അമേരിക്കയുടെ മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡന് ഗുരുതരമായ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ബാധിതനാണെന്ന് വിവരം. കാന്‍സര്‍ അദ്ദേഹത്തിന്റെ എല്ലുകളെ ബാധിച്ചതായി അദ്ദേഹത്തിന്റെ സ്വകാര്യ ഓഫിസില്‍ നിന്നും സ്ഥിരീകരിച്ച വിവരം പുറത്തു വന്നിട്ടുണ്ട്.
82 കാരനായ ബൈഡന്‍ കഴിഞ്ഞാഴ്ച്ച നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് മൂത്രാശയ സംബന്ധമായ ചില അസുഖ ലക്ഷണങ്ങളും പ്രോസ്‌റ്റേറ്റ് നൊഡ്യൂളും(പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാണപ്പെടുന്ന ഒരു മുഴയെയോ അസാധാരണമായ വളര്‍ച്ചയെയോ ആണ് പ്രോസ്റ്റേറ്റ് നോഡ്യൂള്‍ എന്ന് പറയുന്നത്) കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് വിധേയനാകാനാണ് അദ്ദേഹത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. കുടുംബത്തോട് ഇക്കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഗുരുതരമായ രോഗമാണ് ബൈഡനെ ബാധിച്ചിരിക്കുന്നതെങ്കിലും ചികിത്സകള്‍ അദ്ദേഹത്തിന് പ്രയോജനപ്പെടുമെന്നാണ് ഓഫിസില്‍ നിന്ന് അറിയിക്കുന്നത്. ഏതുതരം ചികിത്സ തേടണമെന്നതിനെ കുറിച്ചും ബൈഡനും അദ്ദേഹത്തിന്റെ കുടുംബവും ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഓഫിസ് വൃത്തങ്ങള്‍ പറയുന്നു.
പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗ്ലീസണ്‍ സ്‌കോര്‍ അടിസ്ഥാനത്തില്‍ അതിന്റെ ഗുരുതരാവസ്ഥ നിശ്ചയിക്കാറുണ്ട്. മറ്റ് സാധാരണ കോശങ്ങളും കാന്‍സര്‍ ബാധിത കോശങ്ങളും തമ്മില്‍ താരതമ്യം ചെയ്താണ് ഒന്ന് മുതല്‍ പത്ത് വരെയുള്ള സ്‌കെയിലില്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ തീവ്രത മനസിലാക്കുന്നത്. ബൈഡന്റെ ഓഫീസ് അറിയിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ സ്‌കോര്‍ ഒമ്പത് ആണ്. കാന്‍സര്‍ അതിന്റെ ഏറ്റവും തീവ്രവമായ അവസ്ഥയില്‍ ബൈഡനെ ബാധിച്ചിരിക്കുന്നുവെന്നാണ് ഇതില്‍ നിന്നു മനസിലാക്കേണ്ടതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുന്നതാണ്, പ്രധാനമായും അസ്ഥികളെ ഇത് ബാധിക്കുന്നു. ശരീരത്തില്‍ വ്യാപിച്ചു കഴിഞ്ഞാല്‍ ഇതിനുള്ള ചികിത്സ ബുദ്ധിമുട്ടാകാറുണ്ട്.
ബൈഡന്റെ രോഗവിവരത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനി മെലാനിയ ട്രംപും ആശങ്കയറിച്ചിട്ടുണ്ട്. ജോ ബൈഡന്റെ രോഗവിവരം അറിഞ്ഞതില്‍ ഞാനും മെലാനിയയും ദുഖിതരാണ്. മുന്‍ പ്രഥമ വനിത ജില്‍ ബൈഡനും കുടുംബത്തിനും ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അറിയിക്കുന്നു, ജോയ്ക്ക് വേഗത്തിലും വിജയകരമായും സുഖം പ്രാപിക്കാനാകാട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.’ ട്രംപ് തന്റെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
‘ജോ ഒരു പോരാളിയാണ് – അദ്ദേഹത്തിന്റെ ജീവിതത്തെയും നേതൃത്വത്തെയും എല്ലായ്‌പ്പോഴും നിര്‍വചിച്ച അതേ ശക്തിയോടെയും, പ്രതിരോധശേഷിയോടെയും, ശുഭാപ്തിവിശ്വാസത്തോടെയും അദ്ദേഹം ഈ വെല്ലുവിളിയെ നേരിടുമെന്ന് എനിക്കറിയാം’ എന്നായിരുന്നു ബൈഡന്റെ വൈസ് പ്രസിഡന്റും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്ത കമല ഹാരിസ് കുറിച്ചത്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരുന്നു ജോ ബൈഡന്‍, രണ്ടാമൂഴത്തിന് തയ്യാറായി ഇറങ്ങിയ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്കിടയില്‍ ഒരു പ്രധാന ആശങ്കയായിരുന്നു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ പരാജയപ്പെടുത്തിയിരുന്നു ബൈഡന്‍ അധികാരത്തിലെത്തിയത്. കഴിഞ്ഞ വര്‍ഷം വീണ്ടും ട്രംപുമായി തന്നെ ഏറ്റുമുട്ടാന്‍ ബൈഡന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രായത്തെയും മാനസിക ശേഷിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമായതോടെ പിടിവാശികള്‍ ഉപേക്ഷിച്ച് മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് തന്റെ പിന്‍ഗാമിയായി കമല ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചത്. Former US President Joe Biden has been diagnosed with aggressive prostate cancer
Content Summary; Former US President Joe Biden has been diagnosed with aggressive prostate cancer
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.