UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് വിദൂരമായി നിയന്ത്രിക്കുന്ന ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇനി മരുന്നു നല്‍കാം

സന്ധിവാതം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് ഈ കണ്ടുപിടുത്തം ഏറെ പ്രയോജനകരമാകും.

                       

ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് വിദൂരമായി നിയന്ത്രിക്കുന്ന ഒരു നാനോ ചാനല്‍ ഡെലിവറി സിസ്റ്റം (എന്‍ഡിഎസ്) വഴി വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് കൃത്യമായി മരുന്ന് നല്‍കാനാകുമെന്ന് ഗവേഷകര്‍. പമ്പുകള്‍, വാല്‍വുകള്‍, വൈദ്യുതി എന്നിവയൊന്നും ഉപയോഗിക്കാതെ ഒരു വര്‍ഷം വരെ ആവശ്യാനുസരണം മരുന്ന് നല്‍കാമെന്നതാണ് എന്‍ഡിഎസി-ന്റെ പ്രത്യേകത.

സന്ധിവാതം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് ഈ കണ്ടുപിടുത്തം ഏറെ പ്രയോജനകരമാകും. യുഎസിലെ ഹ്യൂസ്റ്റണ്‍ മെത്തഡിസ്റ്റ് ഹോസ്പിറ്റലിലെ ഗവേഷകരാണ് എന്‍ഡിഎസ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. മുന്‍കൂട്ടി നിശ്ചയിച്ച മരുന്നുകള്‍ കൃത്യസമയത്ത് തടസ്സംകൂടാതെ നല്‍കാമെന്നതും, വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും നിയന്ത്രിക്കാം എന്നതുമാണ് പ്രത്യേകത. ഈ സാങ്കേതികവിദ്യ അടുത്ത വര്‍ഷം ബഹിരാകാശത്ത് പരീക്ഷിക്കും.

‘ലാബ് ഓണ്‍ എ ചിപ്പ്’ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ എന്‍ഡിഎസിനെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. ഓരോ ദിവസവും നിര്‍ദ്ദിഷ്ട സമയങ്ങളില്‍ രോഗിയുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത അളവുകളില്‍ മരുന്നുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്. ടെലിമെഡിസിന്‍ സാങ്കേതികവിദ്യ വഴി വിദൂരതിയില്‍ ഇരുന്നുപോലും രോഗികളെ ചികിത്സിക്കുന്ന ഒരു കാലം വരുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

Read More : പാരിസ്ഥിതിക മലിനീകരണം നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിന് കാരണമാവുമെന്ന് പഠനം

Share on

മറ്റുവാര്‍ത്തകള്‍