിയാണോ ഞങ്ങളുടെ ചോദ്യത്തിന് മറുപടി പറയുന്നത്?”മര്‍മത്തേറ്റ ഇ പിയുടെ ഈ വാക്ശരത്തില്‍ ചാക്കോ ഇരുന്നുപോയി.

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ സിപിഐ അംഗങ്ങള്‍ക്ക് ചാക്കോക്കെതിരെ ആവശ്യമായത് കോണ്‍ഗ്രസുകാര്‍ തന്നെ നല്‍കി. ചാക്കോയുടെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ തന്നെ കളമൊരുക്കി. മുഖ്യമന്ത്രി ആര്‍ ശങ്കര്‍- ചാക്കോ അച്ചുതണ്ട് തകര്‍ക്കുക, ചാക്കോയെ രാജി വയ്പിക്കുക ഇതായിരുന്നു ചാക്കോ വിരുദ്ധരുടെ പദ്ധതി.
1964 ജനുവരി 30. അന്ന് മഹാത്മഗാന്ധിയുടെ രക്തസാക്ഷി ദിനം. ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ വോട്ടെടുപ്പ് വന്നപ്പോള്‍ ഒരു എംഎല്‍എ മാത്രം വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. കണ്ണൂരില്‍ മാടായിയില്‍ നിന്നുള്ള എംഎല്‍എ ഗാന്ധിയനായ കോണ്‍ഗ്രസ് പാര്‍ട്ടിയംഗമായ പ്രഹ്‌ളാദന്‍ ഗോപാലനായിരുന്നു രംഗത്തുവന്നത്. ചാക്കോയെ പോലെ ഒരസാന്മാര്‍ഗി മന്ത്രിസഭയിലുണ്ടാകുന്ന കാലത്തോളം ഞാന്‍ ഈ സര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു. തലേന്നാള്‍ ഗാന്ധിജി തന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടെന്നും ചാക്കോയുടെ രാജിക്കായി നിരാഹാര സത്യഗ്രഹം നടത്താന്‍ ആവശ്യപ്പെട്ടെന്നും അയാള്‍ പത്രക്കാരോട് പറഞ്ഞു. തുടര്‍ന്ന് സഭയുടെ വരാന്തയില്‍ അനിശ്ചിത നിരാഹാരം ആരംഭിച്ചു. സ്‌കൂള്‍ മാനേജറായ സ്വന്തം പിതാവിനെതിരെ കണ്ണൂരില്‍ അധ്യാപകര്‍ക്കുവേണ്ടി സമരം നടത്തിയ പി ഗോപാലനാണ് പിന്നീട് പ്രഹളാദന്‍ ഗോപാലനായായത്. പുരാണത്തില്‍ പിതാവായ ഹിരണ്യകശിപുവിനെതിരെ നീങ്ങിയ മകനായ പ്രഹളാദന്റെ പുതിയ രൂപം പൂണ്ടയാള്‍!

prahladan gopalan
പ്രഹ്‌ളാദന്‍ ഗോപാലന്‍

ഒടുവില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവ് സി എം സ്റ്റീഫന്‍ ചാക്കോയെ പുറത്താക്കിയില്ലെങ്കില്‍ താനും 27 എം എല്‍ എ മാരും പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശങ്കറിനും ചാക്കോ രാജിവയ്ക്കണമെന്ന നിലപാടായിരുന്നു. ഹൈക്കമാന്‍ഡും ഇത് ശരിവച്ചു. ഇതോടെ ശങ്കറും ചാക്കോയും തെറ്റി. മുഖ്യമന്ത്രിയെന്ന നിലയില്‍ തനിക്ക് ചാക്കോയില്‍ വിശ്വാസം നഷ്ടമായെന്ന് മുഖ്യമന്ത്രി ശങ്കര്‍ പരസ്യമായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ചാക്കോ തിരുവനന്തപുരത്തെത്തി ഒറ്റവരി രാജിക്കത്ത് നല്‍കി.

