February 13, 2025 |

വിദ്യാര്‍ത്ഥികളെ വെടിവയ്ക്കാന്‍ ഉത്തരവിട്ട മുന്‍ പൊലീസ് മേധാവി അധികാരത്തില്‍ വരുമോ?

ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഇബ്രാഹിം റൈസിയുടെ പിന്‍ഗാമിയാരാകും?

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ പിന്‍ഗാമി ആരെന്ന കാര്യത്തില്‍ ഇറാനില്‍ അനിശ്ചിതത്വം തുടരുന്നു. മെയ് 19 നുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് റൈസി കൊല്ലപ്പെട്ടത്. അസര്‍ബൈജാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ജോല്‍ഫയിലെ പര്‍വതങ്ങള്‍ നിറഞ്ഞ മേഖലയില്‍ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. iran president election

ഇറാനില്‍ ഇസ്ലാമിക വിപ്ലവത്തിലൂടെ യാഥാസ്ഥിതിക മതഭരണകൂടം സ്ഥാപിച്ച പിന്‍തലമുറക്കാരുടെ പാത അതേപടി പിന്തുടര്‍ന്നിരുന്ന പൂര്‍ണമായും മതവാദിയായ രാഷ്ട്രത്തലവനായിരുന്നു റൈസി. റൈസിയുടെ പിന്‍ഗാമിയും ആ നിലപടുകളെ മുറുകെ പിടിക്കണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് ഇറാന്റെ ഗാര്‍ഡിയന്‍ കൗണ്‍സില്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊക്കെ മത്സരിക്കാമെന്ന കാര്യത്തില്‍ ഔദ്യോദികമായി അന്തിമ തീരുമാനമെടുക്കുന്നത് ഗാര്‍ഡിയന്‍ കൗണ്‍സിലാണ്.

രണ്ടു പ്രധാന വ്യക്തികളാണ് ഇത്തവണ കൊല്ലപ്പെട്ട ഇബ്രാഹിം റൈസിയുടെ പിന്‍ഗാമിയാകാന്‍ മത്സരിക്കുകയെന്ന് ആദ്യമേ വിലയിരുത്തലുകളുണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദും, മുന്‍ ടെഹ്റാന്‍ മേയര്‍ മുഹമ്മദ് ബഗര്‍ ഗാലിബാഫുമായിരുന്നു ഏറ്റുമുട്ടാന്‍ സാധ്യത ഉണ്ടായിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കൗണ്‍സില്‍ ഒരിക്കല്‍ കൂടി നെജാദാനെ വിലക്കിയിരിക്കുകയാണ്. അതേസമയം രാജ്യത്തെ അര്‍ദ്ധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡുകളുമായി അടുത്ത ബന്ധമുള്ള മുന്‍ ടെഹ്റാന്‍ മേയര്‍ മുഹമ്മദ് ബഗര്‍ ഗാലിബാഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കൗണ്‍സിലിന് എതിരഭിപ്രായമില്ല.  iran president election

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ലമെന്റ് സ്പീക്കറെയും മറ്റ് അഞ്ച് സ്ഥാനാര്‍ത്ഥികളെയുമാണ് ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചിരിക്കുന്നത്. കൗണ്‍സിലിന്റെ തീരുമാനം റൈസിക്ക് പകരക്കാരനെ കണ്ടെത്താനുള്ള രണ്ടാഴ്ച മാത്രം നീളുന്ന അതിവേഗ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ അടുത്ത അനുയായിയായിരുന്നു റൈസി. റൈസി ഖമേനിയുടെ പിന്‍ഗാമിയാകുമെന്ന് കരുതിയിരിക്കേയാണ് അപ്രതീക്ഷിത മരണം. കൗണ്‍സില്‍ അംഗീകരിച്ച സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്, ആത്യന്തികമായി ഖമേനിയുടെ മേല്‍നോട്ടത്തിലുള്ള പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും പാനലായിരിക്കും നടത്തുക. രാജ്യത്തിന്റെ ഭരണത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സ്ത്രീകളെയോ വ്യക്തികളെയോ സ്ഥാനാര്‍ത്ഥികളാക്കാന്‍ അനുവദിക്കാത്ത ചരിത്രമാണ് ഗാര്‍ഡിയന്‍ കൗണ്‍സിലിനുള്ളത്.

