ശ്രദ്ധ നേടി ഹോളിവുഡ് ചിത്രം എ ഫാമിലി അഫയര്‍
ഇടിവെട്ടിയവനെ പാമ്പ് കടിച്ചാല്‍ എന്ന് പറയുന്നത് പോലെ ആയിരിക്കുകയാണ് സാറയെന്ന 24കാരിയുടെ ജീവിതം. പേഴ്സണല്‍ അസിസ്റ്റന്റായി ജോലി നോക്കുന്ന അവളുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ബോസ് ആണ്. ജോലി സമയം മുഴുവന്‍ അയാളുമായുള്ള യുദ്ധമാണ്. വീട്ടിലെത്തിയാല്‍ അമ്മയായ ബ്രൂക്ക് ആണ് പ്രശ്‌നം, സാറ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പിന്തുണകളുമായി കൂടെ നില്‍ക്കുന്ന ആളല്ല ബ്രൂക്ക്. ചുരുക്കത്തില്‍ തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിജീവിതത്തിനുമിടയിലെ പ്രക്ഷുബ്ധതകള്‍ താങ്ങാനാവാതെ തലമരച്ച് ഇരിക്കുകയാണ് അവള്‍. അപ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്ന് അവളുടെ മുന്‍പില്‍ ചുരളഴിഞ്ഞെത്തുന്നത്- ബോസും അമ്മയും തമ്മിലുള്ള ബന്ധമാണത്. അത് അവളെ അടിമുടി തകര്‍ക്കുന്നു. Liza Koshy Hollywood MALAYALAI .
സാറയുടെ പ്രക്ഷുബ്ധമായ ജീവിതത്തിലെ ശുദ്ധവായു ഒരാളാണ്. യുജെനി എന്ന യുവസുഹൃത്ത്. ചടുലമായ സംസാരിക്കുകയും തന്റെ ഉറ്റ സുഹൃത്തിനെ പിന്തുണയ്ക്കാന്‍ എപ്പോഴും തയ്യാറാവുകയും ചെയ്യുന്ന യുവതി. എ ഫാമിലി അഫയര്‍ എന്ന നെറ്റ്ഫ്‌ലിക്‌സില്‍ ജൂണ്‍ 28ന് റിലീസായ ചിത്രത്തിന്റെ പ്രമേയവും സൗഹൃദം തന്നെയാണ്. ഇതില്‍ നായികയായ സാറയേക്കാള്‍ നിരൂപക പ്രശംസ നേടിയ വേഷം യുജെനി എന്ന കഥാപാത്രത്തിന്റേതാണ്. ഉന്മേഷദായകമായ ഊര്‍ജ്ജം പ്രേക്ഷകരിലേക്ക് പോലും പകര്‍ന്ന് നല്‍കുന്ന, അവിസ്മരണീയവും ആകര്‍ഷകവുമായ ആ മുഖം അവതരിപ്പിച്ചിരിക്കുന്നത് എലിസബത്ത് കോശിയാണ്. പേര് സൂചിപ്പിക്കും പോലെ മലയാളി വേരുകളുള്ള നടിയാണ് എലിസബത്ത്.
എലിസബത്ത് കോശി എന്ന ലിസ കോശി
എലിസബത്ത് ഷൈലാ കോശിഎന്ന് കേള്‍ക്കുമ്പോഴുള്ള പരിചയ കുറവ് ലിസ കോശി എന്നാവുമ്പോള്‍ പലര്‍ക്കും മാറും, പ്രത്യേകിച്ച് യുവാക്കള്‍ക്ക്. നടി എന്നതിലുപരി ലോകപ്രശസ്തയായ യൂട്യൂബര്‍ കൂടിയാണ് എലിസബത്ത്. 17 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സും 3 ബില്യണ്‍ വ്യൂസും ഉള്ള രണ്ട് ചാനലിന്റെ ഉടമയാണ് ലിസ.കോമഡി സ്‌കെച്ചുകളിലൂടെയും വ്‌ലോഗുകളുമാണ് എലിസബത്തിന്റെ ചാനലുകളിലെ ഉള്ളടക്കം. യൂട്യൂബേഴ്‌സ് ആരാധകര്‍ ലിസയെന്നാണ് എലിസബത്തിനെ വിളിക്കുന്നത്. അച്ഛന്‍ മലയാളിയായ ജോസ് കോശി. അമ്മ ജര്‍മന്‍കാരിയാണ്. ലൈസ ജനിച്ചതും വളര്‍ന്നതും പഠിച്ചതും അമേരിക്കയിലാണ്. എന്നാല്‍ താന്‍ മലയാളിയാണെന്ന് ലിസ ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറയാറുണ്ട്.
യൂട്യൂബര്‍ ലിസ
യൂട്യൂബര്‍ എന്ന നിലയില്‍ സംഭവം തന്നെയാണ് ലിസ. കോടികണക്കിന് ആളുകള്‍ കാണുന്ന ആ ചാനലുകളിലെ ഉള്ളടക്കം ഹാസ്യമാണെന്ന് പറഞ്ഞല്ലോ. തനി മലയാളത്തില്‍ പറഞ്ഞാല്‍ വായാടിത്വമുള്ള സംസാരവും വിചിത്രവും ചിരിപ്പിക്കുന്നതുമായ മുഖഭാവങ്ങളും, ബ്യൂട്ടി ടിപ്‌സ് മുതല്‍ സ്വന്തം ബ്രേക്കപ്പ് വരെയുള്ള ഉള്ളടക്കവും ലേസര്‍ ഷാര്‍പ്പ് കട്ടുകള്‍, അസാധാരണമായ ക്യാമറ ആംഗിളുകള്‍ തുടങ്ങി ഇന്നത്തെ യുവാക്കള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാം കിട്ടുന്ന ഇടമാണ് ലിസയുടെ ചാനലുകള്‍. കുറഞ്ഞകാലത്തിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ അസാധ്യമെന്ന് തോന്നുന്ന പലതും ലിസ നേടിയിട്ടുണ്ട്.
