'എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ല; കോവിഡ് ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുന്നു'

 
Corona Virus

അവികസിത രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുകയെന്നതാണ് നേരിടേണ്ട വലിയ വെല്ലുവിളി 

കൊറോണ വൈറസ് ലോകമെങ്ങും ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം ദരിദ്ര്യ രാജ്യങ്ങളിലും വാക്‌സിന്‍ ലഭ്യത ഉറപ്പാക്കിയില്ലെങ്കില്‍ മരണസംഖ്യ വര്‍ധിക്കാനും വൈറസിന്റെ പുതിയ വകഭേദത്തിനും അത് കാരണമാകും. ആഗോള തലത്തില്‍ കോവിഡ് വാക്‌സിന്‍ വിതരണം വിപുലപ്പെടുത്തുകയും വേഗത്തിലാക്കുകയും വേണം. എല്ലാവരും സുരക്ഷിതരാകുന്നതുവരെ ഒരാളും സുരക്ഷിതരല്ലെന്നും ഓക്‌സ്‌ഫോഡ് ആസ്ട്രാസെനക വാക്‌സിന്‍ വികസിപ്പിച്ചെടുത്ത പ്രൊഫസര്‍ ഡെയിം സാറാ ഗില്‍ബെര്‍ട്ട് പറഞ്ഞു. 

എപ്പോഴും പരിണമിച്ചുകൊണ്ടിരിക്കുന്ന വൈറസ് അനിയന്ത്രിതമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ ശൈത്യകാലത്ത് സാര്‍സ് കോവ് 2ന്റെ പുതിയ വകഭേദങ്ങള്‍ക്കുള്ള സാധ്യതയാണ് രാജ്യങ്ങള്‍ നേരിടുന്ന ഭീഷണി. എല്ലാവരും സുരക്ഷിതരാകുന്നതുവരെ ഒരാളും സുരക്ഷിതരല്ല. ബ്രിട്ടനെപോലെ, വലിയ വാക്‌സിനേഷന്‍ നടക്കുന്ന രാജ്യങ്ങള്‍ക്കുപോലും ആശങ്കപ്പെടുത്തുന്ന നാളെയെ നേരിടേണ്ടിവന്നേക്കാം -കോയലിഷന്‍ ഫോര്‍ എപിഡെമിക് പ്രിപ്പയര്‍ഡ്‌നെസ് ഇന്നോവേഷന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. റിച്ചാര്‍ഡ് ഹാച്ചറ്റിനൊപ്പം പ്രൊഫ. ഡെയിം സാറാ ഗില്‍ബെര്‍ട്ട് എഴുതിയ കത്തില്‍ പറയുന്നു. സയന്‍സ് ട്രാന്‍സ്‌ലേഷണല്‍ മെഡിസിനിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. 

വൈറസിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ പല രാജ്യങ്ങളിലും പ്രബലമായതോടെ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തിനെതിരെ ലോകം പൊരുതുന്നതിനിടെ, ലോകത്തിലെ ഏറ്റവും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഒന്നും രണ്ടും ഡോസ് ലഭ്യമാക്കിയാല്‍ അവരുടെ ജീവന്‍ രക്ഷിക്കാമെന്ന കാര്യം മറക്കരുത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിലൂടെ വൈറസിന്റെ കൂടുതല്‍ വകഭേദങ്ങളില്‍നിന്ന് കൂടി എല്ലാവരെയും സംരക്ഷിക്കാന്‍ സാധിക്കും. വാക്‌സിനേഷന്‍ ഉള്‍പ്പെടെ പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കി, വൈറസിന്റെ അപകടസാധ്യത നിയന്ത്രിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഓരോ രാജ്യത്തിന്റെയും ആവശ്യങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും അനുയോജ്യമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ടത് അനിവാര്യമാണ്. എന്നിരുന്നാലും, രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍, എത്രയും വേഗത്തില്‍ കഴിയുന്നത്ര ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. ആഗോളതലത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ വലിയ ശ്രമങ്ങള്‍ ആവശ്യമാണ്. സെപ്റ്റംബര്‍ ആദ്യം, ലോക ജനസംഖ്യയുടെ 41.5 ശതമാനത്തിന് ആദ്യ ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു. എന്നാല്‍, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് 1.9 ശതമാനമാണ്.

യുകെ ഉള്‍പ്പെടെ സമ്പന്ന രാജ്യങ്ങളില്‍, ബൂസ്റ്റര്‍ ഡോസ് നല്‍കാനും കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുമുള്ള ശ്രമങ്ങള്‍ ആഗോള വാക്‌സിന്‍ വിതരണത്തെ ബാധിക്കുമെന്ന് ഇരുവരും മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന വരുമാനമുള്ള പല രാജ്യങ്ങളിലും, 50 ശതമാനത്തിലധികം ജനങ്ങള്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് ആവശ്യമുണ്ടോ? എപ്പോഴാണ് എടുക്കേണ്ടത്? കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുമോ? എന്നിങ്ങനെ ചോദ്യങ്ങളാണ് ഇത്തരം രാജ്യങ്ങളില്‍നിന്ന് ഇപ്പോള്‍ ഉയരുന്നത്. ഇത്തരത്തില്‍ വാക്‌സിനേഷനില്‍ വലിയ പുരോഗതിയുള്ള രാജ്യങ്ങളില്‍, വാക്‌സിന്‍ ഉപയോഗം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നത് ആഗോളതലത്തിലുള്ള വാക്‌സിന്‍ വിതരണത്തില്‍ കൂടുതല്‍ സമ്മര്‍ദങ്ങള്‍ക്ക് സൃഷ്ടിച്ചേക്കും. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്കും മറ്റുള്ള രാജ്യങ്ങള്‍ക്കുമിടയില്‍ വാക്‌സിന്‍ ലഭ്യതയില്‍ അസമത്യം വര്‍ധിക്കാനും അത് കാരണമാകും. അവികസിത രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭ്യത ഉറപ്പാക്കുകയെന്നത് കോവിഡ് മഹാമാരിയുടെ അടുത്ത ഘട്ടത്തില്‍ നേരിടേണ്ട അടിയന്തര വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.