മഹമ്മൂദ് അഹമ്മദി നെജാദിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന കൗണ്‍സിലിന്റെ അനുഭാവം പരോക്ഷത്തില്‍ 62 കാരനായ ഗാലിബാഫിനോടാണ്. മതപരമായ കാഴ്ചപ്പാടുകളിലൂന്നി ഇറാന്റെ ഭരണം നടത്താന്‍ റൈസിക്ക് ശേഷം യോഗ്യനായ വ്യക്തി അദ്ദേഹമാണെന്ന വിലയിരുത്തല്‍ കൗണ്‍സിലിനുണ്ടെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച്ച, ഖമേനി നടത്തിയ ഒരു പ്രസംഗത്തില്‍ ഗാലിബാഫിനെ പരാമര്‍ശിച്ചിരുന്നു. പരമോന്നത നേതാവ് ഗാലിബാഫിനെ പിന്തുണയ്ക്കുന്നുവെന്ന് സൂചനയായി ഇതിനെ വിലയിരുത്തുന്നവരും കുറവല്ല. ഗാലിബാഫിന് അനുകൂലമായും നെജാദിന് പ്രതികൂലമായും കാറ്റ് വീശുന്നതിന് പിന്നില്‍ ഇരുവരുടെയും മുന്‍കാല ഭരണകാലയളവിനെ വിലയിരുത്തിയാണെന്ന അഭിപ്രായം ശക്തമാണ്.

ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഗാലിബാഫിന്റെ പങ്കാളിത്തം പലപ്പോഴും ഉയര്‍ന്നു കേട്ടിട്ടുണ്ട്. 2022-ല്‍ മഹ്സ അമിനിയെന്ന യുവതി മതഭരണകൂടത്തിന്റെ ക്രൂരതയാല്‍ കൊല്ലപ്പെട്ടിരുന്നു. ശിരോവസ്ത്രം ധരിച്ചില്ലെന്ന പേരില്‍ മാത്രം പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ ക്ഷുഭിതരായ ജനം തെരുവിലിറങ്ങുകയായിരുന്നു. ഈ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഗാലിബാഫ് മുന്‍പന്തിയിലുണ്ടിയിരുന്നു എന്നാണു വിമര്‍ശകര്‍ പറയുന്നത്. ഇതുകൂടാതെ ഗാലിബാഫ്, മുന്‍ ഗാര്‍ഡ്സ് ജനറല്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്; 1999-ല്‍ ഇറാനിയന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കെതിരായ അക്രമാസക്തമായ അടിച്ചമര്‍ത്തലിനും നേതൃത്വം നല്‍കിയിരുന്നു. 2003-ല്‍ രാജ്യത്തിന്റെ പോലീസ് മേധാവിയായിരിക്കെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വെടിയുതിര്‍ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇറാന്റെ മത പാരമ്പര്യത്തിലൂന്നിയ ഭരണത്തിന് അദ്ദേഹം മുതല്‍ കൂട്ടാവുമെന്ന കൗണ്‍സിലിന്റെ ചിന്തകള്‍ക്ക് വഴി വച്ചത് ഈ പ്രവര്‍ത്തനങ്ങളാണ്. 2005-ലും 2013-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാലിബാഫ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹം പിന്മാറുകയാണുണ്ടായത്. എല്ലാ പ്രധാന എതിരാളികളും അയോഗ്യരാക്കിയാണ് 2021 ല്‍ റൈസി അധികാരത്തിലെത്തുന്നത്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പായിരുന്നു അത്.

കടുത്ത യാഥാസ്ഥിതികന്‍, കാത്തിരുന്നത് പരമോന്നത പദവി; ആരായിരുന്നു ഇബ്രാഹിം റൈസി?