രാജിവച്ച ചാക്കോയ്ക്ക് നാടൊട്ടുക്ക് വന്‍ സ്വീകരണം നല്‍കാന്‍ കോണ്‍ഗ്രസിലെ ചാക്കോ അനുകൂലികള്‍ തയ്യാറായി. അവര്‍ മുഖ്യമന്ത്രി ശങ്കറിനെതിരെ പ്രചാരണമഴിച്ചു വിട്ടു. അപകടം മനസിലാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജനറല്‍ സെക്രട്ടറി സാദിക്കുഞ്ഞലിയെ നേരിട്ട് കോട്ടയത്തേക്ക് അയച്ച് സ്വീകരണയോഗങ്ങള്‍ അവസാനിപ്പിക്കാന്‍ ചാക്കോയോട് അഭ്യര്‍ത്ഥിച്ചു. ഒരച്ചടക്കമുള്ള കോണ്‍ഗ്രസുകാരനെന്ന നിലയ്ക്ക് പി ടി ചാക്കോ അതിനുവഴങ്ങി. സ്വീകരണ യോഗങ്ങളെല്ലാം റദ്ദാക്കി.’ പി.ടി. ചാക്കോ ഒരു യോഗത്തില്‍ ഇങ്ങനെ പറഞ്ഞു. ‘ തല്‍ക്കാലമുള്ള തിരിച്ചടികള്‍ ഗൗരവമാക്കേണ്ടതില്ല. ഇപ്പോള്‍ അടങ്ങിയിരിക്കുക. കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ ശ്രമിക്കുക. സംഘടനക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുക’.

ഇന്ത്യയിലെ തന്നെ പ്രഗല്‍ഭനായ ആഭ്യന്തമന്ത്രിമാരില്‍ ഒരാളായിരുന്നു അദ്ദേഹം. പി ടി ചാക്കോ നാല് വര്‍ഷം ആഭ്യന്തര മന്ത്രിയായ കാലത്ത് ഒരു വെടിവയ്‌പോ കലാപമോ ഇല്ലാതെ അദ്ദേഹം ഭരിച്ചു. ആറ് വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടും അദേഹം സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചു. ഒരഴിമതിയിലും അദ്ദേഹം പെട്ടില്ല. കാല്‍ നൂറ്റാണ്ടിലേറെ നീണ്ട പൊതു പ്രവര്‍ത്തനവും നാല് വര്‍ഷത്തോളം ആഭ്യന്തര മന്ത്രിയായും പിന്നീട് രാജിവെച്ചശേഷം നടത്തിയ അഭിഭാഷക വൃത്തിയും പി.ടി. ചാക്കോയുടെ പോക്കറ്റ് നിറച്ചില്ല, മറിച്ച് കാലിയാക്കി എന്നതാണ് വാസ്തവം. അങ്ങനെയുണ്ടായിരുന്നു അന്നൊരു നേതാവ്. അവിഹിതമായി ഒന്നും സമ്പാദിക്കാതെ മന്ത്രിയായപ്പോഴും, സ്റ്റേറ്റ് കാറില്‍ സ്വന്തം പണം മുടക്കി പെട്രോളടിച്ച് സ്വകാര്യ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നേതാവ്.

ഭാരിച്ച സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ അദ്ദേഹം കോട്ടയത്ത് സെഷന്‍സ് കോടതിയില്‍ വക്കീല്‍ പണി വീണ്ടും ആരംഭിച്ചു. കടം വീട്ടാനായി അദ്ദേഹത്തെ സഹായിക്കുന്നതിനായി അനുയായികള്‍ പിരിവെടുത്ത് ഒരു ലക്ഷം രൂപയും ഒരു പുതിയ അംബാസിഡര്‍ കാറും നല്‍കി. കേരളം മുഴുവന്‍ അറിയപ്പെട്ട ആ കാറിന്റെ നമ്പര്‍ പ്രശസ്തമായിരുന്നു. കാര്‍ നമ്പര്‍ കെഎല്‍കെ 5555. കോട്ടയം ബാറില്‍ പൂര്‍വാധികം ശക്തിയോടെ വക്കീല്‍ പണിയാരംഭിച്ച പി ടി ചാക്കോ ഒരു കേസിന്റെ ആവശ്യത്തിനായി കോഴിക്കോട്ടെ കാവിലുംപാറയില്‍ പോയി. അവിടെ വച്ച് പൊടുന്നനെയുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. 1964 ഓഗസ്റ്റ് 1 ആയിരുന്നു ആ ദിവസം.

