3-12 പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍; പരീക്ഷണത്തിനുള്ള നടപടി തുടങ്ങിയതായി സൈഡസ് കാഡില 

 
Zycov D

 
സൈകോവ് ഡി വാക്‌സിന്‍ 3-12 പ്രായക്കാരില്‍ പരീക്ഷണത്തിനുള്ള നടപടി തുടങ്ങിയെന്ന് നിര്‍മാതാക്കളായ സൈഡസ് കാഡില. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ അനുമതിക്കായി ഉടന്‍ അപേക്ഷിക്കുമെന്നും കമ്പനി അറിയിച്ചു. 

രാജ്യത്ത് 12 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിന് അടിയന്തര അനുമതി ലഭിച്ച വാക്‌സിനാണ് സൈകോവ് ഡി. അടുത്ത മാസത്തോടെ വാക്‌സിന്‍ വിപണിയിലെത്തുമെന്നാണ് സൈഡസ് ഗ്രൂപ്പ് എംഡി ഡോ. ഷര്‍വില്‍ പട്ടേല്‍ അറിയിച്ചത്. വാക്‌സിന്‍ വില നിശ്ചയിച്ചിട്ടില്ല. അടുത്ത ആഴ്ചയോടെ വില പ്രഖ്യാപിക്കും. ഒക്ടോബറോടെ മാസം തോറും ഒരു കോടി ഡോസുകള്‍ നിര്‍മിക്കുമെന്നും കമ്പനി അറിയിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ 'മിഷന്‍ കോവിഡ് സുരക്ഷ'ക്കു കീഴില്‍ ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായുള്ള പങ്കാളിത്തത്തിലാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 66 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. മൂന്ന് ഡോസുകള്‍ എടുക്കണം. 28 ദിവസമാണ് കുത്തിവെപ്പുകളുടെ ഇടവേള. ഫാര്‍മജെറ്റ് എന്ന ഇന്‍ജക്ടിങ് ഗണ്‍ കുത്തിവെയ്ക്കുംപോലെ അമര്‍ത്തുമ്പോള്‍ വാക്‌സിന്‍ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവെപ്പല്ലാതെ നല്‍കുന്ന നീഡില്‍ ഫ്രീ വാക്‌സീന്‍ ആണ് സൈക്കോവ് -ഡി.