അതിവേഗത്തില്‍ 10 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയ ആദ്യ യൂട്യൂബറെന്ന ഖ്യാതി അവരുടെ പേരിലുണ്ട്.അവരുടെ ചാനല്‍ ഫോളോ ചെയ്യുന്നവരില്‍ ലോകപ്രശസ്ത സെലിബ്രിറ്റികളുമുണ്ട്. വൈന്‍ എന്ന വീഡിയോ ആപ്പിലൂടെയാണ് ലിസ വീഡിയോ കണ്ടന്റുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്. അവിടെ ഹിറ്റായതോടെയാണ് 2015ല്‍ യൂട്യൂബില്‍ എത്തി. ഇതിനിടെ ടെലിവിഷന്‍ അവതാരക, സിനിമ അഭിനയം എന്നിവയെല്ലാം പരീക്ഷിച്ചു. അഭിനയ മികവിന് നിരവധി പുരസ്‌ക്കാരങ്ങളും ലിസയ്ക്ക് ലഭിച്ചിട്ടുണ്ട്. യൂട്യൂബിലൂടെ ഹിറ്റായ ലിസയെ തേടി പിന്നീട് നിരവധി ടിവി ചാനലുകളെത്തി. ഇപ്പോള്‍ ചാനലുകളിലെ സ്ഥിര സാന്നിദ്ധ്യം കൂടിയാണ് ലിസ. 2016ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ ഇന്റര്‍വ്യൂ ചെയ്യാനുള്ള അവസരം വരെ ലിസയ്ക്ക് ലഭിച്ചു.
2019ലെ കണക്ക് അനുസരിച്ച് യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്ത ചാനലുകളുടെ ലിസ്റ്റില്‍ 100ല്‍ ഒരാളായിരുന്നു ലിസ. ഹോളിവുഡ് താരമായ വില്‍ സ്മിത്ത് സ്വന്തം ചിത്രമായ ജമിനിമാന്‍ പ്രദര്‍ശനത്തിനൊരുങ്ങിയപ്പോള്‍ ലിസയാണ് പ്രൊമോഷന്‍ വീഡിയോ ചെയ്തത്.2017ലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങിന് മുമ്പായി ട്വിറ്ററില്‍ ലൈസ അവതരിപ്പിച്ച ഒരു ലൈവ് പ്രീ-ഷോ നേടിയത് രണ്ടര മില്യണ്‍ വ്യൂസ് ആണ്. അതൊരു റെക്കോര്‍ഡ് ആയിരുന്നു. എടിവി മൂവി അവാര്‍ഡുകള്‍ അവതരിപ്പിക്കാന്‍ അവസരം കിട്ടിയ ആദ്യത്തെ സോഷ്യല്‍ മീഡിയ താരം, വോഗ് നടത്തുന്ന 73 ക്വസ്‌റ്റൈന്‍സ് എന്ന സീരീസില്‍ അഭിമുഖം ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റല്‍ സ്റ്റാര്‍ തുടങ്ങി ഈ ചെറിയ പ്രായത്തിനുള്ളില്‍ ലൈസ നേടിയ ബഹുമതികള്‍ അനവധിയാണ്.
ലിസ ദി ലിറ്റില്‍ ബ്രൗണ്‍ ഗേള്‍
ലിസ ദി ലിറ്റില്‍ ബ്രൗണ്‍ ഗേള്‍ എന്നാണ് യൂട്യൂബിലും ട്വിറ്ററിലുമെല്ലാം ലിസ തന്നെ കുറിച്ചുള്ള ആമുഖത്തില്‍ എഴുതിയിരിക്കുന്നത്. ഇരുണ്ട നിറമുള്ളതും വെളുത്ത നിറമുള്ളതുമായ അച്ഛനമ്മമാര്‍ക്ക് പിറന്ന തവിട്ടു നിറമുള്ള പെണ്ണാണ് താന്‍ എന്നതില്‍ അഭിമാനിക്കുന്ന പെണ്ണാണെന്ന് ലിസ എല്ലായിടത്തും വ്യക്തമാക്കാറുണ്ട്. ട്വിറ്ററില്‍ താനൊരു മലയാളി കൂടിയാണെന്നും ലിസ പറഞ്ഞിട്ടുണ്ട്. ഒരു രീതിയിലും കറുത്തവരുടെ അപകര്‍ഷതാ ബോധം കൊണ്ട് നടക്കാതിരിക്കുകയും തൊലിയുടെ നിറത്തിന്റെ പേരിലുള്ള വിവേചനങ്ങളെ പച്ചയ്ക്കു വിമര്‍ശിക്കുകയും എതിര്‍ക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തികൂടിയാണവര്‍.
http://മലയാള സിനിമയ്ക്ക് വില്ലന്‍ യുവതാരങ്ങളോ? ചതിച്ച് ഒടിടിയും
English Summary: From YouTube Star To Obama Interviewer-Liza Koshy- Growing Up Is A Family Affair for Joey King and Liza Koshy