കോവിഡ്: ആഗോള മരണസംഖ്യ നാം വിചാരിച്ചതിനേക്കാള്‍ ദശലക്ഷക്കണക്കിന് അധികമായിരിക്കുമോ? 

 
Covid Death

പരിശോധനാ നിരക്കിനെ മാത്രം ആശ്രയിച്ചാണ് മരണനിരക്ക് കണക്കാക്കുന്നത്


കഴിഞ്ഞ ഒന്നര വര്‍ഷമായി, ടെല്‍ അവീവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇരുന്നുകൊണ്ട്, കോവിഡ് മൂലമുള്ള യഥാര്‍ത്ഥ മരണസംഖ്യ കണ്ടെത്താനുള്ള വിവരശേഖരണത്തിനായി വെബ്‌സൈറ്റുകളില്‍ തിരച്ചിലിലായിരുന്നു ഏരിയല്‍ കാര്‍ലിന്‍സ്‌കി. ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ സമ്പത്തികശാസ്ത്ര വിദ്യാര്‍ഥിയായ ആ 31കാരന്‍, ഇതിനുമുമ്പ് ഇത്തരത്തില്‍ ഏതെങ്കിലും ആരോഗ്യകാര്യങ്ങളെക്കുറിച്ച് പഠിക്കുകയോ, അതിനായി പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, മഹാമാരിയുടെ തുടക്കക്കാലത്ത്, ഇസ്രായേലില്‍ കോവിഡ് മരണം പ്രതീക്ഷിച്ചതിനേക്കാള്‍ വര്‍ധിച്ചില്ലെന്നും അതിനാല്‍ കോവിഡ് അത്രത്തോളം ഗുരുതരമായിരുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ കാര്‍ലിന്‍സ്‌കി അസ്വസ്ഥനായിരുന്നു. അത് ശരിയായിരുന്നില്ല. അധിക മരണം സംഭവിച്ചിരുന്നു, അത് പ്രകടവുമായിരുന്നു --അദ്ദേഹം പറയുന്നു. കൃത്യമായ കണക്കുകള്‍ നിരത്തിയായിരുന്നു കാര്‍ലിന്‍സ്‌കിയുടെ ഇക്കാര്യം പറഞ്ഞത്. ഇസ്രായേലിലെ സമഗ്രമായ കോവിഡ് രജിസ്‌ട്രേഷന്‍ സംവിധാനം അതിന് അദ്ദേഹത്തിന് സഹായകമായിരുന്നു. 

അതേസമയം, മറ്റുതരത്തിലുള്ള ഊഹാപോഹങ്ങള്‍ തുടര്‍ന്നു. റഷ്യയെ പോലെ, നിയന്ത്രണ-പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതോ ഏറ്റവും കുറഞ്ഞ തോതിലുള്ളതോ ആയ രാജ്യങ്ങളില്‍ കാര്യമായ മരണനിരക്ക് ഉണ്ടായില്ല, എന്നതായിരുന്നു അത്. എന്നാല്‍ അതും ശരിയായിരുന്നില്ല. എന്നാല്‍, ഇവയുടെ സത്യാവസ്ഥ കണ്ടെത്താനുള്ള രേഖകള്‍ കണ്ടെത്തുക പ്രയാസകരമായിരുന്നു. പല രാജ്യങ്ങളിലെയും സ്ഥിതി സമാനമാണെന്ന് കാര്‍ലിന്‍സ്‌കി തിരിച്ചറിഞ്ഞു. സാധാരണഗതിയില്‍ അധിക മരണനിരക്കിനെക്കുറിച്ചുള്ള രേഖകള്‍ ശേഖരിക്കുന്നവര്‍ പോലും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കഴിയാതെ അവ പ്രസിദ്ധീകരിച്ചിരുന്നില്ല. അതായത് മഹാമാരിയുടെ വ്യാപ്തിയെയും അതിന്റെ വളര്‍ച്ചയെയും കുറിച്ചുള്ള സെന്‍സിറ്റീവായ സൂചകങ്ങളെക്കുറിച്ച് അവര്‍ക്ക് അറിയില്ലായിരുന്നു. പല രാജ്യങ്ങള്‍ക്കും പരമാവധി തത്സമയ വിവരങ്ങള്‍ ശേഖരിക്കുകയെന്നത് ഒരു വെല്ലുവിളിയായി മാറി.   

ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്കിടെ കാര്‍ലിന്‍സ്‌കി മറ്റൊരു ഗവേഷകനെ ട്വറ്ററില്‍ കണ്ടുമുട്ടി. ജര്‍മ്മനിയിലെ ട്യുംബിന്‍ജെന്‍ സര്‍വകലാശാലയിലെ ഡാറ്റ സയന്റിസ്റ്റായ ദിമിത്രി കൊബാക്ക് ആയിരുന്നു അത്. കാര്‍ലിന്‍സ്‌കിയുടെ സംശയങ്ങളും ചിന്തകളും തന്നെയായിരുന്നു കൊബാക്കിനും ഉണ്ടായിരുന്നത്. അതോടെ, ഇക്കാര്യത്തില്‍ പരസ്പരം സഹകരിക്കാന്‍ ഇരുവരും തീരുമാനിച്ചു. കാര്‍ലിന്‍സ്‌കി മരണസംഖ്യ കണ്ടെത്താനും കൊബാക്ക് വിശകലനങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിന്റെ ഫലമാണ് വേള്‍ഡ് മോര്‍ട്ടാലിറ്റി ഡാറ്റാസെറ്റ്. ഇക്കണോമിസ്റ്റ്, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നിവര്‍ പ്രസിദ്ധീകരിച്ച കോവിഡ് മരണനിരക്കിന്റെ അടിസ്ഥാനത്തിലായിരുന്നു കണക്കുകള്‍ കണ്ടെത്തിയത്. ആഗോള കോവിഡ് മരണം 4.8 മില്യണ്‍ ആണെന്ന ഔദ്യോഗിക കണക്കുകള്‍ തെറ്റാണെന്ന് അത് വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്, ആകെ കോവിഡ് മരണം 16 മില്യണിനോട് അടുത്തായിരിക്കുമെന്നാണ് ഇക്കണോമിസ്റ്റ് പറയുന്നത്. 

പൊതുജനാരോഗ്യ ദുരന്തങ്ങളുടെ ആഘാതത്തെക്കുറിച്ച് പഠിക്കുന്നവര്‍ ഇരുവരുടെയും ശ്രമത്തെ അഭിനന്ദിച്ചു. വാക്‌സിന്‍ വികസനത്തിനും രോഗകാരി വാക്‌സിന്റെ സീക്വന്‍സിംഗിനും സമാന്തരമായുള്ളൊരു ഡാറ്റ വിപ്ലവം എന്നായിരുന്നു ഡെന്‍മാര്‍ക്കിലെ റോസ്‌കില്‍ഡ് സര്‍വകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റുകളായ ലോണ്‍ സൈമണ്‍സണും യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ സെസില്‍ വിബൗഡും എഴുതിയത്.

ഒരു മഹാമാരി മൂലമുള്ള മരണസംഖ്യയെ വിവിധ രീതിയില്‍ അളക്കാന്‍ കഴിയും. അവയ്ക്ക് നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. ദേശീയ തലത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നാണ് ഔദ്യോഗിക കണക്കുകള്‍ ഉണ്ടാകുന്നത്. ഇത് എല്ലായ്‌പ്പോഴും പരിശോധനാ നിരക്കിനെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ അവ പലപ്പോഴും കുറഞ്ഞിരിക്കും. വലിയ കൂട്ടം രാജ്യങ്ങളിലെയും കോവിഡ് മരണസംഖ്യ വിശ്വസനീയമല്ല. ഇക്കണോമിസ്റ്റിന്റെ മഹാമാരി ട്രാക്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡാറ്റാ ജേണലിസ്റ്റ് സോന്ദ്രെ ഉല്‍വുന്ദ് പറയുന്നു. അധിക മരണ നിരക്ക് ഒരിക്കലും പരിശോധനാ നിരക്കിനെ ആശ്രയിക്കുന്നില്ല. ചരിത്രപരമായ പ്രവണതകളെ അടിസ്ഥാനമാക്കിയുള്ള തലത്തില്‍നിന്നും എല്ലാ കാരണങ്ങള്‍കൊണ്ടും മരണത്തിലുള്ള വര്‍ധനയാണ് അധിക മരണനിരക്ക്. പരിശോധനയെ അടിസ്ഥാനമാക്കി മരണനിരക്ക് കണ്ടെത്തുക എന്നത് പഴയൊരു സംവിധാനം മാത്രമാണ്. സംശയാസ്പദമായ സാഹചര്യത്തില്‍പ്പോലും കൃത്യമായ പരിശോധന നടത്താത്ത സാഹചര്യത്തില്‍ അത്  കൃത്യമാകണമെന്നുമില്ല. 

