'മുതിര്‍ന്നവരിലുള്ള അതേ അളവില്‍ കുട്ടികളിലും ആന്റിബോഡി; സ്‌കൂളുകള്‍വഴി കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്'

 
soumya swaminathan

സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ പഠനശേഷി കുറഞ്ഞു

മുതിര്‍ന്നവരിലുള്ള അതേ ശതമാനം ആന്റിബോഡി എക്‌സ്‌പോഷര്‍ കുട്ടികളിലുമുണ്ടെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യാ സ്വാമിനാഥന്‍. സ്‌കൂളുകള്‍വഴി കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണ്. സ്‌കൂളുകള്‍ തുറക്കാത്തത് വിദ്യാര്‍ഥികളുടെ പഠനശേഷിയെ ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ 'ഓരോ കുട്ടിയും ഒരു ശാസ്ത്രജ്ഞന്‍' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സൗമ്യാ സ്വാമിനാഥന്‍.

കുട്ടികള്‍ക്ക് വൈറസ് ബാധിക്കുമെന്ന് പറഞ്ഞാണ് നാം സ്‌കൂളുകള്‍ അടച്ചിട്ടത്. എന്നാല്‍, അവര്‍ക്ക് മറ്റു മാര്‍ഗങ്ങളിലൂടെ വൈറസ് ബാധിക്കുന്നുണ്ട്. കുട്ടികള്‍ മാളുകളില്‍ പോകുകയും പുറത്തിറങ്ങി കളിക്കുകയും ഉള്‍പ്പെടെ ചെയ്യുന്നുണ്ട്. അത്തരത്തില്‍ വൈറസിന്റെ സമൂഹവ്യാപനം കുട്ടികളെയും ദോഷമായി ബാധിക്കുന്നുണ്ട്. അതേസമയം, സ്‌കൂളുകള്‍ വഴി വൈറസ് ബാധിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ്. യുണിസെഫും ലോകാരോഗ്യ സംഘടനയും ഉള്‍പ്പെടെ സംഘടനകള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ വിദ്യാര്‍ഥികളുടെ പഠനശേഷി കുറഞ്ഞിട്ടുണ്ടെന്നും ഡോ. സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു. കോവിഡ് കാലത്ത് സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയതില്‍ അവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാകാത്ത ഗ്രാമീണമേഖലകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മറ്റുമാര്‍ഗങ്ങളില്‍ ക്ലാസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. എല്ലാവരും രണ്ടുഡോസ് വാക്‌സിന്‍ എടുക്കുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.