ചടുലമായി കഥ പറയുന്ന ശൈലി
മൊബൈല്‍ ഫോണിലെ അലാറാം ശബ്ദത്തിനൊപ്പം പുലര്‍മിഴികളെ….എന്ന് തുടങ്ങുന്ന ഗാനം. സ്‌ക്രീനില്‍ ഒരു യുവതി നെയില്‍ പോളിഷ് ഇടുന്നു, അടുത്തയാള്‍ തട്ടം നേരെയാക്കുന്നു, വേറൊരാള്‍ മെയ്ക്ക് അപ്പ് ചെയ്ത് കണ്ണാടിയില്‍ നോക്കുന്നു, ഞൊടിയിടയില്‍ ആളുകള്‍ മാറി മാറി വരുന്നു. ഒരു കൂട്ടം ആളുകളുടെ പ്രഭാതചര്യകള്‍. എല്ലാം സാധാരണം. പക്ഷെ അവിടെ തുടങ്ങുകയാണ് ഗോളത്തിലെ നിഗൂഢത. ഒരുങ്ങി ഇറങ്ങുന്ന ഇവരെല്ലാം എത്തുന്നത് ഒരൊറ്റ ഓഫിസിലാണ്. രഹസ്യങ്ങളുടെ മഞ്ഞുപാളിയില്‍ പൊതിഞ്ഞ് നില്‍ക്കുകയാണ് ആ ഓഫീസ്. അതിന് ചുറ്റും നിഗൂഢത വട്ടമിട്ട് പറക്കുന്നുണ്ട്. ഈ ഓഫിസിലാണ് രണ്ട് മണിക്കൂര്‍ നീളുന്ന ഗോളം എന്ന ചിത്രം കറങ്ങുന്നത്. ഓഫിസില്‍ വച്ച് അന്നാണ് അതിന്റെ ഉടമ കൊല്ലപ്പെടുന്നത്. സംശയകരമായി ഒന്നും തന്നെ ഇല്ലാത്ത മരണം. വെറും സാധാരണമായ ആ കേസ് അറ്റന്‍ഡ് ചെയ്യാനുള്ള ചുമതല എ എസ് പി സന്ദീപ് കൃഷ്ണനാണ്. ഭയപ്പെടുത്തി, ഇടിച്ച് സത്യം പറയിപ്പിക്കുന്ന പോലീസുകാരനല്ല സന്ദീപ്. നിരീക്ഷണം, സൈക്കോളജി ഇവയെ മുന്‍നിര്‍ത്തി സന്ദീപ് ആ മരണം കൊലയാണെന്ന് ഉറപ്പിക്കുന്നു. അതിന് പിന്നിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അയാളുടെ പാത മറ്റൊരു കുറ്റകൃത്യത്തിന്റെ സത്യങ്ങളിലേക്ക് എത്തിക്കുന്നു.
ത്രില്ലര്‍ ഴോണിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നത് രഞ്ജിത്ത് സജീവാണ്. പോലീസ് വേഷത്തിന് ആവശ്യമായ ഗൗരവം, ശരീരഭാഷ, ലിമിറ്റഡായ സംഭാഷണം ഇവയെല്ലാം അളന്ന് മുറിച്ച് തന്നെ നായകന്‍ നല്‍കുന്നുണ്ട്. റിയല്‍ ഫിക്ഷന്റെയും ക്രൈം ത്രില്ലറിന്റെയും അതുല്യമായ സംയോജനമാണ് ചിത്രമെന്നതാണ് കൗതുകകരമായ വശങ്ങളിലൊന്നാണ്. എന്നാല്‍ ഓരോ സീനിലും വഴിത്തിരിവും വിദഗ്ധമായി പിരിമുറുക്കവും സൃഷ്ടിക്കുന്ന പടം പ്രതീക്ഷിച്ച് ഗോളത്തിന് ടിക്കറ്റെടുക്കാന്‍ പാടില്ല. പക്ഷെ സംഭവങ്ങള്‍ നടക്കുന്ന സ്ഥലവും സമയവും മനകണക്ക് കൂട്ടി് പ്രേക്ഷകനെ പിടിച്ചിരുത്താനാണ് തിരക്കഥാകൃത്തുകള്‍ ശ്രമിക്കുന്നത്. സിനിമയുടെ സംവിധായകനായ സംജാദും പ്രവീണ്‍ വിശ്വനാഥുമാണ് എഴുത്ത്. ന്യൂജെന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചടുലമായി കഥ പറയുന്ന ശൈലിയും അത് പിന്തുടര്‍ന്നുള്ള മെയ്ക്കിങും ശ്രദ്ധേയമാവുന്നുണ്ട്. ആനും സജീവും ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അധികം ആരും കൈവയ്ക്കാത്ത മരുന്ന് പരീക്ഷണ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെങ്കിലും അതിന്റെ പ്രസ്‌ക്തി ഒട്ടും ചോരാതെ പ്രേക്ഷകരിലെത്തിക്കാന്‍ കഴിഞ്ഞോ എന്നത് സംശയകരമാണ്. തുടര്‍ച്ചയും ഇടയ്ക്ക് വിട്ട് പോവുന്നുണ്ടെങ്കിലും ആദ്യ സിനിമയുടെ പതര്‍ച്ചകളായി വിട്ടുകളായാവുന്നത് പോരായ്മകളാണ്.