മഹാമാരിക്കാലത്ത്, നിലവിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ സാങ്കേതികവിദ്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കാര്‍ലിന്‍സ്‌കിയും കൊബാക്കും ഔദ്യോഗിക കണക്കുകളിലെ വിടവുകള്‍ നികത്താന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇരുവരുടെയും പ്രധാന നേട്ടം. എന്നാല്‍, ഈ അധിക മരണക്കണക്ക് ഒരു സമ്മിശ്ര വിവര ശേഖരമാണ് എന്നതാണ് പ്രധാന പോരായ്മ. കോവിഡ് മരണങ്ങള്‍ മാത്രമല്ല, മഹാമാരിയുമായി പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്ന മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതായത്, ലോക്ഡൗണ്‍ കാലത്ത് യഥാസമയം ചികിത്സ ലഭിക്കാതിരുന്ന കാന്‍സര്‍ രോഗികള്‍, ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ എന്നിങ്ങനെയുള്ളവയെക്കുറിച്ച് പ്രത്യേകമായി ഇതില്‍ പറയുന്നില്ല. എന്നാല്‍, അധിക മരണനിരക്കിന്റെയും ലോക്ഡൗണിന്റെയും കാലയളവ് വിലയിരുത്തിക്കൊണ്ട്, ഈ അധിക മരണനിരക്കെല്ലാം കോവിഡില്‍ നിന്നുള്ള മരണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഇരുവരും വ്യക്തമാക്കുന്നു. 

വേള്‍ഡ് മോര്‍ട്ടാലിറ്റി ഡാറ്റാസെറ്റില്‍ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഏറെക്കുറെ ലഭ്യമല്ലാത്തത്. അതാകട്ടെ, ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നതും കോവിഡ് സാരമായി ബാധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്ന രാജ്യങ്ങളാണ്. ഉദാഹരണത്തിന്, ഇന്ത്യ സുപ്രധാന ദേശീയ വിവരങ്ങള്‍ പതിവായി പുറത്തുവിടാറില്ല. അതിനാല്‍, ഇന്ത്യയിലെ കോവിഡ് മരണം 40 ലക്ഷത്തോളം എത്തിയിട്ടുണ്ടാകാമെന്നാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 

മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇത് സംഭവിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. കോവിഡ് രൂക്ഷ വ്യാപനത്തിന്റെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറഞ്ഞുനിന്ന ഇറ്റലി, സ്‌പെയിന്‍, യുകെ പോലുള്ള രാജ്യങ്ങളെ അത്രത്തോളം രോഗം ബാധിച്ചില്ലെന്നാണ് പുതിയ ഡാറ്റസെറ്റ് കാണിക്കുന്നത്. അതേസമയം, മറ്റു രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ അധികം രോഗബാധയും മരണവും ഉണ്ടായിട്ടുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു. ദേശീയ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണ കണക്കുകളുടെ 1.4 ഇരട്ടിയെങ്കിലും ആയിരിക്കും യഥാര്‍ത്ഥ കോവിഡ് മരണം. ശരാശരി കണക്കിലെടുത്താല്‍, ആഗോളതലത്തില്‍ 6.7 ദശലക്ഷം മരണങ്ങളെങ്കിലും അധികം സംഭവിച്ചിരിക്കാമെന്നും ഇരുവരും പറയുന്നു.