കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമുണ്ടോ? കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി

 
Kerala Vaccination

രണ്ട് ഡോസും എടുത്തവരില്‍ 95 ശതമാനത്തിലധികം ആന്റിബോഡി സാന്നിധ്യം 

രാജ്യത്ത് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന റിപ്പോര്‍ട്ടുകളില്‍ മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരം ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. വാക്‌സിന്‍ രണ്ട് ഡോസും എടുത്തവരില്‍ 95 ശതമാനത്തിലധികം ആന്റിബോഡികള്‍ ഒരു വര്‍ഷത്തോളം നിലനില്‍ക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ബൂസ്റ്റര്‍ ഡോസ് ഇപ്പോള്‍ നല്‍കേണ്ട സാഹചര്യമില്ല. എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ഉറപ്പാക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബംഗളൂരു ഉള്‍പ്പെടെ ഇന്ത്യയിലെ പലയിടങ്ങളിലും പഠനങ്ങള്‍ നടന്നിരുന്നു. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരില്‍ 95 ശതമാനത്തിലധികം ആന്റിബോഡി ഒരു വര്‍ഷത്തോളം നിലനില്‍ക്കുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍, ബൂസ്റ്റര്‍ ഡോസിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിനും സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉറപ്പാക്കുന്നതിനുമാണ് ഇപ്പോഴുള്ള പ്രഥമ പരിഗണന. അതാണ് നമ്മുടെ അജണ്ട. അതാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതോടൊപ്പം ബൂസ്റ്ററും നല്‍കാനാണ് നീക്കമെന്നും ഇക്കാര്യത്തില്‍ ദേശീയ സാങ്കേതിക ഉപദേശക ബോര്‍ഡ് ഉടന്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യത്തിലാണ് ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.  

അതേസമയം, രാജ്യത്ത് ഇതുവരെ 89 കോടി (89,02,08,007) ആളുകള്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കിയത്. പ്രായപൂര്‍ത്തിയായവരില്‍ 69 ശതമാനം പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 46 ശതമാനം മാത്രമാണ്. പ്രായപൂര്‍ത്തിയായവരില്‍ 25 ശതമാനത്തിനേ ഇതുവരെ രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുള്ളൂ.