k c john time of india journalist
കെ സി ജോണ്‍

പീച്ചി സംഭവം തുടക്കത്തില്‍ തന്നെ പി.ടി. ചാക്കോയെ കുടുക്കാനുള്ള ആസൂത്രിത നീക്കമുണ്ടായതായാണ് അക്കാലത്തെ പല പത്രപ്രവര്‍ത്തകരുടെയും നിരീക്ഷണം. പീച്ചി യാത്രയില്‍ ചാക്കോയോടൊപ്പം പോകാനിരുന്ന മൂന്ന് പത്രപ്രവര്‍ത്ത കരിലൊരാളായിരുന്നു ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായിരുന്ന കെ സി ജോണ്‍. ”ആ മൂന്ന് പേരില്‍ ഒരാള്‍ക്ക് അസുഖം ബാധിച്ച കാരണമാണ് ഞങ്ങള്‍ ചാക്കോയുടെ കൂടെ പോകാതിരുന്നത്. അല്ലെങ്കില്‍ ഈ സംഭവമേ ഉണ്ടാകില്ലായിരുന്നു. ചാക്കോയെ കോണ്‍ഗ്രസുകാര്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നു,” കെ സി ജോണ്‍ എഴുതി.

”സ്ത്രീ കാറില്‍ വന്നു പെട്ടെതെങ്ങനെയെന്ന് ചാക്കോ എന്നോടു പറഞ്ഞിരുന്നു. കൊച്ചിയിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു. ശ്രീമതി പത്മം മേനാന്‍. ചാക്കോ പീച്ചിയിലേക്ക് പുറപ്പെടും മുന്‍പ് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ ചാക്കോയെ കാണാന്‍ ഇവര്‍ വന്നിരുന്നു. എതോ സര്‍ക്കാരുദ്യോഗസ്ഥന് വേണ്ടി ശുപാര്‍ശ പറയാനാണ് അവര്‍ വന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാത്ത ചാക്കോ അവരെ വിനയ പൂര്‍വ്വം പറഞ്ഞയച്ചു. അവര്‍ തിരികെ കൊച്ചിയിലേക്കു പോയി. താന്‍ തൃശൂരിലേക്ക് പിറ്റേന്നാള്‍ പോകുന്നുണ്ടെന്ന് ചാക്കോ അവരോട് പറഞ്ഞിരുന്നു. തനിക്കും തൃശൂര്‍ പോകേണ്ട കാര്യമുണ്ടെന്നും അവര്‍ പറഞ്ഞു. തന്നെക്കൂടി കൊണ്ടു പോകുമോ? ചാക്കോ സമ്മതിച്ചു.” കാറ് വണ്ടിയില്‍ ഇടിച്ചപ്പോള്‍ നിറുത്തുന്നതിന് പകരം ഓടിച്ച് പോവുക എന്ന അബദ്ധമാണ് അദ്ദേഹം കാണിച്ചത് കെ. സി. ജോണ്‍ എഴുതി.

പീച്ചി സംഭവത്തിലെ കാറിലെ നായിക താനാണെന്ന് പറഞ്ഞത് അറുപതുകളില്‍ കെ പി സി സി അംഗമായിരുന്ന എറണാകുളത്ത് താമസിച്ചിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയായ പത്മം എസ് മേനോനായിരുന്നു. കെ പി സി സി പ്രസിഡന്റായ കെ പി മാധവന്‍ നായരുടെ കുടംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന അവര്‍ക്ക് അക്കാലത്തെ മുന്‍നിര കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കാര്‍ യാത്ര സംഭവത്തില്‍ വിചാരണ നേരിട്ട അവരെ, സഹായിക്കാന്‍ ഒരു വനിതാ സംഘടന പോലും അന്ന് എത്തിയില്ല.

മധ്യവര്‍ഗ സദാചാര വിചാരണയില്‍ വേട്ടയാടപ്പെട്ടെങ്കിലും അവര്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു. ”പി ടി ചാക്കോയുടെ കൂടെ യാത്ര ചെയ്തതില്‍ എന്താണ് തെറ്റ്?” എന്നവര്‍ ശക്തമായി തന്നെ സദാചാരക്കാരോട് ചോദിച്ചു. ഏറെ കഴിയും മുന്‍പേ വിവാദ നായികയെന്ന ദുഷ്പേരുമായി അവര്‍ രാഷ്ട്രീയരംഗത്തുനിന്ന് അപ്രത്യക്ഷയായി.

