February 01, 2026 |
സുമ സണ്ണി
സുമ സണ്ണി
Share on

സ്ത്രീകള്‍ക്ക് പുരുഷനേക്കാള്‍ കുറവ് വേതനം മതിയോ?

എത്ര കമ്പനികള്‍ സ്ത്രീകള്‍ക്ക് വേതനം പുരുഷന്മാരുടേതിന് തുല്യമായി ഉയര്‍ത്തി കൊടുക്കുന്നുണ്ട്?

ചരിത്രം പരിശോധിച്ചാല്‍ ഒരേ ജോലി ചെയ്യുന്നതിന് സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതനമാണ് എന്നും ലഭിച്ചിട്ടുള്ളത്. ശമ്പളത്തിലുള്ള ഈ ഒരു വ്യത്യാസം, കൂലിപ്പണികളില്‍ മാത്രമല്ല കോര്‍പ്പറേറ്റ് മേഖലയിലും കാണാം. എങ്ങനെയാണ് ഒരേ ജോലിക്ക് പുരുഷന് കൂടുതലും, സ്ത്രീക്ക് കുറവും ശമ്പളം എന്ന രീതി നിലവില്‍ വന്നത്? കുറഞ്ഞ ശമ്പളമുള്ള ജോലികള്‍ എന്നും സ്ത്രീകള്‍ക്ക് ‘സംവരണം’ ചെയ്യാന്‍ സമൂഹങ്ങള്‍ ശ്രമിക്കുന്നുണ്ടോ? ഇതുകൊണ്ടാണോ ടീച്ചര്‍മാരുടെ ഇടയിലും, നഴ്‌സുമാരുടെ ഇടയിലും സ്ത്രീകള്‍ കൂടുതല്‍?Is there gender-based discrimination; are women paid less than men?

ലിംഗ അസമത്വം=വരുമാന അസമത്വം

എങ്ങനെ സ്ത്രീക്ക് കുറഞ്ഞ വേതനം ലഭിച്ച് തുടങ്ങിയെന്ന് നോക്കാന്‍ ചരിത്രപരമായ കാര്യങ്ങള്‍ എടുത്താല്‍ വരുമാന അസമത്വത്തിന് ഒരു പ്രധാന കാരണം
ലിംഗ അസമത്വമാണ് എന്ന് മനസിലാക്കാം. കുടുംബങ്ങളില്‍ നിന്ന് തന്നെ ആണ്‍മക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും, പെണ്‍മക്കള്‍ക്ക് കുറവും എന്ന ‘അംഗീകരിക്കപ്പെട്ട അലിഖിത നിയമങ്ങള്‍’ നടപ്പിലാക്കുമ്പോള്‍ ഇത് സമൂഹം മൊത്തമായും ഏറ്റുപിടിക്കാന്‍ തുടങ്ങിയതാണോ പ്രശ്‌നങ്ങളുടെ തുടക്കം?
അല്ലെങ്കില്‍ വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമ്പത്തിക വിഭവങ്ങള്‍ എന്നിവയിലെല്ലാം ഉള്ള വ്യത്യാസങ്ങള്‍ തൊഴില്‍ നിരക്കുകളിലും പ്രതിഫലിച്ചതാണോ? ലിംഗപരമായ വിവേചനം കുടുംബത്തില്‍ തന്നെ അനുഭവിക്കുന്നതിനാല്‍ തൊഴിലിടത്തിലേക്ക് വരുമ്പോള്‍ ഇത് ആവര്‍ത്തിക്കപ്പെട്ടാലും സ്ത്രീകള്‍ അറിയാതെ മൗനം പാലിക്കുകയല്ലേ? കുട്ടികളെ പരിചരിക്കല്‍ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം ആകുമ്പോള്‍ അത് അവരുടെ തൊഴില്‍ ജീവിതത്തെ ദീര്‍ഘകാലം ബാധിക്കുന്നുണ്ട്. കുറേ നാളുകള്‍ ജോലി ചെയ്യാതിരുന്നതിന് ശേഷം വീണ്ടും ജോലി തുടങ്ങുമ്പോള്‍ കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളില്‍ സ്ത്രീകള്‍ കൂടുതല്‍ ജോലി ചെയ്താലും, അംഗീകാരം പലപ്പോഴും ലഭിക്കാറില്ല.

