കോവാക്‌സിന് അംഗീകാരമുണ്ടോ? തീരുമാനം ഒക്‌ടോബറില്‍ അറിയിക്കുമെന്ന് ലോകാരോഗ്യ സംഘടന

 
vaccine

ഭാരത് ബയോടെക് നിര്‍മ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിനെ അടിയന്തിര ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒക്‌ടോബറില്‍ തീരുമാനം പറയുമെന്ന്‌ ലോകാരോഗ്യ സംഘടന അറിയിച്ചു.. അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലില്‍ ഭാരത് ബയോടെക് അപേക്ഷ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍  വാക്‌സിന്‍ പരീക്ഷണത്തിന്റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങള്‍ പരിശോധിച്ച ശേഷമാകും തീരുമാനമെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്. 

വാക്‌സിന്‍ അംഗീകാരത്തിനായി ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയെന്ന് ഭാരത് ബയോടെക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനിടയില്‍ സാങ്കേതിക വിഷയങ്ങളില്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ തേടിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ അന്താരാഷ്ട്ര യാത്രകള്‍ അനുവദിക്കുന്ന പശ്ചാത്തലത്തില്‍ കോവാക്‌സിന്
അംഗീകാരം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

കോവാക്‌സിന്‍ സ്വീകരിച്ചവരെ 'അണ്‍ വാക്‌സിനേറ്റഡ്' ഗണത്തിലാണ് കണക്കാക്കുന്നത്. വിദേശയാത്രകള്‍ക്ക് ഇത് തടസമാകുന്നു.
ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചാല്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്കുള്ള തടസം നീങ്ങും.
ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സിനോഫാം, ഓക്‌സ്‌ഫെഡ്-ആസ്ട്രസെനിക്ക തുടങ്ങിയ വാക്‌സിനുകള്‍ക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്.

പരിശോധനയ്ക്കായി സമര്‍പ്പിച്ച വാക്‌സിന്‍ ലിസ്റ്റിംഗിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കണ്ടെത്തിയാല്‍, ലോകാരോഗ്യ സംഘടന ഫലങ്ങള്‍ വ്യാപകമായി പ്രസിദ്ധീകരിക്കും. അടിയന്തിര ഉപയോഗത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുന്നത് കാലാവധി, വാക്‌സിന്‍ നിര്‍മ്മാതാവ് സമര്‍പ്പിച്ച ഡാറ്റയുടെ ഗുണനിലവാരത്തെയും ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡാറ്റയെയും ആശ്രയിച്ചിരിക്കുന്നു, ഏജന്‍സി പറയുന്നു.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ കോവാക്‌സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വാക്‌സിന്‍ യജ്ഞത്തിന്റെ ഭാഗമായി ജനുവരി മുതല്‍ കോവിഷീല്‍ഡിനൊപ്പം കോവാക്‌സിനും രാജ്യത്ത് നല്‍കി വരുന്നുണ്ട്. ഇന്ത്യയെ കൂടാതെ നിലവില്‍ എട്ട് രാജ്യങ്ങള്‍ കോവാക്‌സിന് അനുമതി നല്‍കിയത്. ഇറാന്‍, ഗയാന, മൗറീഷ്യസ്, മെക്‌സിക്കോ, നേപ്പാള്‍, പാരഗ്വായ്, ഫിലിപൈന്‍സ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളാണ് കോവാക്‌സിന്‍ അംഗീകരിച്ച മറ്റ് രാജ്യങ്ങള്‍.