പീച്ചി സംഭവം കഴിഞ്ഞ് 45 വര്‍ഷത്തിനുശേഷം, വിവാദ നായിക പത്മം എസ് മേനോന്‍ 2008 ല്‍ ഒരു പത്രപ്രവര്‍ത്തകനോട് സത്യം വെളിപ്പെടുത്തി. ”പി ടി ചാക്കോയോടൊപ്പം അന്ന് കാറില്‍ ഉണ്ടായിരുന്നത് ഞാനായിരുന്നില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയായിരുന്നു. ചാക്കോയെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു,” അതിന് തന്നെ നിര്‍ബന്ധിച്ച കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളും അവര്‍ അന്ന് വെളിപ്പെടുത്തി. പക്ഷേ, ഒരു വിവാദമൊന്നുമുണ്ടാക്കാതെ ആ വെളിപ്പെടുത്തല്‍ കടന്നുപോയി. കാറില്‍ യാത്ര ചെയ്തത് മറ്റൊരു യുവതിയാണെന്ന് സൂചനകള്‍ ചെറിയാന്‍ ഫിലിപ്പിന്റെ ‘കാല്‍ നൂറ്റാണ്ട്’ എന്ന പുസ്തകത്തില്‍ ഉണ്ട്. അത് പത്മം എസ് മേനോന്‍ പറഞ്ഞ യുവതി തന്നെ. അവരുടെ ചെറുമകള്‍ തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്രനടിയാണ്. കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറാവാതെ പത്മം. എസ് മേനോനും കാറില്‍ ഉണ്ടായിരുന്ന ഒറിജിനല്‍ നായികയും മരിച്ചതിനാല്‍ ചോദ്യങ്ങള്‍ മാത്രം ഉത്തരമില്ലാതെ അവശേഷിച്ചു.

p t chacko

പീച്ചി സംഭവത്തിലെ ഗൂഢാലോചനക്കാരെയോ അവരുടെ ലക്ഷ്യത്തേയോ കണ്ടെത്താനോ അന്വേഷിക്കാനോ കോണ്‍ഗ്രസ് നേതൃത്വം ഒരിക്കലും ശ്രമിച്ചില്ല. പി.ടി. ചക്കോയെ അവസാനിപ്പിക്കുകയെന്ന ലക്ഷ്യം നടന്നതിനാല്‍ ആ വിഷയം അവര്‍ക്ക് അപ്രസക്തമായിരുന്നു.

പ്രതിസന്ധിയില്‍ ചാക്കോയെ കൈവിട്ട കോണ്‍ഗ്രസ് നേതൃത്വത്തിനോട് അമര്‍ഷമുണ്ടായിരുന്ന മുതിര്‍ന്ന പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് 1964 ഒക്ടോബര്‍ 9 ന് പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. ‘കേരളത്തിലെ യഥാര്‍ത്ഥ കോണ്‍ഗ്രസ് നമ്മളാണ്. അതുകൊണ്ട് നാമാണ് കേരളാ കോണ്‍ഗ്രസ്,” അവര്‍ പ്രഖ്യാപിച്ചു. അങ്ങനെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി നിലവില്‍ വന്നു.

കേരളത്തില്‍ കല്‍പ്പവൃക്ഷം എവിടെയുമുണ്ട്. കേരള കോണ്‍ഗ്രസും എവിടെയുമുണ്ട്. വടക്കനച്ചന്റെ പഴയ തൊഴിലാളി പത്രത്തിലെ സബ് എഡിറ്റര്‍, യശഃരീരനായ പ്രശസ്ത പത്രപ്രവര്‍ത്തകന്‍, കെ.എം. ചുമ്മാര്‍ പിന്നീട് തന്റെ കോളത്തിലൂടെ കേരള കോണ്‍ഗ്രസിനെ പരിഹസിച്ചത് ഇങ്ങനെയായിരുന്നു; ‘കട്ടവണ്ടി മുട്ടി ഉണ്ടായ പാര്‍ട്ടി.’  former kerala minister and congress leader pt chacko 60th death anniversary 

Content Summary; Former kerala minister and congress leader pt chacko 60th death anniversary

Share on

മറ്റുവാര്‍ത്തകള്‍