ദിലീഷ് പോത്തനും ചിന്നു ചാന്ദ്‌നി, സണ്ണി വെയ്ന്‍, സിദ്ദിഖ്, അലന്‍സിയര്‍ തുടങ്ങിയ ഒരു താരനിര തന്നെ ചിത്രത്തിനായി അണിനിരന്നിട്ടുണ്ട്. പ്രധാനവേഷത്തില്‍ നിരവധി പുതുമുഖങ്ങളും എത്തുന്നു. ഒറ്റ കാഴ്ചയില്‍ ലളിതമെന്ന് തോന്നുമെങ്കിലും കഥാഗതിയുടെ മുന്നോട്ട് ഒഴുക്കിന് അനുസരിച്ച് കഥാപാത്രങ്ങള്‍ സങ്കീര്‍ണ്ണവും ബഹുമുഖവുള്ളവരായി മാറുന്നു. ചിലയിടങ്ങളില്‍ ആവര്‍ത്തന വിരസതയും യുക്തിസഹമാണോ എന്ന് തോന്നുന്ന സീനുകളുമുണ്ട്. ചതിക്കപ്പെട്ടെന്ന് അറിയുമ്പോള്‍ ഒരാള്‍ അല്ലെങ്കില്‍ ഒരാള്‍ കൂട്ടം സാധാരണയില്‍ നിന്ന് വഴി മാറി ചിന്തിച്ചാല്‍ പ്രത്യാഘാതം എന്തായിരിക്കും. അത്തരത്തില്‍ മനുഷ്യ മനസുകളുടെ ഇരട്ടറകളിലേക്ക് ആഴ്ന്നിറങ്ങി സൈക്കോളജിയിലെ സങ്കീര്‍ണത പാറ്റേണുകളിലേക്കുള്ള അസാധാരണ യാത്ര കൂടി സംസാരിക്കുവാന്‍ ചിത്രം ശ്രമിക്കുന്നുണ്ട്.
നായകനൊപ്പം തന്നെ കൃത്യമായ സ്‌ക്രീന്‍ സ്‌പേയ്‌സ് ഇതര കഥാപാത്രങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്നത് എടുത്തുപറയേണ്ട കാര്യമാണ്. അവരെല്ലാം ആ സ്‌പേസ് മികവുറ്റതാക്കിയിട്ടുമുണ്ട്.
കഥാഗതി മുന്നോട്ട് നയിക്കുന്നതും ഈ ആള്‍കൂട്ടം തന്നെയാണ്. സഞ്ജയ്, ഉണ്ണി ദേശപോഷിണി, ഏകാ, ആശാ മഠത്തില്‍, അന്‍സല്‍ പള്ളുരുത്തി,ശീതള്‍ ജോസഫ്,അഞ്ജന ബാബു, അനു അനന്തന്‍,പ്രിയ ശ്രീജിത്ത്, എല എസ്.നയന,ഗൗരി പാര്‍വതി എന്നിവരെല്ലാം കൈയടി അര്‍ഹിക്കുന്നു. കേവലം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമ എന്നതിനപ്പുറം ലോകത്ത് നടക്കുന്ന യഥാര്‍ത്ഥ സംഭവങ്ങളെക്കുറിച്ച് ചിന്തിക്കാനും പുതിയ കാഴ്ചപ്പാടില്‍ സമീപിക്കാനും ചിത്രം പ്രേക്ഷകനെ പ്രേരിപ്പിക്കും. വണ്‍ ടൈം വാച്ചിന് സിനിമ ഓക്കെയാണ്.
English Summary: Goalam Malayalam Movie review