സ്ത്രീ ശാക്തീകരണം

സ്ത്രീ ശാക്തീകരണ ചര്‍ച്ചകളിലും, പ്രവര്‍ത്തനങ്ങളിലും, എഴുത്തുകളിലും, സ്ത്രീകളുടെ അവകാശങ്ങളെ പറ്റിയും, തുല്യതയെ സംബന്ധിച്ചും, അവസരങ്ങളെക്കുറിച്ചും കൂടുതല്‍ ഊന്നല്‍ കൊടുക്കുമ്പോഴും, സാമ്പത്തിക സ്വാതന്ത്ര്യത്തിന് അത്ര പ്രാധാന്യം കൊടുത്ത് കണ്ടിട്ടില്ല. സ്ത്രീകള്‍ക്ക്
സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതെ സ്ത്രീ ശാക്തീകരണം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല എന്ന കാര്യവും പലപ്പോഴും മറന്ന് പോകാറുണ്ട്. കൂടുതല്‍ ശമ്പളം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന് പലപ്പോഴും കോര്‍പ്പറേറ്റ് മേഖലയിലെ സ്ത്രീകള്‍ക്ക് അറിയാമെങ്കിലും അവര്‍ ബോസിനോട് ഒരു വിലപേശലിന് മുതിരാറില്ല എന്ന സങ്കടകരമായ ഒരു കാര്യവും ഉണ്ട്. നിലവിലുള്ള ജോലി തന്നെ ഇല്ലാതായാലോ എന്ന ഭയമാണ് ഈ ഉള്‍വലിയലിന് കാരണം. ശമ്പളം കൂടുതല്‍ ചോദിക്കാതെ എത്ര കമ്പനികള്‍ സ്ത്രീകള്‍ക്ക് വേതനം പുരുഷന്മാരുടേതിന് തുല്യമായി ഉയര്‍ത്തി കൊടുക്കുന്നുണ്ട്? ‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ’ എന്ന കാര്യം ഇതിലും ബാധകമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം പുരുഷന്മാരുടെ മനോഭാവം സ്ത്രീ സമത്വത്തില്‍ നല്ലൊരു പങ്കുവഹിക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ കാണിക്കുന്നതാണ്.

മതം

തുല്യ ജോലിക്ക് തുല്യ വേതനമെന്ന കാര്യം നടപ്പാക്കാന്‍ മതങ്ങളും വിചാരിക്കണം എന്നൊരു വാദഗതിയുണ്ട്. കാരണം സ്ത്രീകളുടെ തൊഴില്‍ അവസരങ്ങളെയും തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെയും പരിമിതപ്പെടുത്തുന്ന പല കാര്യങ്ങളിലും മത പ്രബോധനങ്ങളുടെ സ്വാധീനം കാണാറുണ്ട്. ലിംഗസമത്വത്തിനായി പോരാടാന്‍ മതത്തിന് സാധിക്കും. എന്നാലും മതങ്ങള്‍ അതിന് അത്ര താല്പര്യം എടുക്കാറില്ല എന്നതാണ് സത്യം.

സ്ത്രീകള്‍ കൂടുതല്‍ ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പല മതങ്ങളും പ്രേരിപ്പിക്കാറുണ്ട്. ഇത് പലപ്പോഴും സ്ത്രീകള്‍ക്ക് മുഴുവന്‍ സമയ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കും. അതുപോലെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനും, പുരുഷന്മാരുമായി ഇടപഴകുന്നതിനും, സ്വന്തമായി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുമുള്ള സ്ത്രീകളുടെ ഇഷ്ടങ്ങള്‍ മത സമൂഹങ്ങള്‍ പരിമിതപ്പെടുത്തുന്നുണ്ട് എന്നൊരു വാദഗതിയുമുണ്ട്. അതുപോലെതന്നെ സ്ത്രീകളുടെ അവകാശ ലംഘനങ്ങളെയും ന്യായീകരിക്കാന്‍ മതപരമായ സിദ്ധാന്തങ്ങള്‍, പാരമ്പര്യങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ പലപ്പോഴും ഉപയോഗിക്കാറുണ്ട്. മതവും, സാമ്പത്തികവും, രാഷ്ട്രീയവും, സാമൂഹികവും ആയ ഘടകങ്ങള്‍ അങ്ങേയറ്റം ഇഴചേര്‍ന്ന് കിടക്കുന്നതിനാല്‍ സ്ത്രീക്ക് തുല്യ വേതനം ലഭിക്കുവാന്‍ സമൂഹത്തില്‍ മതത്തിന്റെ സങ്കീര്‍ണ്ണമായ പങ്ക് പരിഗണിക്കേണ്ടത് പ്രധാനമാണ്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക്

