രാജ്യത്ത് രണ്ട് ഡോസും സ്വീകരിച്ചവര്‍ 30 ശതമാനത്തില്‍ താഴെ; നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത ആവശ്യം

 
India Covid Cases

കോവിഡിനെതിരെ ഒരു 'സുരക്ഷാകവചം' സജ്ജമായിട്ടില്ലെന്ന് വിദഗ്ധര്‍

കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞതോടെ, രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളും സ്‌കൂളുകളും കോളേജുകളും തുറന്നു. പൊതുയിടങ്ങളും സ്ഥാപനങ്ങളും കൂടുതല്‍ സജീവമായി തുടങ്ങുകയാണ്. മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കെ, നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് രാജ്യം വീണ്ടും തുറക്കുമ്പോഴും, കോവിഡിനെതിരെ ഒരു 'സുരക്ഷാകവചം' സജ്ജമായിട്ടില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. 

രാജ്യത്തെ ജനസംഖ്യയില്‍ 30 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുള്ളത്. 71 ശതമാനത്തോളം പേര്‍ ഒറ്റ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, 18 വയസില്‍ താഴെയുള്ള, രാജ്യത്തെ 30 ശതമാനം പേര്‍ ഇപ്പോഴും വാക്‌സിനേഷന് യോഗ്യരല്ല. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമുള്ള വാക്‌സിന്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തില്‍ മാത്രമാണ്. നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കിക്കൊണ്ട് രാജ്യം കൂടുതല്‍ തുറന്നിടുമ്പോള്‍, കോവിഡിനെതിരെ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. 

കോവിഡ് പ്രതിരോധത്തിന് ഒരു 'സുരക്ഷാകവചം' ആവശ്യമാണെന്നാണ് മുതിര്‍ന്ന വൈറോളജിസ്റ്റായ ഡോ. ഡബ്ല്യു ഇയാന്‍ ലിപ്കിന്‍ പറയുന്നു. ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചവര്‍ ചെറിയ ശതമാനമാണ്. വലിയ ശതമാനം ആളുകള്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പാക്കണം. അത്തരത്തിലാണ് കോവിഡിനെതിരെ സുരക്ഷാകവചം ഒരുക്കേണ്ടത്. ഗുരുതരമായ രോഗങ്ങള്‍ തടയുക മാത്രമല്ല, അവയുടെ ദ്രുത വ്യാപനം തടയുന്നതിനാവശ്യമാ പ്രതിരോധ കുത്തിവെപ്പുകളും വികസിപ്പിച്ചെടുക്കണം. പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. രോഗബാധിതനായ ആളെ കണ്ടെത്താനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയണം. വസൂരി തുടച്ചുനീക്കുന്നതില്‍ വിജയിച്ച, റിംഗ് വാക്‌സിനേഷന്‍ തന്ത്രം ഇന്ത്യക്ക് നടപ്പാക്കാനാകും- ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.