ജനാധിപത്യത്തെ അട്ടിമറിച്ച് ഇറാനില്‍ അധികാരം പിടിച്ചെടുത്ത ഇസ്ലാമിക വിപ്ലവത്തിന്റെ ആരാധാകനും അനുയായിയുമായിരുന്നു മുന്‍ പ്രസിന്റ് റൈസിയും. പൂര്‍ണമായും മതവാദിയായിരുന്നു റൈസി. രാഷ്ട്രീയ തടവുകാരെ കൂട്ട വധശിക്ഷയ്ക്കു വിധിച്ച ന്യായിധിപ സംഘത്തില്‍ റൈസിയുമുണ്ടായിരുന്നുവെന്നാണ് ആരോപണം. അദ്ദേഹമത് നിഷേധിച്ചിരുന്നുവെങ്കിലും മരിച്ചശേഷവും റൈസിക്കുമേല്‍ ആ ആരോപണം തങ്ങിനില്‍ക്കുകയാണ്. റൈസിയുടെ ഭരണകാലത്ത് ഇറാന്‍ വലിയ ആഭ്യന്തര പ്രതിഷേധങ്ങളാണ് നേരിട്ടുകൊണ്ടിരുന്നത്. അതിപ്പോഴും തുടരുന്നുണ്ട്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് യാതൊരുവിധ മനുഷ്യാവകാശ സമീപനവും നടത്താതിരുന്ന രാഷ്ട്രത്തലവനായിരുന്നു റൈസി. ഇനിയവരുന്നയാളും അതേ പാതയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ ഇറാന്‍ കൂടുതല്‍ അരാജകത്വത്തിലേക്ക് പോകും.  iran president election

ഇറാനില്‍ നടന്ന കൂട്ടക്കൊലകളെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച പ്രസിഡന്റായിരുന്നു അഹമ്മദി നെജാദ്. നെജാദ് തന്റെ കാലാവധിയുടെ അവസാനത്തില്‍ ഖമേനിയുടെ കടുത്ത മതപരമായ നിലപാടുകളെയും വെല്ലുവിളിച്ചിരുന്നു. എന്നാല്‍ 2009-ലെ ഹരിത പ്രസ്ഥാനത്തിന്റെ പ്രതിഷേധത്തെ രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലിന്റെ പേരില്‍ അദ്ദേഹവും വിവാദത്തില്‍ പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അദ്ദേഹത്തെ പാനല്‍ അയോഗ്യനാക്കിയിരുന്നു.

രാജ്യത്തിനകത്തും നിന്നും പുറത്തു നിന്നും ഇറാന്‍ നേതൃത്വം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇസ്രയേലുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടങ്ങി കഴിഞ്ഞു. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യക്ക് നല്‍കി വരുന്ന പിന്തുണയെ ചൊല്ലി ഇറാനും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഹൂതികള്‍ക്കും ഹിസ്ബുള്ളിനും ആയുധവും അര്‍ത്ഥവും നല്‍കുന്നുവെന്ന ആരോപണം അമേരിക്ക ഉള്‍പ്പെടെയുള്ള ശത്രുത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ആണവ പദ്ധതികളുടെ പേരില്‍ യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ ഉപരോധം രാജ്യത്തെ സാമ്പത്തിക വെല്ലുവിളികളിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. ആണവായുധങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ യുറേനിയം സമ്പുഷ്ടമാക്കുന്നതിലേക്കാണ് ഇറാന്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിരോധ കാര്യങ്ങളിലെല്ലാം പരമോന്നത നേതാവായ ഖമേനിയുടെ അന്തിമ തീരുമാനമാണ് നടക്കുക. പ്രസിഡന്റുമാര്‍ ഒന്നുകില്‍ പാശ്ചാത്യ രാജ്യങ്ങളുമായി സൗഹൃദത്തിലാവുകയോ, ശത്രുത പുലര്‍ത്തുകയോ ആണ് ഇതുവരെ കണ്ടു വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ മതനേതൃത്വത്തിന് സ്വീകര്യനായൊരാളെ തന്നെയായിരിക്കും ആ സ്ഥാനത്തേക്ക് കൊണ്ടു വരിക.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കുറഞ്ഞ പോളിംഗ് കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടതെങ്കിലും ഇത്തവണ ഉയര്‍ന്ന തോതിലുള്ള ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. മറുവശത്ത് ഇറാന്റെ ആണവ പദ്ധതി അതിവേഗം പുരോഗമിക്കുന്നതും ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ അസ്വസ്ഥകള്‍ പെരുകി വരുന്നതും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ മുമ്പെങ്ങുമില്ലാത്തവിധം നിര്‍ണായകമാക്കുന്നുണ്ട്.

×