‘മദര്‍ ഹുഡ് പെനല്‍റ്റി’ എന്ന ഇംഗ്ലീഷ് വാക്കിന് തത്തുല്യമായ ഒരു മലയാളം വാക്ക് നമുക്കില്ലെങ്കിലും, ജോലി ചെയ്യുന്ന അമ്മമാര്‍ കൂടുതല്‍ ബുദ്ധിമുട്ട് സഹിക്കുന്നുണ്ട് എന്ന കാര്യം എല്ലാ രാജ്യങ്ങളിലും പൊതുവായി കാണുന്ന ഒരു കാര്യമാണ്.

ലോകത്തിലെ ഏറ്റവും ദരിദ്രവും, സമ്പന്നവുമായ ചില രാജ്യങ്ങളിലാണ് സ്ത്രീ തൊഴില്‍ പങ്കാളിത്തം ഏറ്റവും ഉയര്‍ന്നത് എന്ന രസകരമായ കാര്യം കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാം. ശരാശരി ദേശീയ വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് ഏറ്റവും കുറവാണ്. ഉദാഹരണത്തിന് ആഫ്രിക്കയിലും യൂറോപ്പിലും തൊഴില്‍ മേഖലയില്‍ ഉയര്‍ന്ന സ്ത്രീ പങ്കാളിത്ത നിരക്കുണ്ട്. സ്ത്രീ-പുരുഷ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്ക് അനുപാതം, 2023

women paid less than men?

അവലംബം: ourworldindata.org 

സ്ത്രീകളുടെ തൊഴില്‍ ശക്തി പങ്കാളിത്ത നിരക്കിനെ പുരുഷന്മാരുടെ തത്തുല്യമായ നിരക്ക് കൊണ്ട് ഹരിച്ചാണ് ഈ അനുപാതം കണക്കാക്കിയിരിക്കുന്നത്.15 വയസ്സിന് മുകളിലുള്ളവരില്‍ സാമ്പത്തികമായി സജീവമായവരുടെ അനുപാതമാണ് തൊഴില്‍ സേന പങ്കാളിത്ത നിരക്ക്. ചില രാജ്യങ്ങളില്‍, പ്രായം കുറഞ്ഞ സ്ത്രീകള്‍ക്ക് പങ്കാളിത്തം കൂടുതലാണ്, മറ്റു ചിലതില്‍, പ്രായമായ സ്ത്രീകള്‍ക്ക് ഇത് കൂടുതലാണ്. തൊഴില്‍ വിപണികളില്‍ സ്ത്രീ പങ്കാളിത്തം പൊതുവെ കുറവുള്ള
രാജ്യങ്ങളില്‍ പ്രായം കുറഞ്ഞ സ്ത്രീകള്‍ക്കിടയില്‍ പങ്കാളിത്തം വളരെ കൂടുതലാണ് എന്നും കാണാം.

സ്ത്രീകള്‍ വിദ്യാഭ്യാസത്തിലും, തൊഴില്‍ ശക്തിയിലും പതിറ്റാണ്ടുകളായി പുരോഗതി കൈവരിച്ചിട്ടും ലിംഗ വേതന വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍, ഈ ഒരു കാര്യം ഇപ്പോഴും പല രാജ്യങ്ങളിലും ഗവേഷണ പഠന വിഷയമാണ്. ഇത് പഠന വിഷയമായി വര്‍ഷങ്ങളായി തുടരുന്നുണ്ടെങ്കിലും, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേതനത്തിലെ അസമത്വം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് എന്നതിന്, അക്കാദമിക് ഉത്തരങ്ങളും, പ്രതിവിധികളും മാത്രമേ ഇപ്പോഴും ഉയരുന്നുള്ളൂ.Is there gender-based discrimination; are women paid less than men?

Content Summary: Is there gender-based discrimination; are women paid less than men?

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധയും, എന്‍ ഐ എസ് എം & ക്രിസില്‍ സര്‍ട്ടിഫൈഡ് വെല്‍ത്ത് മനേജറുമാണ്

More Posts

Leave a Reply

Your email address will not be published. Required fields are marked *

×